റാനിലെ ആണവ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ യു.എസ് ഉപയോഗിച്ചത് മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍. ആണവായുധമല്ലാത്ത ഏറ്റവും മാരകമായ ബോംബുകളിലൊന്നാണ് എം.ഒ.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍. ഭൂമിക്കടിയില്‍ ആഴത്തില്‍ കോണ്‍ക്രീറ്റുകളാലും പാറകളാലും സുരക്ഷിതമാക്കിയിട്ടുള്ള കേന്ദ്രങ്ങളെ നശിപ്പിക്കുന്നതിനുപയോഗിക്കുന്ന ബോംബാണ് എം.ഒ.പി. ഇറാനിലെ ഇത്തരത്തിലെ ഏറ്റവും കരുത്തുറ്റ ആണവ കേന്ദ്രമാണ് ഫൊര്‍ദൊയിലേത്. 

To advertise here,

ഫൊര്‍ദോയില്‍ 12 എം.ഒ.പി ബോംബുകള്‍ വര്‍ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ കേന്ദ്രം പൂര്‍ണമായി തകര്‍ക്കുക എന്നത് തന്നെയായിരുന്നു യു.എസ് ഉദ്ദേശ്യമെന്ന് വ്യക്തം. മലനിരകള്‍ക്കുള്ളില്‍ ഭൂമിക്കടിയില്‍ 300 അടിയോളം താഴ്ചയിലാണ് ഈ കേന്ദ്രത്തിന്റെ അടിസ്ഥാനം തുടങ്ങുന്നത്. 
മിസൈലുകള്‍, സാധാരണ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ തുടങ്ങിയവയെ പ്രതിരോധിക്കുന്ന രീതിയില്‍ ശക്തമായ കോണ്‍ക്രീറ്റ് കവചത്തിനുള്ളിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആണവായുധം നിര്‍മിക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണമാണ് ഇവിടെ നടന്നിരുന്നതെന്നാണ് അനുമാനം.

അതിനാല്‍ തന്നെ അതിശക്തമായ സംരക്ഷണമാണ് ഈ കേന്ദ്രത്തിനുള്ളത്. ഈ കേന്ദ്രം ആക്രമിക്കാന്‍ ഇസ്രയേലിന് നിലവില്‍ ശക്തമായ ആയുധങ്ങളുണ്ടായിരുന്നില്ല. അതിനാല്‍ യു.എസ് സഹായം ഇസ്രയേല്‍ തേടിയിരുന്നു. ഇറാനിലെ നതാന്‍സിലും ഇസ്രയേല്‍ ആക്രമണം നടത്തിയെങ്കിലും അവിടെയും ഭൂനിരപ്പിന് മുകളിലുള്ള നിര്‍മിതികള്‍ മാത്രമേ ഇസ്രയേലിന് തകര്‍ക്കാന്‍ സാധിച്ചിരുന്നുള്ളു. ഇത്തരം അതിശക്തമായ ഭൂഗര്‍ഭ ബങ്കറുകളെ തകര്‍ക്കാന്‍ ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വേണ്ടിവരും. അത്തരത്തിലൊന്ന് നിലവില്‍ യു.എസിന് മാത്രമേയുള്ളു. മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍.

എന്താണ് മാസീവ് ഓര്‍ഡനന്‍സ് പെനെട്രേറ്റര്‍?

ഏകദേശം 14,000 കിലോഗ്രാം ഭാരമുള്ള അത്യാധുനിക ബോംബാണ് എംഒപി. 200 അടിയോളം ആഴത്തില്‍ പാറകള്‍ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്ന് സ്ഫോടനം നടത്തുന്ന ബോംബാണ് ഇത്. നിലവില്‍ യുഎസിനും റഷ്യയ്ക്കുമൊക്കെ ഇത്തരം ബോംബുകളുണ്ട്. ജിബിയു-57എ/ബി എന്ന കോഡ് നാമത്തില്‍ യുഎസ് സൈന്യത്തിനുള്ളില്‍ അറിയപ്പെടുന്ന ബോംബാണ് എംഒപി. ആണവായുധമല്ലാത്ത ഏറ്റവും മാരകമായ ബോംബുകളിലൊന്നാണ് ഇത്.

ഭൂഗര്‍ഭ ബങ്കറുകളും ആണവകേന്ദ്രങ്ങളുമൊക്കെ അതിശക്തമായ കോണ്‍ക്രീറ്റ് നിര്‍മിതികളാണ്. സാധാരണ ബോംബുകള്‍ക്ക് ഇവയെ തുളഞ്ഞിറങ്ങി സ്ഫോടനം നടത്താനാകില്ല. ഈ പരിമിതിയെ മറികടക്കുന്നതാണ് എംഒപിയുടെ ശേഷി. ഉരുക്കുള്‍പ്പെടുന്ന ലോഹസംയുക്തത്താലാണ് ഈ ബോംബിന്റെ പുറംകവചം നിര്‍മിച്ചിരിക്കുന്നത്. ബലമേറിയ അതിശക്തമായ കോണ്‍ക്രീറ്റ് നിര്‍മിതികളെയും പാറകളെയും തുളഞ്ഞിറങ്ങുന്നതിന് ബോംബിനെ സഹായിക്കുന്നതാണ് ഈ പുറംകവചം. ഈ ബോംബിനുള്ളില്‍ 2400 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് ഉള്ളത്.

നിര്‍മിതികളെ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്നതിന് ശേഷം മാത്രമേ ഇത് പൊട്ടിത്തെറിക്കൂ. ഉള്ളിലെ എല്ലാ സംവിധാനങ്ങള്‍ക്കും പരമാവധി നാശമുണ്ടാക്കുക എന്നതാണ് ഈ ആയുധത്തിന്റെ ഉപയോഗം. ജിപിഎസും ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സംവിധാനങ്ങളും ഉപയോഗിച്ചാണ് ബോംബ് ലക്ഷ്യത്തിലേക്ക് എത്തുന്നത്. കൃത്യമായി ലക്ഷ്യത്തെ നിര്‍ണയിച്ച് കഴിഞ്ഞാല്‍ അതിന് ഏതാനും മീറ്ററുകള്‍ മുകളില്‍നിന്ന് താഴേക്ക് അതിവേഗതയില്‍ പതിക്കും. തുടര്‍ന്ന് എത്ര കടുത്ത പ്രതിരോധത്തെയും മറികടന്ന് ഉള്ളിലേക്ക് തുളഞ്ഞിറങ്ങും.

സാധാരണ യുദ്ധവിമാനങ്ങളില്‍നിന്ന് ഇതിനെ പ്രയോഗിക്കുക അസാധ്യമാണ്. ഇതിന്റെ ഭാരവും നിയന്ത്രണവുമൊക്കെ ഇത്തരം യുദ്ധവിമാനങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കില്ല. യുഎസിന്റെ പക്കലുള്ള ബി-2 സ്പിരിറ്റ് എന്ന ബോംബര്‍ വിമാനങ്ങള്‍ക്ക് മാത്രമേ നിലവില്‍ എംഒപിയെ വഹിക്കാന്‍ സാധിക്കു. ബി2 സ്പിരിറ്റിന് പരമാവധി രണ്ട് എംഒപി ബോംബുകള്‍ മാത്രമേ വഹിക്കാന്‍ സാധിക്കു. 

20 അടി നീളവും 31.5 ഇഞ്ച് വ്യാസവുമുള്ള ഭീമാകാരനായ ഈ ബോംബിനുള്ളില്‍ ഏകദേശം 2.5 ടണ്‍ ഭാരമുള്ള സ്‌ഫോടവസ്തുക്കളാണ് ഉള്ളത്. ബങ്കറിനുള്ളില്‍ പതിച്ചുകഴിഞ്ഞാല്‍ ഇതിന്റെ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അതിനുള്ളിലുള്ള എല്ലാം തകര്‍ന്നടിയും.