ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ തകർക്കപ്പെട്ട ആസ്ഥാനം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദ് സെപ്റ്റംബർ 25-ന് വലിയ തോതിൽ യോഗം സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്. അൽ മുറാബിത്തൂൻ എന്നു പേരു മാറ്റിയ ഭീകര സംഘടനയിലേക്കു പുതിയ അംഗങ്ങളെ ചേർക്കാനാണ് യോഗമെന്നാണ് സൂചന. ഇതിലൂടെ ഇന്ത്യയ്‌ക്കെതിരെ വൻതോതിൽ ആക്രമണം സംഘടിപ്പിക്കാനും പുതിയ സംഘടന ലക്ഷ്യമിടുമെന്നാണ് കരുതുന്നത്. 

To advertise here,

ഓപ്പറേഷൻ സിന്ദൂറിനിടെ ബഹാവൽപൂരിലുള്ള ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് എന്ന ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്ത് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരൻ യൂസഫ് അസ്ഹർ അടക്കം കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടിരുന്നു. യൂസഫ് അസ്ഹറിന്റെ അനുസമരണവുമായി ബന്ധപ്പെട്ടാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. പെഷവാറിലെ മർകസ് ഷഹീദ് മസൂദാബാദിലാണ് യോഗം നടക്കുക. ജെയ്ഷെ-മുഹമ്മദിന്റെ മുതിർന്ന കമാൻഡർമാരും അംഗങ്ങളും പങ്കെടുക്കും.

മൂത്ത സഹോദരി, അവരുടെ ഭർത്താവ്, ഒരു മരുമകനും ഭാര്യയും, ഒരു മരുമകൾ, കുടുംബത്തിലെ അഞ്ച് കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് മസൂദ് അസ്ഹർ പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് കുട്ടികൾ,  മൂത്ത സഹോദരിയും ഭർത്താവും മരുമകൻ ഫാസിലും ഭാര്യയും മരുമകൾ ഫാസിലയും. അവരോടൊപ്പം, എന്റെ പ്രിയ സഹോദരൻ ഹുസൈഫയും അവന്റെ അമ്മയും കൊല്ലപ്പെട്ടതായും അസ്ഹർ പറഞ്ഞു.

ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 6-7 രാത്രിയിലാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഒൻപത് ഭീകര താവളങ്ങൾ തകർത്തു. ഇതിൽ ബഹാവൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനവും മുരീദ്കെയിലെ ലഷ്‌കറെ ത്വയ്ബ ആസ്ഥാനവും ഉൾപ്പെടുന്നു.

അതേസമയം, ഇന്ത്യൻ ആക്രമണത്തെ തുടർന്ന് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജെയ്ഷെ മുഹമ്മദ് കമാൻഡറുടെ വീഡിയോ പുറത്തുവന്നിരുന്നു. പാകിസ്താന്റെ മണ്ണിൽനിന്ന് മസൂദ് അസ്ഹർ ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും കമാൻഡർ സമ്മതിച്ചിരുന്നു.