ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പ്രമുഖ രാഷ്ട്രീയ നേതാവും ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (JUI-F) തലവനുമായ മൗലാന ഫസ്ലുർ റഹ്‌മാൻ രംഗത്ത്. സൈനിക മേധാവിക്ക് രാഷ്ട്രീയത്തിൽ ഇടപെടാൻ താല്പര്യമുണ്ടെങ്കിൽ യൂണിഫോം അഴിച്ചു വെച്ച് സൈന്യത്തിൽ നിന്ന് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ താല്പര്യമുണ്ടെങ്കിൽ സൈനിക വേഷം ഉപേക്ഷിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റഹ്‌മാൻ മുനീറിനെ വെല്ലുവിളിച്ചു. 'യൂണിഫോമിട്ട ഒരാൾക്ക് എത്ര വോട്ട് ലഭിക്കുമെന്ന് അപ്പോൾ കാണാം' എന്ന് അദ്ദേഹം പരിഹസിച്ചു.

To advertise here,

രാജ്യം ആര് ഭരിക്കണം, ആര് ഭരണത്തിൽ നിന്ന് പുറത്തുപോകണം എന്ന് തീരുമാനിക്കുന്നത് സൈന്യത്തിന്റെ ജോലിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനേക്കാൾ ശക്തനായി സൈനിക മേധാവി മാറിയിരിക്കുകയാണെന്നും പ്രതിരോധ കാര്യങ്ങൾക്കപ്പുറം സിവിലിയൻ ഭരണത്തിൽ സൈന്യം അനാവശ്യമായി ഇടപെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ജനസംഖ്യാ വർദ്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഉന്നതതല സമിതിയിൽ അസിം മുനീറിനെ ഉൾപ്പെടുത്തിയ പാക് സർക്കാർ തീരുമാനമാണ് ഇത്തരമൊരു രൂക്ഷവിമർശനത്തിന് കാരണമായത്.

ഭീകരതയ്‌ക്കെതിരെ പോരാടാൻ സാധാരണ പൗരന്മാർ ആയുധമെടുക്കണമെന്ന നിർദ്ദേശത്തെയും റഹ്‌മാൻ എതിർത്തു. രാജ്യത്തിന്റെ സുരക്ഷ സൈന്യത്തിന്റെ ഉത്തരവാദിത്വമാണെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ശമ്പളം വാങ്ങുന്നത് അതിനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബലൂചിസ്ഥാനിലെ വലിയൊരു ഭാഗം നിലവിൽ പാകിസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്താണെന്നും അവിടുത്തെ പല മേഖലകളിലും ഗവൺമെന്റിന്റെ അധികാരം നിലനിൽക്കുന്നില്ലെന്നും റഹ്‌മാൻ അവകാശപ്പെട്ടു.