ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനുശേഷം ആദ്യമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പൊതുവേദിയിലെത്തി. കൊലപ്പെടുത്തുമെന്ന ഇസ്രയേലിന്റെ ഭീഷണിയെത്തുടര്‍ന്ന് ഖമീനി ബങ്കറിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്‌റാനില്‍ മുഹറത്തോട് അനുബന്ധിച്ചുള്ള മതപരമായ ചടങ്ങിലാണ് ഖമീനി പ്രത്യക്ഷപ്പെട്ടത്. 

To advertise here,

സെന്‍ട്രല്‍ ടെഹ്‌റാനിലുള്ള ഇമാം ഖമീനി പള്ളിയില്‍ നടന്ന പരിപാടിയിലാണ് ഖമീനി പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുത്തെങ്കിലും അദ്ദേഹം പ്രസംഗിക്കുകയോ പൊതു പ്രസ്താവനകളോ നടത്തിയില്ലെന്ന് ഇറാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ അദ്ദേഹം പ്രസ്താവനകള്‍ നടത്തിയിരുന്നെങ്കിലും പൊതുവേദികളിലെത്തിയിരുന്നില്ല. വീഡിയോ സന്ദേശങ്ങളും പ്രസ്താവനകളുമായിരുന്നു പുറത്ത് വന്നത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള സായുധസംഘര്‍ഷത്തിനിടെ അവസരം കിട്ടിയിരുന്നെങ്കില്‍ ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനിയെ ഇസ്രയേല്‍ വധിക്കുമായിരുന്നെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ഞങ്ങളുടെ കണ്ണില്‍പ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തെ തീര്‍ത്തേനേ'യെന്ന് വ്യാഴാഴ്ച ഇസ്രയേലിന്റെ ദേശീയ റേഡിയോ ആയ കാനിന് നല്‍കിയ അഭിമുഖത്തില്‍ കാറ്റ്സ് പറഞ്ഞു.

ഖമീനിയെ വധിക്കാനുള്ള ശ്രമം ഇസ്രയേല്‍ നിര്‍ത്തിയെന്നും വ്യാഴാഴ്ച ചാനല്‍ 13-ന് നല്‍കിയ മറ്റൊരഭിമുഖത്തില്‍ കാറ്റ്സ് വ്യക്തമാക്കി. വെടിനിര്‍ത്തലിനുമുന്‍പ് ചെയ്യുന്നതും അതിനുശേഷം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു അതിനുള്ള വിശദീകരണം.

ഈ മാസം 13-ന് ഇസ്രയേല്‍ സൈനികനടപടിയാരംഭിച്ചതിനുപിന്നാലെ ഖമീനിയെ ഇറാന്‍ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്. അതിനുശേഷം ഇപ്പോഴാണ് അദ്ദേഹം പൊതുമധ്യത്തില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നത്. വെടിനിര്‍ത്തല്‍ നിലവില്‍വന്നശേഷമുള്ള ആദ്യത്തെ പ്രതികരണത്തില്‍ ഇസ്രയേലിനെതിരേ വിജയം നേടിയെന്നും അമേരിക്കന്‍ ഭരണകൂടത്തിന്റെ മുഖത്തടിച്ചെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി.