
ടെൽ അവീവ്: ഹമാസിനെ പൂർണമായും നിരായുധരാക്കുന്നതുവരെ ഇസ്രയേൽ സൈന്യം പിൻവാങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഗാസയിലെ ട്രംപിന്റെ സമാധാന പദ്ധതി തള്ളി ബെഞ്ചമിൻ നെതന്യാഹു. ആവശ്യമെങ്കിൽ അടുത്ത സഖ്യകക്ഷികളെവരെ എതിർക്കാൻ മടിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും 'സമ്പൂർണ നിരായുധീകരണത്തിനായി' ഒരു കരാറിലെത്തിയതായി ട്രംപിന്റെ ബോർഡ് ഓഫ് പീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇത് അംഗീകരിക്കുന്നതായി പറഞ്ഞ ഹമാസ്, ഇസ്രായേൽ എല്ലാത്തരം ആക്രമണങ്ങളും അവസാനിപ്പിക്കുകയും ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും ചെയ്താൽ മാത്രമേ ആയുധങ്ങൾ കൈമാറുകയുള്ളൂവെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഗാസയിൽ സമാധാന പദ്ധതി ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇസ്രയേൽ മൗനത്തിലായിരുന്നു. ഇതിന് ശേഷം ഇപ്പോഴാണ് ഇസ്രയേലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ വെടിനിർത്തൽ കരാറിലെത്തിയതിനുശേഷവും ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്ച നടന്ന മന്ത്രി സഭായോഗത്തിലാണ് ട്രംപ് മുന്നോട്ടുവെച്ച 15ഇനി പദ്ധതി നിരസിക്കുകയാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്.
'ഹമാസിനെ യഥാർഥത്തിൽ നിരായുധീകരിക്കുന്നതുവരെ ഇസ്രായേൽ സൈന്യം യാതൊരു പിന്മാറ്റവും നടത്തില്ല, ഞങ്ങളുടെ സേനയ്ക്കും പൗരന്മാർക്കുമെതിരെയുള്ള ഭീഷണികൾ തടയുന്നത് തുടരുകയും ചെയ്യും', അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള യുദ്ധത്തിൽ നെതന്യാഹു ട്രംപിനെ പ്രശംസിക്കുമ്പോൾ തന്നെയാണ് ഗാസയിൽ അദ്ദേഹത്തിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇസ്രയേലിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നെതന്യാഹുവിന്റെ നീക്കമെന്നാണ് സൂചന. ട്രംപ് പറയുന്നത് മാത്രമാണ് നെതന്യാഹു അനുസരിക്കുന്നതെന്ന് ഇസ്രയേലിൽ അദ്ദേഹത്തിനെതിരെ പ്രചാരണം നടക്കുന്ന വേളയിൽകൂടിയാണ് ശക്തമായ പ്രസ്താവനകൾ.
'പ്രസിഡന്റ് ട്രംപിനോട് എനിക്ക് വലിയ ആദരവുണ്ട്. അദ്ദേഹം നമ്മുടെ ഒരു വലിയ സുഹൃത്താണ്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിൽ അമേരിക്കയുമായുള്ള ചരിത്രപരമായ പങ്കാളിത്തത്തെ ഞാൻ വളരെധികം വിലമതിക്കുന്നു. ഞാൻ വീണ്ടും ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു, കരാറുണ്ടായാലും ഇല്ലെങ്കിലും ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധങ്ങൾ ഉണ്ടാകില്ല', നെതന്യാഹു മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു.
'ഇസ്രായേലിന്റെ സുരക്ഷയ്ക്കായി എന്തുചെയ്യണമോ അത് ഞങ്ങൾ ചെയ്യുന്നുണ്ട്. ആവശ്യമുള്ളപ്പോൾ ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെപ്പോലും എതിർത്തുനിൽക്കാനുള്ള കരുത്തും ഞങ്ങൾക്കുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള ശേഷി ഹമാസിന് ഇപ്പോഴുമുണ്ടെന്ന് അവകാശപ്പെട്ടുക്കൊണ്ടാണ് നെതന്യാഹു ട്രംപിന്റെ പദ്ധതി തള്ളിയിരിക്കുന്നത്. 'അവർ ആക്രമിച്ചേക്കാം, നമ്മളെ അവർ ഇപ്പോൾ ആക്രമിക്കാതിരിക്കുന്നതിന് കാരണമുണ്ട്. അവർ ആക്രമിച്ചാൽ നമ്മൾ എത്ര ശക്തമായ തിരിച്ചടിയാണ് നൽകുകയെന്ന് അവർക്കറിയാം', നെതന്യാഹു പറഞ്ഞു.
Content Highlights: Benjamin Netanyahu officially rejected Donald Trump's 15-point Gaza peace plan., Israel vowed not to withdraw troops from Gaza until Hamas is completely disarmed., Netanyahu stated he is willing to oppose even close allies to protect Israeli security., Hamas had previously conditioned weapon handover on a total Israeli military withdrawal.
Published: 09 Aug 2026, 06:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented