ലണ്ടൻ: ഇന്ത്യയുടെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ എന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യയ്ക്കെതിരെ പരോക്ഷപരിഹാസവുമായി വ്യവസായി ലളിത് മോദി. വിജയ് മല്യയുടെ പിറന്നാൾ വിരുന്നിൽ നിന്നുള്ള ഒരു വീഡിയോയിലാണ് താനും മല്യയെയും ഇന്ത്യയിൽ നിന്നുള്ള ‘ബിഗ്ഗസ്റ്റ് ഫ്യുജിറ്റീവ്സ്’ ആണെന്ന് ലളിത് മോദി പറയുന്നത്. ഇത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലളിത് മോദി പങ്കുവെച്ചിട്ടുമുണ്ട്.

To advertise here,

രൂക്ഷപ്രതികരണങ്ങൾക്ക് ഈ വീഡിയോ ഇടയാക്കിയിരിക്കുകയാണ്. "ഇന്ത്യൻ സർക്കാരിനെ അവർ എത്രമാത്രം പരിഹസിച്ചു," ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. "ഇന്ത്യയിലെ നിയമസംവിധാനം ലജ്ജിക്കണം, കാരണം ഇത്തരമൊരു ഒരു വീഡിയോ ചെയ്യാൻ അവർ ധൈര്യപ്പെട്ടു," മറ്റൊരു ഉപയോക്താവ് പറഞ്ഞു."അവർ ഇന്ത്യയുടെ സിബിഐ / ഇഡിയെ കളിയാക്കുകയാണ്," മറ്റൊരാൾ പറഞ്ഞു. ഇരുവർക്കും അനുകൂല കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി വിജയ് മല്യയോട് ഇന്ത്യയിലേക്ക് എപ്പോൾ തിരിച്ചുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിക്കുകയും നേരിട്ട് ഹാജരായില്ലെങ്കിൽ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനെതിരായ മല്യയുടെ ഹർജി പരിഗണിക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് പറയുകയും ചെയ്തു.

2016 മുതൽ യുകെയിൽ താമസിക്കുന്ന മല്യ, ഹൈക്കോടതിയിൽ രണ്ട് ഹർജികൾ സമർപ്പിച്ചിട്ടുണ്ട് - ഒന്ന് അദ്ദേഹത്തെ പിടികിട്ടാപ്പുള്ളി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടും മറ്റൊന്ന് 2018 ലെ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ടും.

വിജയ് മല്യയെ 2019 ജനുവരിയിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് (PMLA) കീഴിലുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒന്നിലധികം വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയെന്നും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ നേരിടുന്നെന്നും പറയപ്പെടുന്ന ലളിത് മോദി 2016 മാർച്ചിലാണ് ഇന്ത്യ വിട്ടത്.

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഐപിഎല്ലുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങിയ ആരോപണങ്ങളുടെ നിഴലിൽ 2010 ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. 2009 ൽ ഐപിഎല്ലിന്റെ സംപ്രേക്ഷണ അവകാശങ്ങൾ വിതരണം ചെയ്തതിൽ ലളിത് മോദി ക്രമക്കേട് നടത്തിയെന്നും ഇതിന് പ്രതിഫലമായി 125 കോടിയിലധികം രൂപ കൈക്കൂലി വാങ്ങിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിട്ടുണ്ട്.