പാരീസ്: ഫ്രാന്‍സിലെ രാജകുടുംബാംഗങ്ങള്‍ ഒരുകാലത്ത് അണിഞ്ഞിരുന്ന ഇന്ദ്രനീലക്കല്ലുകളും മരതകങ്ങളും വജ്രങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. ഒക്ടോബര്‍ 19-ന് നാല് മിനിറ്റ് കൊണ്ട് അമൂല്യമായ ചരിത്രവസ്തുക്കള്‍ വിശ്വപ്രസിദ്ധമായ ലൂവ്റ് മ്യൂസിയത്തില്‍നിന്ന് മോഷ്ടിച്ചവരെ കുറിച്ച് ഫ്രഞ്ച് പോലീസിന് ഇനിയും തുമ്പു കിട്ടിയിട്ടില്ല.

To advertise here,

മോഷ്ടിക്കപ്പെട്ട മരതക നെക്ലേസും കമ്മലും രണ്ട് കിരീടങ്ങളും രണ്ട് ബ്രൂച്ചുകളും ഇന്ദ്രനീല നെക്ലേസും കമ്മലും പത്തൊന്‍പതാം നൂറ്റാണ്ടിലെ 'ഓട്ട് ജ്വല്ലറി' അഥവാ വിശിഷ്ടമായ ആഭരണകലയുടെ ഉദാഹരണമായിരുന്നു. അലങ്കാരത്തേക്കാള്‍ ഉപരിയായിരുന്നു രാജകുടുംബാംഗങ്ങള്‍ക്ക് അവ. 1887-ല്‍ സര്‍ക്കാര്‍ മിക്ക രാജകീയ ആഭരണങ്ങളും ലേലം ചെയ്തപ്പോള്‍ ഇവയെ ഒഴിവാക്കിയിരുന്നു എന്നതുതന്നെ അവയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഞായറാഴ്ച രാവിലെ നടന്ന മോഷണത്തിന് ശേഷം ലൂവ്റ് മ്യൂസിയം ബുധനാഴ്ച വീണ്ടും തുറന്നു. പക്ഷേ, മോഷണം നടന്ന അപ്പോളോ ഗാലറി അടഞ്ഞുകിടന്നു. മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ക്ക് ഏകദേശം 102 മില്യണ്‍ ഡോളര്‍ ( ഏകദേശം 896 കോടി രൂപ)  വിലമതിക്കും. ചരിത്രപരമായ മൂല്യം ഉള്‍പ്പെടാതെയുള്ള കണക്കാണിത്. 

പോലീസ് നടത്തുന്ന തിരച്ചിലില്‍ 100 അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പാരീസ് പ്രോസിക്യൂട്ടര്‍ ലോര്‍ ബെക്കോ പറഞ്ഞു.

നാലു പേരാണ് മോഷ്ടാക്കളെന്ന് ഫ്രഞ്ച് പോലീസ് കരുതുന്നു. ഇവര്‍ രണ്ട് ജോഡികളായി പിരിഞ്ഞാണ് മ്യൂസിയത്തിന് അടുത്തെത്തിയത്. രണ്ടുപേര്‍ ഗാലറി ഡി'അപ്പോളോണിലേക്ക് കയറാന്‍ ഉപയോഗിച്ച ലിഫ്റ്റിലും മറ്റ് രണ്ടുപേര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്കുകളിലുമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

നഷ്ടപ്പെട്ടവയില്‍ രണ്ട് കിരീടങ്ങള്‍ ഉള്‍പ്പെടുന്നു. 1853-ല്‍ നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തി യൂജിനി രാജ്ഞിക്ക് അവരുടെ വിവാഹ സമ്മാനമായി നല്‍കിയതാണ് ഒന്ന്. അതില്‍ 200-ല്‍ അധികം മുത്തുകളും ഏകദേശം 2,000 വജ്രങ്ങളുമുണ്ട്. രണ്ടാമത്തേത് ഇന്ദ്രനീലക്കല്ലും വജ്രവും പതിച്ച തലപ്പാവാണ്.  കൂടാതെ ഒരു നെക്ലേസും ഒരു കമ്മലും - ഇത് മേരി-അമെലി രാജ്ഞി ഉള്‍പ്പെടെയുള്ളവര്‍ ധരിച്ചിരുന്നതാണെന്ന് ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു.

1810-ല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് തന്റെ രണ്ടാമത്തെ ഭാര്യ ഓസ്ട്രിയയിലെ മേരിലൂയിസിന് വിവാഹ സമ്മാനമായി നല്‍കിയ, ഡസന്‍ കണക്കിന് മരതകങ്ങളും ആയിരത്തിലധികം വജ്രങ്ങളുമുള്ള നെക്ലേസും മോഷ്ടിക്കപ്പെട്ടു. അതിന് ചേര്‍ന്ന കമ്മലുകളും കൊള്ളയടിക്കപ്പെട്ടു. യൂജിനി രാജ്ഞി ധരിച്ചിരുന്ന ബ്രൂച്ചും ഒരു വലിയ ബോഡിസ് ബോയും മോഷ്ടാക്കള്‍ കൊണ്ടുപോയി- രണ്ടിലും വജ്രങ്ങള്‍ പതിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യൂജിനി രാജ്ഞി ധരിച്ചിരുന്ന, സ്വര്‍ണ്ണപ്പരുന്തുകളും 1,354 വജ്രങ്ങളും 56 മരതകങ്ങളുംകൊണ്ട് അലങ്കരിച്ച, കേടുപാടുകള്‍ സംഭവിച്ച ഭാരമേറിയ ഒമ്പതാമത്തെ ആഭരണം കൊള്ളക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം, രാജകീയ ആഭരണങ്ങളുടെ മോഷണം ഫ്രഞ്ച് സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി. തിക്കും തിരക്കും കാലഹരണപ്പെട്ട സൗകര്യങ്ങളും മൂലം പൊറുതിമുട്ടുന്ന ലൂവ്റിലെ മോഷണത്തിനു ന്യായീകരണം കണ്ടെത്താനാവാതെ പാടുപെടുകയാണ് സര്‍ക്കാര്‍.

ലൂവ്റ് മ്യൂസിയം ഇതിനുമുമ്പും പല തവണ കൊള്ളക്കാരുടേയും പ്രതിഷേധക്കാരുടേയും ഇരയായിട്ടുണ്ട്. 2024-ല്‍ ആക്ടിവിസ്റ്റുകള്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ 'മൊണാലിസ' ചിത്രത്തിനുമേല്‍ സൂപ്പ് ഒഴിച്ചിരുന്നു. അതിനു മുമ്പ് 1911-ല്‍ മുന്‍ മ്യൂസിയം ജീവനക്കാരന്‍ മൊണാലിസ ചിത്രം മോഷ്ടിക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടെടുക്കുകയും ചെയ്തു. ഈ വര്‍ഷം ജൂണില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് കാരണം മ്യൂസിയം ദിവസങ്ങളോളം നിശ്ചലമായിരുന്നു.

മോഷണം പോയ ആഭരണങ്ങള്‍ ധൃതിയില്‍ വില്‍ക്കപ്പെടാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 'ഈ ആഭരണങ്ങള്‍ എപ്പോഴെങ്കിലും വീണ്ടെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഈ രത്നങ്ങള്‍ പൊട്ടിച്ച് വിറ്റാല്‍, അവ ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമാവുകയും ലോകത്തിന് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.'

യൂറോപ്പിലെ പ്രമുഖ ഡയമണ്ട് ജ്വല്ലറിയായ 77 ഡയമണ്ട്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ടോബിയാസ് കോര്‍മിന്‍ഡ് പറഞ്ഞു.