ന്യൂഡല്‍ഹി: ഡല്‍ഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകന്‍ സംഘടനയുടെ തലവനായ മസൂദ് അസറായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന പരാമര്‍ശങ്ങളുമായി ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍. ഡല്‍ഹി, മുംബൈ ആക്രമണങ്ങളില്‍ തങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ പാകിസ്താന് ആവര്‍ത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് സംഘടനയുടെ മുതിര്‍ന്ന അംഗമായ മസൂദ് ഇല്യാസ് കശ്മീരിയില്‍ നിന്ന് ഇത്തരമൊരു സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
അഞ്ചു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം ഇന്ത്യ മോചിപ്പിച്ച മസൂദ് അസറിന്റെ താവളം ബലാക്കോട്ട് ആയിരുന്നുവെന്നും മസൂദ് ഇല്യാസ് പറയുന്നു. 2019ല്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ ബലാക്കോട്ട് ലക്ഷ്യമിട്ടിരുന്നു. പാകിസ്താനിലിരുന്നാണ് മസൂദ് അസര്‍ ഇന്ത്യയ്ക്കെതിരേയുള്ള ആക്രമണങ്ങള്‍ നടത്തിയതെന്ന് മസൂദ് ഇല്യാസ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തിഹാര്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട് അമീറുള്‍ മുജാഹിദീന്‍ മൗലാന മസൂദ് അസര്‍ പാകിസ്താനിലെത്തി. ബലാക്കോട്ട് അദ്ദേഹത്തിന്റെ ലക്ഷ്യവും ദൗത്യവും പദ്ധതിയും നടപ്പിലാക്കാനുള്ള വേദിയൊരുക്കി. ഡല്‍ഹിയിലും മുംബൈയിലും നടത്തിയ ആക്രമണങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെ ഭീതിയിലാഴ്ത്തി, മസൂദ് ഇല്യാസ് വീഡിയോയില്‍ പറയുന്നു. കൂടാതെ ഒസാമ ബിൻ ലാദനെ ആശയധാര രൂപപ്പെടുത്തിയ രക്തസാക്ഷി എന്ന് ഇയാൾ വിശേഷിപ്പിക്കുകയും ചെയ്തു.
തങ്ങളുടെ അതിർത്തിക്കുള്ളിൽ ഭീകരരുടെ ഒളിത്താവളങ്ങൾ ഇല്ല എന്ന് ലോകത്തോട് പറഞ്ഞിട്ടും പാകിസ്താന്റെ സൈനിക-സുരക്ഷാ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജെയ്ഷെ ക്യാമ്പുകൾ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നു എന്ന ഇന്ത്യയുടെ ദീർഘകാലമായുള്ള വാദത്തെ ജെയ്ഷെ കമാൻഡറുടെ വെളിപ്പെടുത്തൽ ശരിവെക്കുന്നു. ജെയ്ഷെയുടെ ബഹവൽപൂർ ആസ്ഥാനമായ ജാമിഅ മസ്ജിദ് സുബ്ഹാൻ അള്ളായിൽ മേയ് ഏഴിന് നടന്ന ആക്രമണം കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്നും ബോംബാക്രമണത്തിൽ അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായും കശ്മീരി പറഞ്ഞതായുള്ള റിപ്പോർട്ടുകൾ ചൊവ്വാഴ്ച വന്നിരുന്നു.
ഇന്ത്യയ്ക്കെതിരായ നിരവധി ഭീകരാക്രമണങ്ങളില്‍ പ്രതിസ്ഥാനത്തുള്ള സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. സംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, ഏഴ് സൈനികരുടെ ജീവനെടുത്ത 2016-ലെ പത്താന്‍കോട്ട്, 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ പുല്‍വാമ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കും നേതൃത്വം നല്കി. 2019 മേയ് ഒന്നിന് യുഎന്‍ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചു.
1968-ല്‍ പാക് പഞ്ചാബിലെ ബഹവല്പുരിലായിരുന്നു ജനനം. സോവിയറ്റ്-അഫ്ഗാന് യുദ്ധത്തില്‍ സജീവമായിരുന്ന ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ അന്സാറിലൂടെയായിരുന്നു തുടക്കം. 1998-ല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി. കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനം നടത്താന്‍ ഹര്ക്കത്തുലിന്റെ പിന്തുണയുണ്ടെന്ന് 1998-ല്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ കണ്ടെത്തി. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് 2001-ല്‍ ഇന്ത്യയുടെ ആവശ്യപ്രകാരം അസറിനെ പാകിസ്താന് അറസ്റ്റുചെയ്തെങ്കിലും ഒരു വര്‍ഷത്തിനുശേഷം വിട്ടയച്ചു.
മസൂദ് അസര്‍ ഇപ്പോഴും പാകിസ്താനിലുണ്ടെന്നാണ് വ്യാപകമായി കരുതപ്പെടുന്നതെങ്കിലും തെളിവുകളില്ല. മറ്റൊരു നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുടെ തലവന്‍ ഹാഫിസ് സയീദിനെയും അസറിനെയും കൈമാറാന്‍ ഇന്ത്യ പാകിസ്താനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവർ അജ്ഞത നടിക്കുകയായിരുന്നു. ജൂലായില്‍ അല്‍ ജസീറയ്ക്ക് നല്കിയ ഒരഭിമുഖത്തില്‍ അസര്‍ അഫ്ഗാനിസ്ഥാനിലായിരിക്കാമെന്ന് പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സൂചിപ്പിച്ചിരുന്നു.
Content Highlights: Jaish-e-Mohammed operative confirms Masood Azhar`s involvement in Delhi & Mumbai terror attacks
Published: 17 Sept 2025, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented