മോസ്‌കോ :  മൃഗശാല സൂക്ഷിപ്പുകാരി സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ക്രിമിയന്‍ ഉപദ്വീപിലെ ടൈഗാന്‍ ലയണ്‍ സഫാരി പാര്‍ക്കിലാണ് ദാരുണസംഭവം. മൂന്ന് സിംഹങ്ങള്‍ ചേര്‍ന്നാണ് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ചീഫ് സൂ കീപ്പര്‍ ലിയോകാഡിയ പെരെവലോവയാണ് കൊല്ലപ്പെട്ടത്. 18 വര്‍ഷമായി ഈ മൃഗശാലയിലെ ജീവനക്കാരിയാണ് ലിയോകാഡിയ.

To advertise here,

സിംഹങ്ങളുടെ കൂട് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് സിംഹങ്ങള്‍ അവരെ ആക്രമിച്ചത്. സിംഹക്കൂട്ടിലെ രണ്ടു മുറികളിലെ ഒരു മുറി അടച്ചിരുന്നില്ല. ഇതിനാലാണ് ഇത്തരമൊരു അപകടമുണ്ടായത് .'എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചുവെന്ന് വ്യക്തമല്ല, കാരണം മൃഗങ്ങള്‍ക്ക് സ്വന്തമായി അത്തരമൊരു കാര്യം ചെയ്യാന്‍ കഴിയില്ല,  ആ സമയത്ത് മറ്റ് ആളുകള്‍ ചുറ്റിലും  ഉണ്ടായിരുന്നില്ല- പാര്‍ക്കിന്റെ ഉടമ ഒലെഗ് സുബ്‌കോവ് ബ്ലോഗില്‍ കുറിച്ചു. 'നിര്‍ഭാഗ്യവശാല്‍ ജീവനക്കാര്‍ സംഭവം അറിഞ്ഞെത്തിയപ്പോഴേക്കും സിംഹങ്ങള്‍ ലിയോകാഡിയയെ കൊലപ്പെടുത്തിയിരുന്നു. അവര്‍ ഒരു മികച്ച പരിശീലകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് മോസ്‌കോ ആസ്ഥാനമായുള്ള ക്രിമിയ ആന്‍ഡ് സെവാസ്റ്റോപോള്‍ അന്വേഷണ സമിതി പറഞ്ഞു.

2012 -ലാണ് പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. 70 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കാണിത്. ഈ പാര്‍ക്കില്‍ 80 സിംഹങ്ങളും 50 ഓളം കടുവകളുമാണുള്ളത്.