
ന്യൂഡല്‍ഹി: യുക്രൈനില്‍നിന്ന് ഡല്‍ഹിയിലെത്തിയവര്‍ക്ക് വന്‍സ്വീകരണമൊരുക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ മത്സരിച്ചപ്പോള്‍, 30 മലയാളികള്‍ക്കായി വെറും രണ്ടുകാറുകളാണ് കേരള ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്കയച്ചത്. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചെങ്കിലും വിമാനത്താവളത്തിലെ കാഴ്ച മറ്റൊന്നായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് യുക്രൈനില്‍ നിന്നുള്ള ആദ്യവിമാനം ഡല്‍ഹിയിലിറങ്ങിയത്. നാട്ടുകാരെ വരവേല്‍ക്കാന്‍ രാത്രി രണ്ടുമുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. ഹരിയാണയും കര്‍ണാടകയും തെലങ്കാനയും വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കും തുറന്നു.
കേരള ഹൗസ് പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത് മൂന്നുകഴിഞ്ഞാണ്. മുപ്പതോളം മലയാളികളെ പ്രതീക്ഷിച്ച് അവരെത്തിയത് രണ്ടുകാറുമായാണ്. പതിനഞ്ചില്‍ താഴെ വിദ്യാര്‍ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുമായി യു.പി.യും മഹാരാഷ്ട്രയുമെത്തിയപ്പോഴാണ് കേരളത്തിന്റെ നടപടി.
എന്നാല്‍, 30 മലയാളികളില്‍ 16 പേരെ വിമാനത്താവളത്തില്‍നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റി അയക്കാന്‍ തീരുമാനമായതോടെ 14 വിദ്യാര്‍ഥികളെ രണ്ടുകാറുകളിലെത്തിക്കാന്‍ കേരള ഹൗസ് അധികൃതര്‍ക്ക് കഴിഞ്ഞു. വളരെയധികം ലഗേജുകള്‍പ്പൊപ്പം 12 വിദ്യാര്‍ഥികളെ രണ്ടുകാറില്‍ കുത്തിനിറച്ച് ആദ്യ ട്രിപ്പ് പോയി. ബാക്കി രണ്ടുവിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും കേരളഹൗസില്‍നിന്ന് കാര്‍ തിരിച്ചുവരാന്‍ ഒരുമണിക്കൂറോളം വീണ്ടും വിമാനത്താവളത്തില്‍ കാത്തുനിന്നു. മലയാളി വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ കേരളഹൗസിലെത്തേണ്ടിവന്നു.
മുഖ്യമന്ത്രി ജയ്ശങ്കറുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ചര്‍ച്ച നടത്തി. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തിയതില്‍ മുഖ്യമന്ത്രി നന്ദിയറിയിച്ചു.
ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കണമെന്നും യുക്രൈന്‍ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയുംപെട്ടെന്ന് അതിര്‍ത്തിയിലേക്കയക്കണമെന്നും റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
പ്രധാനമന്ത്രിക്ക് കത്തയച്ചു
യുക്രൈന്‍ രക്ഷാദൗത്യത്തില്‍ നടപടി അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. രക്ഷാദൗത്യത്തിന് നടത്തുന്ന ഇടപെടലുകള്‍ക്കും സഹായങ്ങള്‍ക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു.
Content Highlights: Kerala arrange just two cars to transport 30 returned malayalees
Published: 28 Feb 2022, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented