കമ്പാല: മൂന്നാംവയസ്സിൽ കിരീടധാരണം നടത്തി ലോകശ്രദ്ധ നേടിയ യുഗാൺഡയിലെ തോറോ സാമ്രാജ്യത്തിന്റെ രാജാവ് ഒയോ നീംബ (34) അന്തരിച്ചു. വിദേശത്ത് അജ്ഞാത രോഗത്തിന് ചികിത്സയിലായിരിക്കേ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

To advertise here,

തോറോ പ്രധാനമന്ത്രി കാൽവിൻ റോമീരെ അക്കീക്കിയാണ് മരണവാർത്ത ഔദ്യോഗികമായി അറിയിച്ചത്. പിതാവിന്റെ മരണത്തെത്തുടർന്ന്, 1995-ലാണ് ഒയോ നീംബ കബാംബ ഇഗുരു റുകിഡി നാലാമൻ മൂന്നാംവയസ്സിൽ തോറോയുടെ സിംഹാസനമേറിയത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രാജാവെന്ന വിളിപ്പേര് നേടിയ അദ്ദേഹം അന്താരാഷ്ട്രവേദികളിലും ശ്രദ്ധാകേന്ദ്രമായിരുന്നു. 18 വയസ്സ് പൂർത്തിയാകുന്നത് വരെ റീജന്റുമാരുടെ സഹായത്തോടെയായിരുന്നു ഭരണം.

മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫി അടക്കമുള്ള പ്രമുഖ ലോകനേതാക്കളുമായി ഒയോ നീംബ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ഗദ്ദാഫി യുഗാൺഡ സന്ദർശിക്കുകയും തോറോ രാജകുടുംബത്തിന് ദീർഘകാല പിന്തുണ നൽകുകയും ചെയ്തിരുന്നു. അവിവാഹിതനായിരുന്നു.

കോംഗോ അതിർത്തിയോട് ചേർന്ന പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ചാണ് തോറോ സാമ്രാജ്യം. യുഗാൺഡൻ നിയമപ്രകാരം രാജാക്കന്മാർക്ക് രാഷ്ട്രീയാധികാരം ഇല്ലെങ്കിലും തദ്ദേശീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സംരക്ഷകരായി ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഇവർക്കുണ്ട്. രാജാവിന് പിൻഗാമിയായി ഒരു രാജകുമാരൻ ഉണ്ടെന്നും ആചാരപരമായ നടപടികൾ പൂർത്തിയാക്കിയശേഷം പിൻഗാമിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും തോറോ പ്രധാനമന്ത്രി വ്യക്തമാക്കി.