ലൂമുട്ട്: മലേഷ്യയില്‍ രണ്ട് നേവി ഹെലികോപ്ടറുകള്‍ തമ്മിലിടിച്ച് ഉണ്ടായ അപകടത്തല്‍ 10 മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിന് മുന്നോടിയായി ലൂമുട്ട് നേവല്‍ ബേസില് നടന്ന പരിശീലന പറക്കലിനിടെ രാവിലെ 9.32-ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ഹെലികോപ്ടറുകള്‍ തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്. ഹെലികോപ്ടറിനുള്ളില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.  

To advertise here,

റോയല്‍ മലേഷ്യന്‍ നേവിയുടെ 90-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിശീലനം നടന്നിരുന്നത്. എ.ഡബ്ല്യു.139 ഹെലികോപ്ടറും ഫെനെക് ലൈറ്റ് വെയിറ്റ് ഹെലികോപ്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. എ.ഡബ്ല്യു.139-ല്‍ ഏഴുപേരും ഫെനെകില്‍ നാലുപേരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പെട്ട എല്ലാവരേയും ലൂമുട്ട് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു.

എ.ഡബ്ല്യു.139 നേവല്‍ ബേസിനുള്ളില്‍ തന്നെയുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് കെട്ടിടത്തിലാണ് ഇടിച്ചുവീണത്. ഫെനെക് ഹെലികോപ്ടര്‍ കെട്ടിടത്തിനടുത്തുള്ള സ്വിമ്മിങ് പൂളിലാണ് വീണത്. രണ്ട് ഹെലികോപ്ടറുകളും പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. മരിച്ച 10 പേരും 40 വയസില്‍ താഴെയുള്ള സൈനികരാണെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെ തിരിച്ചറിയുന്നതിനായുള്ള നടപടികള്‍ നടന്നുവരികയാണെന്ന് നേവി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഖേദം പ്രകടിപ്പിച്ചു. ഹൃദയത്തെയും മനസിനെയും തകര്‍ത്ത സംഭവമാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ റോയല്‍ മലേഷ്യന്‍ നേവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹെലികോപ്ടറുകള്‍ നിയന്ത്രണം വിട്ടാണ് കൂട്ടിയിടിച്ചത് എന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. നിയന്ത്രണ വിടാനുള്ള കാരണം അറിയണം - പ്രധാനമന്ത്രി പറഞ്ഞു.