ടെൽ അവീവ്: സമാധാന കരാറിന്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയവരുടെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും നൽകുന്നതിനു പകരമായി ജയിലിലുള്ള പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിൽ ഇസ്രയേലിൽ പ്രതിഷേധം പുകയുന്നു. ഇങ്ങനെ വിട്ടയക്കുന്നവരിൽ പലരും ഇസ്രയേലിനെതിരെ കൊടുംകുറ്റകൃത്യങ്ങൾ ചെയ്ത് ശിക്ഷിക്കപ്പെട്ടവരാണെന്നാണ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഗാസയിലും വെസ്റ്റ് ബാങ്കിലും തിരിച്ചത്തിയ പലസ്തീൻ തടവുകാർക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്.

To advertise here,

2003-2005 കാലഘട്ടത്തിൽ ചാവേർ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത പലസ്തീൻ ഇസ്ലാമിക് ജിഹാദ് കമാൻഡർ ഇയാദ് അബു അൽ റൂബ് നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഈ മൂന്ന് ആക്രമണങ്ങളിലുമായി 13 പേർ കൊല്ലപ്പെട്ടിരുന്നു. 2009-ൽ ടാക്‌സി ഡ്രൈവററെ കൊലപ്പെടുത്തിയ ഫത്താ പ്രവർത്തകൻ മുഹമ്മദ് സക്കർനേഹിനെയും 2017-ൽ ഇസ്രയേൽ പൗരനെ കുത്തിക്കൊലപ്പെടുത്തിയ മുഹമ്മദ് അബു അൽ റൂബിനെയും ഈജിപ്തിലേക്ക് നാടുകടത്തി.

2015-ൽ ബസിൽ കയറി വെടിയുതിർത്ത് മൂന്നു പേരെ വധിച്ച സംഭവത്തിൽ പിടികൂടിയ ബിലാൽ അബു ഘനേമിനെ കഴിഞ്ഞ ഫെബ്രുവരിയിൽ കൈമാറിയ ബന്ദികൾക്കു പകരമായി വിട്ടയച്ചത് ഇസ്രയേലിൽ കടുത്ത പ്രതിഷേധം വളർത്തിയിരുന്നു. ബിലാലിന് മൂന്ന് ജീവപര്യന്തം ശിക്ഷയായിരുന്നു ഇസ്രയേലി കോടതി വിധിച്ചിരുന്നത്.

2000-ൽ രണ്ടാം ഇൻതിഫാദയുടെ തുടക്കത്തിൽ രണ്ട് സൈനികരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായിരുന്ന പലസ്തീൻ പോലീസ് ഉദ്യോഗസ്ഥൻ, 13 വയസ്സുള്ള ആൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഗാസ സ്വദേശി, ചാവേർ ആക്രമണങ്ങൾക്കും മറ്റ് ആക്രമണങ്ങൾക്കും ഉത്തരവാദികളായ ഒട്ടേറെപ്പേരും ഇതിൽ ഉൾപ്പെടുന്നു.

അഞ്ച് ജീവപര്യന്തം തടവ് അനുഭവിക്കുന്ന മർവാൻ ബർഗൂതി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെ മോചിപ്പിക്കാൻ ഹമാസ് ശ്രമിച്ചതിനാൽ തടവുകാരുടെ അന്തിമ പട്ടികയെക്കുറിച്ച് അവസാന നിമിഷം വരെ തർക്കമുണ്ടാവുകയും അത് പലതവണ മാറ്റിയെഴുതുകയും ചെയ്തിരുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിലെ രണ്ട് തീവ്രവലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ ഡൊണാൾഡ് ട്രംപിന്റെ ഉടമ്പടിക്ക് എതിരായി നിലപാട് എടുത്തിരുന്നു. പാർലമെന്റിൽ ഇവർ സർക്കാരിനെതിരായി വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിൽ വെടിനിർത്തൽ നടപ്പക്കുമ്പോൾ ഇസ്രയേലി ജയിലിലുള്ള 250 കുറ്റവാളികളെ മോചിപ്പിക്കേണ്ടി വരുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

''ഈ സന്തോഷത്തിനു നൽകേണ്ടി വരുന്ന വില വളരെ വലുതാണ്, ആയിരക്കണക്കിന് തീവ്രവാദികളുടെ മോചനം. ഇവർ തീവ്രവാദത്തിലേക്ക് തിരികെ പോകുമെന്നും ജൂതന്മാരെ കൊലപ്പെടുത്തുത്തതു തുടരുമെന്നുമാണ് മുൻകാല അനുഭവം.'' ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷ ഒറ്റ്‌സ്മാ യെഹൂദിറ്റ് പാർട്ടിയുടെ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു.

മോചിപ്പിക്കപ്പെട്ട രണ്ടായിരത്തോളം പേരിൽ ഡോക്ടർമാർ, നഴ്‌സുമാർ, പത്രപ്രവർത്തകർ എന്നിവരുൾപ്പെടെ കുറ്റം ചുമത്താതെ തടവിൽവെച്ചവരും ഉണ്ടായിരുന്നു. 2023 ഒക്ടോബർ 7-ലെ ആക്രമണങ്ങളിൽ ഈ തടവുകാർക്ക് പങ്കുണ്ടായിരുന്നില്ല. ഇസ്രയേലിന് ആളുകളെ കുറ്റം ചുമത്താതെ അനിശ്ചിതകാലത്തേക്ക് തടവിൽ വെക്കാൻ അനുവദിക്കുന്ന 'അഡ്മിനിസ്ട്രേറ്റീവ് ഡിറ്റൻഷൻ' എന്ന ചട്ടത്തിനു കീഴിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്. പട്ടികയിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടായിരുന്നു.

ഇസ്രയേൽ വിട്ടയച്ച തടവുകാരെ സ്വീകരിക്കാൻ ഗസയിലും വെസ്റ്റ് ബാങ്കിലും വൻജനാവില തടിച്ചുകൂടിയിരുന്നു. സ്ത്രീകളും പെൺകുട്ടികളും പരമ്പരാഗത വേഷം ധരിച്ചാണ് എത്തിയത്. മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ പലരും വിസമ്മതിച്ചു: ഇസ്രയേൽ സൈന്യം അവരെ വിളിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അവർ പറഞ്ഞു. ''ഇസ്രയേലിന്, ഏതൊരു പലസ്തീനിയും തീവ്രവാദിയാണ്, അവർ ഒന്നും ചെയ്തില്ലെങ്കിൽ പോലും.'' മോചിപ്പിക്കപ്പെട്ട ഒരാളുടെ ബന്ധു പറഞ്ഞു.

ജീവനോടെയുള്ളുള്ള 20 ബന്ദികളെ മോചിപ്പിച്ചതിന് പകരമായി 1,968 പലസ്തീൻ തടവുകാരെ ഇസ്രയേൽ ബസുകളിൽ കയറ്റി വെസ്റ്റ് ബാങ്കിലേക്കും ഗാസയിലേക്കും അയച്ചതായാണ് റിപ്പോർട്ട്. തടവുകാരിൽ 154 പേരെ ഈജിപ്തിലേക്ക് നാടുകടത്തിയതായി ഹമാസ് അറിയിച്ചു.