വാഷിങ്ടൺ: ലോസ് ആഞ്ജലീസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി കേരളത്തിൽ ജനിച്ചുവളർന്ന നിത്യ രാമൻ. നിലവിലെ മേയറായ കരേൻ ബാസിനെ പരാജയപ്പെടുത്തിയാണ് വിജയം. ഡിസിഷൻ ഡെസ്ക് എച്ച്.ക്യു പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 51.1 ശതമാനം വോട്ടുകൾ നേടിയാണ് നിത്യ വിജയിച്ചത്. അതേസമയം കരേൻ ബാസിന് 48.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നിത്യയുടെ അമ്മയുടെ നാടാണ് തൃശ്ശൂർ. തിരുവനന്തപുരം അച്ഛന്റെയും. ഡെമക്രാറ്റ് പാർട്ടി സ്ഥാനാർഥിയാണ് 45 വയസ്സുകാരിയായ ഇവർ. ഇതേ പാർട്ടിയിലെ അംഗവും നിലവിലെ മേയറുമായ കരൻ ബാസ് ആണ് എതിരാളി. 1981-ൽ ആണ് നിത്യയുടെ ജനനം. അച്ഛൻ വെങ്കിട്ടരാമൻ തിരുവനന്തപുരം കെൽട്രോണിൽ എൻജിനീയറായിരുന്നു. തൃശ്ശൂരിൽ ജനിച്ചെങ്കിലും ആദ്യ രണ്ടരവർഷം തിരുവനന്തപുരത്തായിരുന്നു താമസം. വെങ്കിട്ടരാമൻ ഉന്നതപഠനത്തിന് അമേരിക്കയിലേക്കു പോയ സമയത്താണ് അമ്മയും മകളും തൃശ്ശൂരിലേക്കു വന്നത്.
നടനനികേതനത്തിൽ പ്രവർത്തിച്ചിരുന്ന ഭാരതീയവിദ്യാഭവനിലായിരുന്നു എൽ.കെ.ജി.മുതൽ ഒന്നാംക്ലാസുവരെ പഠനം. ആറാംവയസ്സോടെ കുടുംബസമേതം അമേരിക്കയിലേക്കു പോയി. പിന്നെ ബിരുദത്തിനു ശേഷമാണ് കൂടുതൽക്കാലം ഇന്ത്യയിൽ തങ്ങിയത്-നാലുവർഷം. നൃത്തത്തോടുള്ള ഇഷ്ടമായിരുന്നു കാരണം. ചെന്നൈ കലാക്ഷേത്രയിൽനിന്ന് ഭരതനാട്യം പഠിച്ചെടുത്തു. ഹോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനുമൊത്തുള്ള 2010-ലെ വിവാഹമാണ് ഇന്ത്യയിൽ നടന്ന മറ്റൊരു മുഹൂർത്തം. ബെംഗളൂരുവിലായിരുന്നു അത്. ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന അമ്മ സുധ കേച്ചേരി, തൃശ്ശൂർ ശാഖകളിൽ ജോലിചെയ്തിട്ടുണ്ട്. ഏക സഹോദരൻ ആകാശ് രാമൻ ന്യൂയോർക്കിൽ ഫിനാൻഷ്യൽമേഖലയിലാണ്.
Published: 05 Nov 2026, 10:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented