ഇസ്ലാമാബാദ്: ഇന്ത്യയെ എന്നപോലെതന്നെ പാക് അധീന കശ്മീരിലെ (പി.ഒ.കെ) പ്രതിഷേധക്കാരെയും ശത്രുക്കളായി കാണുന്നുവെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മേഖലയിൽ പാക് സൈന്യം നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകളെ ന്യായീകരിച്ചുകൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം പാക് അധീന കശ്മീരിലെ റാവലക്കോട്ട് മേഖലയിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ് 32 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

To advertise here,

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് ആസിഫ് തന്റെ നിലപാട് വ്യക്തമാക്കുന്നത്. ‘ആസാദ് കശ്മീരിലെ പ്രതിഷേധക്കാരെ ഇന്ത്യയുടെ അതേ വിഭാഗത്തിലാണ് ഞാൻ ഉൾപ്പെടുത്തുന്നത്. ഇന്ത്യയെപ്പോലെ അവരെയും ശത്രുക്കളായി തന്നെയാണ് കരുതുന്നത്’, ആസിഫ് പറഞ്ഞു.

മിർപുർ നഗരത്തിൽ പാക് സുരക്ഷാ ഉദ്യോഗസ്ഥർ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുന്നതിന്റെയും മൃതദേഹങ്ങൾ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്റെയും മറിഞ്ഞുവീണ മോട്ടോർ സൈക്കിളുകളുടെയും ദൃശ്യങ്ങൾ എക്സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയിലെ പ്രവർത്തകരാണ്. പാകിസ്താൻ ഭരണകൂടം നിരോധിച്ച സംഘടനയാണിത്. കൊല്ലപ്പെട്ടവരിൽ ജെ.എ.എ.സി സ്ഥാപകാംഗം ഉമർ നസീറിന്റെ സഹോദരൻ ഉസ്മാൻ നസീറും ഉൾപ്പെടുന്നു.

പാകിസ്താന്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ജൂൺ അഞ്ച് മുതൽ പാക് അധീന കശ്മീരിൽ തുടരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 90-ൽ അധികംപേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ.