
ലോസ് ആഞ്ജലിസ്: ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തിനെതിരേ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലിസില്‍ വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധത്തിന് നാലാം നാളിലും ശമനമുണ്ടായില്ല. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ട്രംപ് യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല.
ഇതിനിടെ യുഎസ് സൈന്യത്തിന്റെ ഭാഗമായ മറീനുകളെ ഫെഡറല്‍ സര്‍ക്കാര്‍ കാലിഫോര്‍ണിയയിലേക്ക് അയച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തിങ്കളാഴ്ച 700 പേര് വരുന്ന യുഎസ് മറീന്‍ സംഘത്തെ സംഘര്‍ഷം നടക്കുന്ന ലോസ് ആഞ്ജലീസിലേക്ക് അയച്ചുവെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ വിന്യസിച്ചിരിക്കുന്ന നാഷണല്‍ ഗാര്‍ഡിനെ സഹായിക്കുന്നതിന് വേണ്ടിയാണ് മറീനുകളെ അയച്ചിരിക്കുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ഇവരുടെ എണ്ണം 2000 ആയി ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ലോസ് ആഞ്ജലീസില്‍ 2000 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, ക്രമസമാധാന പാലനത്തിനായി സൈന്യത്തെ വിന്യസിക്കണമെങ്കില്‍ ഇന്‍സറക്ഷന്‍ ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവരണം. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടുമില്ല. ഈ ആക്ട് പ്രാബല്യത്തിലാക്കിയാല്‍ സൈന്യത്തിന് നേരിട്ട് ക്രമസമാധാന പാലനം ഏറ്റെടുക്കാനാകും. എന്നാല്‍, അത്തരം കടുത്ത നടപടികളിലേക്ക് തത്കാലം ആലോചനയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം, കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കാന്‍ ട്രംപ് ഉത്തരവിട്ടത്. അതുപ്രകാരം, ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാവല്‍ ഞായറാഴ്ച വൈകീട്ടോടെ നാഷണല്‍ ഗാര്‍ഡ് ഏറ്റെടുത്തിരുന്നു. പ്രക്ഷോഭങ്ങളിലേറെയും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലാണ്. കാലിഫോര്‍ണിയന്‍ നാഷണല്‍ ഗാര്‍ഡിലെ മുന്നൂറോളംപേരെ സംഘര്‍ഷബാധിത പ്രദേശത്ത് വിന്യസിച്ചെന്ന് യുഎസ് നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു.
പലയിടത്തും പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ പാരമൗണ്ട് ഉള്‍പ്പെടെയുള്ള സംഘര്‍ഷബാധിത മേഖലകളില്‍ കൂട്ടംചേരല്‍ നിരോധിച്ചു. ഡൗണ്ടൗണിലെ പ്രധാന '101 ഫ്രീവേ', പ്രക്ഷോഭകര്‍ ഉപരോധിച്ചു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് കീഴിലെ വെയ്മോ കമ്പനിയുടെ ഒട്ടേറെ ഡ്രൈവറില്ലാ കാറുകള്‍ ഞായറാഴ്ച രാത്രി പ്രതിഷേധക്കാര്‍ കത്തിച്ചു. പോലീസിനുനേരേ കല്ലും റബ്ബര്‍ ബുള്ളറ്റും പുകബോംബും എറിഞ്ഞു. റബ്ബര്‍ ബുള്ളറ്റ് ഏറ്റ് ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു. ചാനല്‍ നയന്റെ റിപ്പോര്‍ട്ടര്‍ ലോറന് ടൊമാസിക്കാണ് പരിക്കുപറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളിലായി 39 പേരെ അറസ്റ്റുചെയ്തു.
ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍, ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പ്രക്ഷോഭം നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സിറ്റി പോലീസ് മേധാവി ജിം മക്ഡൊണെല്‍ പറഞ്ഞു. നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ച ട്രംപിന്റെ നടപടിയെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസം 'നിയമവിരുദ്ധ'മെന്ന് വിശേഷിപ്പിച്ചു. ഫെഡറല്‍ സര്‍ക്കാരിനെതിരേ കേസുകൊടുക്കുമെന്നും പറഞ്ഞു. പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കാലിഫോര്‍ണിയയുടെ പരമാധികാരം ലംഘിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും കുറ്റപ്പെടുത്തി. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷം വഷളാക്കിയതെന്ന് കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റുകള്‍ ആരോപിച്ചു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ആഞ്ജലിസിലുടനീളം വ്യാഴാഴ്ചമുതല്‍ കുടിയേറ്റകാര്യവിഭാഗം റെയ്ഡ് തുടങ്ങിയതോടെയാണ് ആളുകള്‍ തെരുവിലിറങ്ങിയത്. ലാറ്റിനമേരിക്കന്‍ വംശജര്‍ കൂടുതലായി പാര്‍ക്കുന്ന ഇടങ്ങളിലായിരുന്നു റെയ്ഡ്. പ്രതിഷേധക്കാരെ കലാപകാരികളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
Content Highlights: LA Protests: Trump Deploys National Guard and US Marine troops
Published: 10 Jun 2025, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented