വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ രാജകുമാരന്മാരുടെ ഗണത്തില്‍ ഇനി മാര്‍ ജോര്‍ജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ചരിത്ര നിമിഷവും അഭിമാനമുഹൂര്‍ത്തവുമായി.

To advertise here,

ഇന്ത്യൻ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായാണ് മാർ ജോർ‌ജ് കൂവക്കാടിനെ വിളിച്ചത്. ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്തവസ്ത്രം ധരിച്ചാണ് മാർ ജോർജ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്‌.

ദൈവത്തിന് എളിമയോടെ ഹൃദയം സമർപ്പിക്കണമെന്നും മറ്റുള്ളവരെക്കുറിച്ച് കരുതൽ വേണമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള വഴിയാണ് നമ്മുടെ മുന്നിലുള്ളതെന്നും നിയുക്ത കർദിനാൾമാരോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു. 

കര്‍ദിനാള്‍ എന്ന വാക്കിന് സഭയുടെ വിജാഗിരിയെന്നും അര്‍ഥമുണ്ട്. പവിത്രമായ ആ വിജാഗിരിയായി ഇനി സഭയുടെ നായകനിരയില്‍ ഇനി കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടുമുണ്ടാവും.

സഭയ്ക്കായി രക്ഷസാക്ഷിത്വം വഹിക്കാനും തയാറാണെന്നതിന്റെ സൂചനയായിട്ടാണ്‌ ചുവപ്പ് കുപ്പായം ധരിക്കുന്നത്‌. വലതുകൈയില്‍ സ്ഥാനമോതിരവും കര്‍ദിനാള്‍ത്തൊപ്പിയും അണിയിച്ചപ്പോള്‍ കേരളത്തിലെ കത്തോലിക്ക സമൂഹത്തിനും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ രൂപതയായ ചങ്ങനാശ്ശേരി അതിരൂപതയ്ക്കും അത് അവിസ്മരണീയ നിമിഷമായി. കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി വിശ്വാസപ്രഖ്യാപനം നടത്തി മാര്‍പാപ്പയോടുള്ള കൂറും പ്രഖ്യാപിച്ചു. സഭയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞയും ഇതോടൊപ്പം പ്രഖ്യാപിച്ചു.

രാവിലെ മുതല്‍ തന്നെ വിവിധ ദേശങ്ങളില്‍ നിന്നായി മലയാളികള്‍ സ്ഥാനാരോഹണ ചടങ്ങിനെത്തിയിരുന്നു. ചടങ്ങുകള്‍ക്ക് മുന്നോടിയായി ബസിലിക്കയില്‍ മുന്‍ ഭാഗത്തായി കര്‍ദിനാള്‍മാരിരുന്നു. 

മാര്‍ കൂവക്കാടിനൊപ്പം 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് മാര്‍പാപ്പ ഉയര്‍ത്തിയത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി എട്ടരയ്ക്ക് നിയുക്ത കര്‍ദിനാള്‍മാരെ പള്ളിയിലേക്ക് ആനയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ആദ്യം സ്‌തോത്രപ്രാര്‍ഥന. തുടര്‍ന്ന് വായപുസ്തക വായന. അതിന് ശേഷം കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി വിശ്വാസപ്രഖ്യാപനം നടത്തി. സഭാശുശ്രൂഷയിലുള്ള ഉത്തരവാദിത്വം മാര്‍പാപ്പ പുതിയ കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ചു. 

ചടങ്ങിന് സാക്ഷികളാകാന്‍ കേരളത്തിന്റെ പ്രൗഢമായ നിരയുണ്ടായിരുന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെയുള്ളവർ ചടങ്ങുകളില്‍ പങ്കെടുത്തു. 

placeholder
മാമൂട് ലൂർദ് മാതാ പള്ളിയിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ  സ്ഥാനാരോഹണ ചടങ്ങ്  ബിഗ് സ്ക്രീനിൽ കാണുന്ന സഹോദരി ലിറ്റി മാത്യു| Photo: ജി. ശിവപ്രസാദ്

സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ ഏഴംഗം സംഘവും വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, രാജ്യസഭാംഗമായ ഡോ.സത്‌നാം സിങ് സന്ധു, ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ബിജെപി മുന്‍ ദേശീയ വക്താവ് ടോം വടക്കന്‍ എന്നിവരായിരുന്നു കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്. എം.എല്‍.എമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു.

മാർ ജോർജ് കൂവക്കാട്  ധരിച്ചത് സിറോ മലബാർ സഭയുടെ പാരമ്പര്യപ്രകാരമുള്ള തലപ്പാവ് 

കർദിനാൾ സ്ഥാനമേറ്റ മാർ ജോർജ് കൂവക്കാടിനെ മാർപാപ്പ ധരിപ്പിച്ചത് സിറോ മലബാർ സഭ ഉൾപ്പെടുന്ന പൗരസ്ത്യ സുറിയാനി സഭാ പൈതൃകത്തിലെ മെത്രാന്മാരുടെ തലപ്പാവാണ്. റോമൻ സഭയിൽ കർദിനാൾമാർ ധരിക്കുന്നത് ബിറെറ്റാ എന്ന് അറിയപ്പെടുന്ന ചുവന്ന മുക്കോണൻ തൊപ്പിയാണ്. പൗരസ്ത്യ സഭാ അംഗങ്ങളായ മെത്രാന്മാർ കർദിനാൾ സ്ഥാനം സ്വീകരിക്കുമ്പോൾ തങ്ങളുടെ സഭാ പാരമ്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന പതിവാണ് ഉള്ളത്. അതിൻപ്രകാരം സുറിയാനി സഭയിലെ മെത്രാൻമാരുടെ ഔദ്യോഗിക വസ്ത്രങ്ങളായ ചുവന്ന ളോഹ, ഉള്ളിൽ ചുവപ്പ് അരികുകൾ ഉള്ള കറുത്ത മേൽക്കുപ്പായം  കറുപ്പും ചുവപ്പും ചേർന്ന തലപ്പാവ് എന്നിവയാണ് കർദിനാൾ മാർ ജോർജ് കൂവക്കാട് ധരിച്ചത്. സിറോ മലബാർ സഭയിൽ നിന്നുള്ള കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും ഇതേ വേഷ വിധാനങ്ങൾ തന്നെയാണ് ധരിക്കുന്നത്.

കത്തോലിക്കാ സഭയിലെ രാജകുമാരന്‍മാരെന്നാണ് കര്‍ദ്ദിനാള്‍മാര്‍ അറിയപ്പെടുന്നത്. കത്തോലിക്കാസഭയിലെ പൗരോഹിത്യ ശ്രേണിയില്‍ മാര്‍പാപ്പ കഴിഞ്ഞാല്‍ ഒരു പുരോഹിതന് എത്താന്‍ കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്. കര്‍ദ്ദിനാള്‍ തിരുസംഘത്തില്‍ അംഗമാകുന്നതോടെ മാര്‍പാപ്പയുടെ ഔദ്യോഗികമായ ഉപദേശക സംഘത്തിലാണ് മാര്‍.കൂവക്കാട് ഉള്‍പ്പെടുന്നത്. 

സാധാരണഗതിയിൽ മെത്രാന്മാരാണ് കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെടുക. മോണ്‍. ജോര്‍ജ് കൂവക്കാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തുകയായിരുന്നു. ഇന്ത്യയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനാണ് മാര്‍.ജോര്‍ജ് കൂവക്കാട്. കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് സാധാരണ ഒരു വിശ്വാസിക്ക് (അല്‍മായന്‍) മാര്‍പ്പാപ്പയോ കര്‍ദിനാളോ ആകുന്നതിന് തടസമൊന്നുമില്ല.

മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത് 80 വയസില്‍ താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ്. കാത്തലിക് എന്ന വാക്കിന്റെ അര്‍ത്ഥം യൂണിവേഴ്‌സല്‍ (എല്ലാവരെയും ഉള്‍ക്കൊള്ളുന്നത്). റോമന്‍ കത്തോലിക്കാ സഭയും വ്യക്തിഗത സ്വഭാവ വിശേഷമുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളും ചേരുന്നതാണ് ആഗോള കത്തോലിക്കാ സഭ.

നിര്‍ണായക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പോപ്പിന് കര്‍ദ്ദിനാള്‍ തിരുസംഘത്തെ കൂട്ടായോ, കര്‍ദ്ദിനാള്‍മാരെ ഒറ്റയ്ക്കോ വിളിക്കാം. കൂടാതെ കര്‍ദ്ദിനാള്‍മാര്‍ക്ക് രൂപതയുടേയോ അതിരൂപതയുടേയോ ചുമതലയുണ്ടാകും. അല്ലെങ്കില്‍ റോമില്‍ പോപ്പിന്റെ ഓഫീസായ കൂരിയയില്‍ ഏതെങ്കിലും വിഭാഗത്തിന്റെ ചുമതലക്കാരനായിരിക്കും. പോപ്പ് കാലം ചെയ്യുകയോ, സ്ഥാനത്യാഗം ചെയ്യുകയോ ചെയ്ത് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരുമ്പോള്‍ കര്‍ദ്ദിനാള്‍മാരാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്. പോപ്പിന്റെ സ്ഥാനം ഒഴിയുന്ന ദിവസം 80 വയസ്സ് തികയാത്ത കര്‍ദ്ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ബിഷപ്പിന്റെ വേഷവിധാനങ്ങളില്‍ നിന്ന് കര്‍ദ്ദിനാളിന്റെ വേഷത്തിന് വ്യത്യാസമുണ്ട്. കുപ്പായത്തിന് ചുവപ്പ് നിറമാണ്. കൂടാതെ പ്രത്യേക തരത്തിലുള്ള ചുവപ്പ് ആലങ്കാരിക തൊപ്പിയും ഉണ്ടാകും. 90 രാജ്യങ്ങളില്‍ നിന്നുള്ള 253 പേരടങ്ങുന്നതാണ് ഇപ്പോഴത്തെ കര്‍ദിനാള്‍ തിരുസംഘം. ഇതില്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ യോഗ്യരായ 80 വയസ്സിനു താഴെയുള്ളവര്‍ 140 ആണ്.  

placeholder

ഇറ്റലിക്കാരനായ 99 വയസ്സുള്ള ആഞ്ചലോ അച്ചേര്‍ബിയാണ് കര്‍ദ്ദിനാള്‍ സംഘത്തിലെ ഏറ്റവും പ്രായമുള്ളയാള്‍. 44 വയസ്സുമാത്രമുള്ള യുക്രേനിയക്കാരന്‍ മൈക്കോല ബെചോക്ക് ആണ് ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍. 

വിജാഗിരി എന്നര്‍ഥമുളള കാര്‍ദോ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് കര്‍ദ്ദിനാള്‍ എന്ന വാക്കുണ്ടായത്. യേശുവിലേക്കുളള സഭയുടെ കവാടമായ മാര്‍പാപ്പയുടെ ശുശ്രൂഷയിലുള്ള കര്‍ദ്ദിനാള്‍മാരുടെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. 

ചങ്ങനാശ്ശേരിക്കടുത്ത് മാമ്മൂട്ടില്‍ കൂവക്കാട് ജേക്കബ് വര്‍ഗീസ്, ത്രേസ്യാമ്മ ദമ്പതിമാരുടെ മകനാണ് മാര്‍ ജോര്‍ജ് കൂവക്കാട്. ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശ്ശേരി സെയ്ന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍നിന്ന് പ്രീഡിഗ്രിയും രസതന്ത്രത്തില്‍ ബിരുദവും നേടി.

കുറിച്ചി മൈനര്‍ സെമിനാരിയിലെ പരിശീലനത്തിനുശേഷം ആലുവ സെയ്ന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനം, റോമിലെ ദേ സാപിയന്‍സേ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി. 2004 ജൂലായ് 24-ന് മാര്‍ ജോസഫ് പൗവ്വത്തിലില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. അതിരൂപതയുടെ തീര്‍ത്ഥാടനകേന്ദ്രമായ പാറേല്‍ സെയ്ന്റ് മേരീസ് പള്ളിയിലെ പൗരോഹിത്യശുശ്രൂഷയ്ക്കുശേഷം റോമില്‍ ഉപരിപഠനം.

പൗരോഹിത്യത്തിന്റെ 20-ാം വര്‍ഷമാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. 

2006-ല്‍ വത്തിക്കാനിലെ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ ഡിപ്ലോമാറ്റിക് സര്‍വീസില്‍ ചേര്‍ന്നു. അള്‍ജീറിയ, സൗത്ത് കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക, വെനസ്വേല തുടങ്ങിയ നൂണ്‍ഷ്യേച്ചറുകളിലെ സേവനത്തിനുശേഷം 2020-ല്‍ വത്തിക്കാനില്‍ തിരിച്ചെത്തി. സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റില്‍ ജോലി ആരംഭിച്ചു. 2021-മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്താരാഷ്ട്രയാത്രകളുടെ ചുമതല നിര്‍വഹിക്കുന്നു.

ഒക്ടോബര്‍ ആറിന് മധ്യാഹ്നപ്രാര്‍ഥനയ്ക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ, ജോര്‍ജ് കൂവക്കാടിനെ കര്‍ദ്ദിനാളായി പ്രഖ്യാപിച്ചത്. 

നേരിട്ട് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ട ജോര്‍ജ് ജേക്കബ്ബ് കൂവക്കാടിനെ, ഔദ്യോഗിക സ്ഥാനാരോഹണത്തിന് മുന്നോടിയായി നവംബര്‍ 25 ന് ആര്‍ച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. പുരാതന പൗരസ്ത്യ സുറിയാനി സഭാ കേന്ദ്രമായിരുന്ന നിസിബിസിലുണ്ടായിരുന്ന കല്‍ദായ കത്തോലിക്കാ രൂപതയുടെ സ്ഥാനിക ആര്‍ച്ച് ബിഷപ്പ് സ്ഥാനമാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. 

റോമന്‍ കത്തോലിക്കാ സഭ (ലത്തീന്‍)യും വ്യക്തിഗത സ്വഭാവ വിശേഷമുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളും ചേരുന്നതാണ് ആഗോള കത്തോലിക്കാ സഭ. ഇതിലെ രണ്ടു പൗരസ്ത്യ സഭകളാണ് കേരളത്തില്‍ നിന്നുള്ള സിറോ മലബാര്‍ സഭയും സിറോ മലങ്കര സഭയും. സിറോ മലബാര്‍ സഭയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സിറോ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലീമീസുമാണ് കേരളത്തില്‍ നിന്നുള്ള ഇപ്പോഴത്തെ കര്‍ദിനാള്‍മാര്‍. അവരുടെ നിരയിലേക്കാണ് ഇപ്പോള്‍ മാര്‍.ജോര്‍ജ് കൂവക്കാട്ടും ഉയര്‍ന്നത്.