
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ വിമർശനങ്ങൾക്ക് കനത്ത മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യൻ എണ്ണ വാങ്ങുന്നതിനെ ചോദ്യം ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. ഫിൻലൻഡിൽ നടന്ന കുൾതറാന്ത ടോക്‌സിൽ (Kultaranta Talks) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇതുവരെ യൂറോപ്പിന്റെ സുരക്ഷയെ ബാധിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, യൂറോപ്പ് കയറ്റുമതി ചെയ്യുന്ന ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2022-ൽ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ സമയത്ത്, ആഗോള എണ്ണ വിപണിയിൽ വില നിയന്ത്രിക്കാനായി റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക തന്നെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെന്ന നിർണായക വെളിപ്പെടുത്തലും മന്ത്രി നടത്തി. ആഗോള ഊർജ വിപണിയിൽ വലിയ രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരണമെന്ന് യുഎസ് നേരിട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ പാശ്ചാത്യ രാജ്യങ്ങൾ വിമർശിക്കുന്നതിനിടയിലാണ്, വിപണിയിലെ സന്തുലിതാവസ്ഥ നിലനിർത്താൻ അമേരിക്ക തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു എന്ന വസ്തുത മന്ത്രി തുറന്നുപറഞ്ഞത്. റഷ്യൻ എണ്ണ വാങ്ങാൻ ആവശ്യപ്പെടുകയും പിന്നീട് താരിഫുകൾ ഏർപ്പെടുത്തുകയും ശേഷം അവ പിൻവലിക്കുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടിലെ പൊരുത്തക്കേടുകളെ അദ്ദേഹം ചോദ്യം ചെയ്തു.
എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം രാഷ്ട്രീയപരമായ ഒന്നല്ല, മറിച്ച് സാമ്പത്തിക ലാഭവും ലഭ്യതയും മുൻനിർത്തി ഉള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തോടെ വിപണിയിലെ സാഹചര്യങ്ങൾ മാറിയതോടെയാണ് റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈൻ യുദ്ധത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ഇന്ധനം ഒഴിവാക്കി ഇന്ത്യയുടെ പരമ്പരാഗത വിതരണക്കാരായ മിഡിൽ ഈസ്റ്റിൽനിന്ന് വൻതോതിൽ എണ്ണ വാങ്ങാൻ തുടങ്ങി. യൂറോപ്പ് മിഡിൽ ഈസ്റ്റ് വിപണി കൈയടക്കിയതോടെ ലഭ്യമായ എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരായതാണെന്നും സാഹചര്യങ്ങൾ ഇന്ത്യയെ റഷ്യൻ വിപണിയിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
വിദേശരാജ്യങ്ങളുടെ ഉപരോധങ്ങളേക്കാൾ സ്വന്തം രാജ്യത്തിന്റെ ഊർജ സുരക്ഷയ്ക്കും ദേശീയ താല്പര്യങ്ങൾക്കുമാണ് ഇന്ത്യ മുൻഗണന നൽകിയത്. റഷ്യ ഒരു വിശ്വസ്തനായ ഊർജ വിതരണക്കാരനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിദേശനയവും ഊർജ ആവശ്യങ്ങളും ദേശീയ താല്പര്യങ്ങൾക്ക് അനുസൃതമാണെന്ന് അദ്ദേഹം ആവർത്തിച്ചു. റഷ്യ നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണെന്നപോലെ അമേരിക്ക ഏറ്റവും വലിയ വാതക വിതരണക്കാരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്ന ധാർമ്മികമായ പ്രസംഗങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇത് വലിയ തത്വങ്ങളുടെ പ്രശ്‌നമല്ലെന്നും മറിച്ച് സാമ്പത്തിക ലാഭവും ലഭ്യതയും മുൻനിർത്തിയുള്ള തീരുമാനമാണെന്നും അദ്ദേഹം ആവർത്തിച്ചു. സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാത്രം മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പാശ്ചാത്യ രീതിയെയും അദ്ദേഹം വിമർശിച്ചു.
Content Highlights: India prioritizes energy security over Western moral pressure., The US requested India to buy Russian oil to stabilize global markets in 2022., Europe's shift to Middle Eastern oil suppliers forced India to pivot toward Russia., Import decisions are based on economic viability and availability, not politics.
Published: 12 Jun 2026, 12:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented