
ഇനിയുമെന്ന യുദ്ധമുഖത്തേക്കയക്കരുത്. അതെന്റെ അവസാനമായിരിക്കും. കരാര്‍ തീരാന്‍ പത്ത് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതുവരെ നാട്ടിലേക്കെത്തിക്കാനോ മറ്റോ ഒരു നടപടിയുമായിട്ടില്ല. എംബസി അധികൃതര്‍ ഒരു മറുപടിയും തരുന്നില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചെയ്ത് തരണം. തൊഴില്‍ തട്ടിപ്പിനിരായി റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിപ്പെട്ട് യുക്രൈനിന്റെ ഡ്രോണാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന് മോസ്കോയിലെ ആശുപത്രിയില്‍ കിടന്ന് നിസ്സഹായനായി അഭ്യര്‍ഥിക്കുന്നത് നാട്ടിലെത്താന്‍ വഴിയുണ്ടാക്കണമെന്നാണ്.
കരാര്‍ കഴിയുന്നതിന് മുമ്പെ നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയില്ലെങ്കില്‍ സൈന്യം സ്വയം കരാര്‍ പുതുക്കി വീണ്ടും യുദ്ധമുഖത്തേക്കയക്കും. പലരേയും അങ്ങനെ കൊണ്ടുപോയിട്ടുണ്ട്. ചിലരെ കാണാതായി. ചിലരുടെ മൃതദേഹം എവിടെയാണെന്ന് പോലുമറിയില്ല. ഈ ഗതി എനിക്കുമുണ്ടാവുമോയെന്നാണ് പേടി. ജെയിന് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. കഴിഞ്ഞതവണ ഡ്രോണാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് മോസ്കോയിലെ സൈനിക ആശുപത്രിയില്‍ എത്തിപ്പെട്ടത്. തലനാരിഴയ്ക് ജീവന് തിരിച്ചുകിട്ടി. ഒരിക്കല്‍ക്കൂടി യുദ്ധമുഖത്തേക്ക് കൊണ്ടുപോയാല്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും ജെയിന് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ഇലക്ട്രീഷ്യന് ജോലിക്കെന്ന പേരില്‍ ജെയിനും ബന്ധു ബിനിലും റഷ്യയിലേക്ക് പോയത്. ഏപ്രില്‍ 14 മുതല്‍ ഒരു വര്‍ഷത്തേക്കുള്ള കരാറിലായിരിക്കും ജോലിയെന്നായിരുന്നു ഏജന്റ് പറഞ്ഞത്. എന്നാല്‍ റഷ്യയിലെത്തിയതോടെ ഇവരെ റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിക്കുകയായിരുന്നു.
വായിക്കാം: പറ്റിച്ചത് മലയാളി, നിയമനം റഷ്യന്‍ കൂലിപ്പട്ടാളത്തില്‍; വെടിയേറ്റു മരിച്ച ബിനിലിന്റെ മൃതദേഹമെവിടെ?
സൈനിക കാന്റീനിലെ ഇലക്ട്രീഷ്യന് ജോലിയായിരിക്കുമെന്നാണ് പറഞ്ഞതെങ്കിലും യുക്രൈനുമായുള്ള യുദ്ധത്തിന് കൂലിപ്പട്ടാളക്കാരാക്കി ചാവേറുകളെ പോലെ ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ കൂടെ പോയ ബിനില്‍ ജനുവരി എട്ടാം തീയതി കൊല്ലപ്പെട്ടെങ്കിലും ഇതുവരെ മൃതദേഹം പോലും നാട്ടിലെത്തിച്ചിട്ടില്ല. മൃതദേഹം എവിടെയാണെന്ന് പോലും അറിയില്ല. ജെയിനിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ മോസ്കോയിലെ സൈനിക ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ജനുവരി ആറാം തീയതി പരിക്കേറ്റ ജെയിനിന് വയര്‍ ഭാഗം പുറത്തുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ശേഷമാണ് ജീവിതം തിരിച്ചുകിട്ടിയത്. ചികിത്സ ഏകദേശം പൂര്‍ത്തിയായെങ്കിലും ഇപ്പോഴും മോസ്കോയിലെ സൈനിക ആശുപത്രിയില്‍ നിന്ന് സൈന്യം ഈ യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. കരാര്‍ തീരാനായിട്ടും ഡിസ്ചാര്‍ജ് കാര്യം പോലും അവര്‍ പറയുന്നില്ലെന്നും നാട്ടിലേക്ക് പറഞ്ഞയക്കാനുള്ള ഒരു നടപടിയുമായിട്ടില്ലെന്നും ജെയിന് പറയുന്നു. ഇത് കരാര്‍ പുതുക്കി വീണ്ടും യുദ്ധം ചെയ്യാന്‍ അയക്കാനാണോയെന്ന ആശങ്കയിലാണ് ജെയിന്. എംബസി അധികൃതര്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും നാട്ടിലേക്ക് പോവുന്ന കാര്യം സംബന്ധിച്ച് അവര്‍ക്കും കൃത്യമായ വിവരം ലഭിച്ചിട്ടിലെന്നും ജെയിന് ചൂണ്ടിക്കാട്ടുന്നു. ഇപ്പോ ഫിസിയോതെറാപ്പിയാണ് നടക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിത്തുടങ്ങി. ഈ വിഷുവിനെങ്കിലും വീട്ടിലെത്താനാവുമോയെന്നും ജെയിന് ചോദിക്കുന്നുണ്ട്.
തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശിയാണ് 27 വയസ്സുകാരനായ ജെയിന്. ജെയിനിന്റെ ബന്ധുവാണ് കഴിഞ്ഞ ജനുവരി മാസം യുദ്ധത്തില്‍ പരിക്കേറ്റ് മരിച്ച തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍. ബിനില്‍ മരിച്ചുവെന്നല്ലാതെ മറ്റൊരു വിവരവും വീട്ടുകാര്‍ക്കും ലഭിച്ചിട്ടില്ല. മൃതദേഹം എവിടെയാണെന്ന് എംബസിക്കാര്ക്ക് പോലും അറിയില്ലെന്നും ജെയിന് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തികമായി വലിയ ബാധ്യതയുണ്ടായതോടെയാണ് റഷ്യയിലേക്ക് പോവാന്‍ അവസരമൊരുക്കിത്തരാമെന്ന് പറഞ്ഞ് തൃശ്ശൂരില്‍ നിന്നുള്ള ഒരു ഏജന്റ് ഇവരെ സമീപിച്ചത്. പക്ഷെ പറ്റിക്കപ്പെടുകയായിരുന്നു. ജെയിനിനും ബിനിലിനും മുന്നെ മറ്റ് ചിലരേയും കൊണ്ടുപോയിരുന്നു. ഇതില്‍ സന്ദീപ് എന്നയാളാണ് ആദ്യം കൊല്ലപ്പട്ടത്. ഇതോടെ വിവാദമാവുകയും ഏജന്റ് അടക്കമുള്ളവരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Kerala Man Trapped in Ukraine War, Seeks Help
Published: 04 Apr 2025, 01:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented