വാഷിങ്ടൺ: അമേരിക്കയിലെ യുട്ടാ സർവകലാശാലയിൽ നടന്ന പരിപാടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ട അതിയാഥാസ്ഥിതിക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും ആയിരുന്ന ചാർളി കിർക്കിന്റെ ഘാതകൻ ടെയ്‌ലർ റോബിൻസൺ എന്ന ചെറുപ്പക്കാരന്റെ ജീവതമാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവചർച്ച. ഹൈസ്കൂൾ പഠനക്കാലത്ത് രാഷ്ട്രീയമായി യാഥാസ്ഥിതികനും കടുത്ത ട്രംപ് അനുകൂലിയുമായിരുന്ന റോബിൻസൺ എങ്ങനെ ട്രംപ് വിരോധിയായെന്നും കിർക്കിനെ കൊലപ്പെടുത്താനുള്ള മനോനിലയിലേക്ക് എത്തിയെന്നുമാണ് റോബിൻസണെ കുറിച്ച് പരിചിതരായവർ ആരായുന്നത്. റോബിൻസനെ അറിയാവുന്ന ആളുകൾക്ക്, തങ്ങൾക്കറിയാവുന്ന റോബിൻസന്റെ ചിത്രവും പോലീസ് ഉന്നയിക്കുന്ന ആരോപണങ്ങളും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയുന്നില്ല.

To advertise here,

ഹൈസ്കൂൾ പഠനക്കാലത്ത്  റോബിൻസൺ  രാഷ്ട്രീയമായി ഒരു യാഥാസ്ഥിതികനായിരുന്നു എന്നും 2020-ലെ തിരഞ്ഞെടുപ്പിന് മുൻപ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചിരുന്നു എന്നും റോബിൻസന്റെ മുൻ സഹപാഠികളിലൊരാളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. എന്ത് മാറ്റമാണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും യുവാവ് പറയുന്നു.

റോബിൻസൺ ഗെയിമിങ്ങിൽ അതീവ തൽപ്പരനായിരുന്നുവെന്നും വീഡിയോ ഗെയിം ഡിസൈനിങ് ഇഷ്ടപ്പെട്ടിരുന്നതായും മുൻസഹപാഠി പറഞ്ഞു. എപ്പോഴും നിശബ്ദനായിരുന്ന റോബിൻസൺ വിവാദപരമായ പ്രസ്താവനകൾ നടത്തിയതായോ കുഴപ്പങ്ങളിൽ ചെന്ന് ചാടിയതായോ ഓർക്കുന്നില്ല. അധികം തുറന്നു സംസാരിക്കാറില്ലായിരുന്നെങ്കിലും അവന്റെ കൂടെയിരിക്കാനും സംസാരിക്കാനും രസകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അങ്ങോട്ട് സംസാരിച്ചാലല്ലാതെ ഇങ്ങോട്ട് സംസാരിക്കാത്ത, എപ്പോഴും നിശബ്ദനായിരിക്കാൻ ആ​ഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു റോബിൻസൺ എന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് റോബിൻസനൊപ്പം ജോലി ചെയ്തിരുന്ന ഒരു ഇലക്ട്രീഷ്യനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിനോടോ ചാർളി കിർക്കിനോടോ റോബിൻസണിന് വലിയ താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ആരെങ്കിലും എടുത്തിട്ടാലല്ലാതെ രാഷ്ട്രീയം സംസാരിക്കാറില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സെന്റ് ജോർജ്ജിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലായിരുന്നു റോബിൻസൺ താമസിച്ചിരുന്നത്. വിരലിലെണ്ണാവുന്ന തവണ മാത്രമാണ് യുവാവുമായി സംസാരിച്ചിട്ടുള്ളതെന്നും രാഷ്ട്രീയപരമായ ശക്തമായ കാഴ്ചപ്പാടുകൾ ഉള്ളതായി തോന്നിയിട്ടില്ലെന്നും അയൽവാസി പറയുന്നു. അവൻ ഒരു റിപ്പബ്ലിക്കൻ ആണെന്നാണ് കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനായിരുന്നുവെന്നും പുറത്ത് അധികം കാണാറില്ലായിരുന്നുവെന്നും മറ്റൊരു അയൽവാസിയും വ്യക്തമാക്കി. 

കിർക്ക് വധക്കേസിൽ 33 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ടെയ്‌ലർ റോബിൻസണെ പോലീസ് പിടികൂടിയത്. പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് എഫ്ബിഐ പുറത്തുവിട്ട ഫോട്ടോകളിൽനിന്ന് അച്ഛൻ തിരിച്ചറിഞ്ഞതിനെ തുടർന്ന് റോബിൻസന്റെ കുടുംബമാണ് പിടികൂടാൻ സഹായിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാതാപിതാക്കൾ വിഷയത്തിൽ പ്രതികരണം നടത്താൻ തയ്യാറായിട്ടില്ല.

സെന്റ് ജോർജ്ജിലെ പൈൻ വ്യൂ ഹൈസ്കൂളിൽനിന്ന് 2021-ൽ റോബിൻസൺ ബിരുദം നേടിയതായി സ്കൂൾ വക്താവ് സ്ഥിരീകരിച്ചു. യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ റെസിഡന്റ് പ്രസിഡൻഷ്യൽ സ്കോളർഷിപ്പ് ലഭിച്ചു. 2021-ൽ ഒരു സെമസ്റ്റർ കാലത്തേക്ക് റോബിൻസൺ യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്നുവെന്ന് യൂണിവേഴ്സിറ്റി വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി. തുടർന്ന് റോബിൻസൺ സെന്റ് ജോർജ്ജിലെ ഡിക്സി ടെക്നിക്കൽ കോളേജിൽ ചേർന്നു. നിലവിൽ ഇലക്ട്രിക്കൽ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിൽ മൂന്നാം വർഷ വിദ്യാർഥിയാണ്. രേഖകൾ പ്രകാരം, 2022-ൽ അപ്രന്റീസ് ഇലക്ട്രീഷ്യൻ ലൈസൻസ് നേടിയിട്ടുണ്ട്.

കൊലപാതകത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ റൈഫിളിലെ ബുള്ളറ്റ് കെയ്‌സുകളിൽ ഫാസിസ്റ്റ് വിരുദ്ധ സന്ദേശങ്ങളെന്നു വിശേഷിപ്പിക്കാവുന്നവ കൊത്തിവച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇത് രാഷ്ട്രീയപ്രേരിത കൊലപാതകത്തിൻ്റെ തെളിവാണെന്ന നിരീക്ഷണത്തിലാണ് അധികൃതർ.