ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയും അമേരിക്കയിലെ രാഷ്ട്രീയ നേതാവുമായ ക്ഷമ സാവന്തിന് ഇന്ത്യ വിസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ യു.എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. വിസ നിഷേധിച്ചതിന് പിന്നാലെ യു.എസിലെ സിയാറ്റായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രതിഷേധവുമായി പോയെന്ന് ക്ഷമ സാവന്ത് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോണ്‍സുലേറ്റില്‍ ചില ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിട്ടതായി സിയാറ്റായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചത്. എന്നാല്‍, ആരുടെയും പേര് പരാമര്‍ശിക്കുകയോ സംഭവത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കുകയോ ചെയ്തിട്ടില്ല. 

To advertise here,

പ്രവൃത്തിസമയത്തിന് ശേഷം ചിലര്‍ ഓഫീസിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചെന്നും എത്ര ആവര്‍ത്തിച്ചിട്ടും ഇവര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ലെന്നുമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചത്. കോണ്‍സുലേറ്റിലെ ജീവനക്കാരെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചതായും കുറിപ്പിലുണ്ട്. ഇവര്‍ക്കെതിരേ തുടര്‍നടപടികള്‍ ആരംഭിച്ചതായും കോണ്‍സുലേറ്റ് അറിയിച്ചു. 

ഇന്ത്യ തനിക്ക് വിസ നിഷേധിച്ചതായി ക്ഷമ സാവന്ത് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ബെംഗളൂരുവില്‍ അസുഖബാധിതയായി കഴിയുന്ന അമ്മയെ കാണാനാണ് ക്ഷമ അടിയന്തര വിസയ്ക്കായി അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, തന്റെ വിസ അപേക്ഷ നിരസിച്ചെന്നും അതേസമയം, ഭര്‍ത്താവായ കാല്‍വിന് വിസ അനുവദിച്ചെന്നുമായിരുന്നു ക്ഷമയുടെ ആരോപണം. ഇതേത്തുടര്‍ന്ന് തന്റെ സംഘടനയായ 'വര്‍ക്കേഴ്‌സ് സ്‌ട്രൈക്ക് ബാക്കി'ലെ അംഗങ്ങളുമായി കോണ്‍സുലേറ്റ് ഓഫീസിലെത്തി പ്രതിഷേധിച്ചതായും ക്ഷമ സ്ഥിരീകരിച്ചു. എന്തുകൊണ്ടാണ് മൂന്നാംവട്ടവും തനിക്ക് വിസ നിഷേധിച്ചതെന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും എന്നാല്‍, അധികൃതര്‍ വിശദീകരണം നല്‍കാന്‍ വിസമ്മതിച്ചെന്നും പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും ക്ഷമ സാമൂഹികമാധ്യമത്തില്‍ കുറിച്ചു. 

'മോദി സര്‍ക്കാരിന്റെ 'റിജക്ട് ലിസ്റ്റി'ല്‍ തന്റെ പേരുണ്ടായതിനാലാണ് എനിക്ക് വിസ നിഷേധിച്ചതെന്നാണ് ഒരു കോണ്‍സുലാര്‍ ഓഫീസര്‍ പറഞ്ഞത്. മോദിയുടെ പൗരത്വനിയമഭേദഗതിക്കെതിരേ എന്റെ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു', ക്ഷമ പറഞ്ഞു. 

സിയാറ്റായിലെ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു ക്ഷമ സാവന്ത്. പൗരത്വനിയമഭേദഗതി വിഷയത്തിലടക്കം മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച അമേരിക്കയിലെ രാഷ്ട്രീയ നേതാവ് കൂടിയാണ് അവര്‍.