ലണ്ടന്‍: വേട്ടയാടാന്‍ പക്ഷികളില്ലാത്തതിനാല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് രോഷാകുലനായെന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന്  രാജകുടുംബത്തിന്റെ നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാം എസ്‌റ്റേറ്റിലെ ഗെയിംകീപ്പറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രശസ്തമായ സ്വകാര്യ വസതികളിലൊന്നാണ് സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റ്. ക്രിസ്മസ്, പുതുവത്സരാഘോഷ സമയം ബ്രിട്ടീഷ് രാജകുടുംബം പതിവായി ഇവിടെയാണ് ചെലവഴിക്കാറുള്ളത്. സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെത്തിയാല്‍ വേട്ടയാടലാണ് രാജകുടുംബത്തിന്റെ പ്രധാന വിനോദം. എന്നാല്‍, അടുത്തിടെയായി എസ്‌റ്റേറ്റില്‍ വേട്ടയാടാനുള്ള പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വേട്ടയാടാന്‍ മതിയായ പക്ഷികളില്ലാത്തതാണ് രാജാവിനെ ചൊടിപ്പിച്ചത്. തന്റെ വേട്ടയാടല്‍ തടസ്സപ്പെട്ടതില്‍ രാജാവ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും ഇതിനുപിന്നാലെയാണ് ഏറെക്കാലമായി എസ്റ്റേറ്റില്‍ ഗെയിംകീപ്പറായി ജോലിചെയ്തിരുന്നയാളെ പുറത്താക്കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

എല്ലാവര്‍ഷവും സാന്‍ഡ്രിംഗ്ഹാമില്‍ 'ബോക്‌സിങ് ഡേ ഷൂട്ടിങ്' സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, ഇത്തവണ പക്ഷികളുടെ കുറവ് കാരണം പരമ്പരാഗതമായി നടക്കുന്ന ഈ വേട്ടയാടല്‍ റദ്ദാക്കുമെന്ന് ചാള്‍സ് രാജാവ് ഭീഷണി മുഴക്കിയതായും സൂചനകളുണ്ട്. അതേസമയം, പക്ഷികളുടെ എണ്ണം കുറഞ്ഞതില്‍ അതൃപ്തനാണെങ്കിലും പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനെ രാജാവ് അനുകൂലിക്കുന്നില്ലെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.