ജെറുസലേം: പശ്ചിമേഷ്യയില്‍ അടുത്ത യുദ്ധമുഖം തുറന്ന് ഇസ്രയേല്‍. വെള്ളിയാഴ്ച രാത്രിയില്‍ ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ വ്യക്തമാക്കി. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മണിക്കൂറുകള്‍ക്കകമാണ് വ്യോമാക്രമണമുണ്ടായത്‌.

To advertise here,

പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലടക്കം ഇസ്രയേല്‍ ആക്രമണം നടന്നു. മിസൈലുകളും ഡ്രോണുകളും അടക്കമുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. 

ആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത്‌ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം തടയാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ ആണവായുധ നിര്‍മാണം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടത്‌. ഇസ്രയേലും ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളുമായുമുള്ള പോരാട്ടം വര്‍ഷങ്ങളായി തുടരുന്നതാണ്. ഗാസയില്‍ ഇസ്രയേല്‍ തുടങ്ങിയ ഹമാസിനെതിരായ യുദ്ധത്തിന് പിന്നാലെ ഇസ്രയേല്‍ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി എന്നീ സായുധ സംഘങ്ങളും ഇസ്രയേലിനെ ആക്രമിച്ചിരുന്നു. 

ഈ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി അടുത്തിടെ ഇസ്രയേലില്‍ ഇറാന്‍ സൈബര്‍ ആക്രമണം നടത്തി രഹസ്യ വിവരങ്ങള്‍ കടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാനെതിരായ പ്രത്യക്ഷ ആക്രമണത്തിന് ഇസ്രയേല്‍ തുനിഞ്ഞത്. ഇറാന്റെ ആണവായുധ പദ്ധതികള്‍ തടയാനായി പുതിയ ആണവ കരാര്‍ കൊണ്ടുവരാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഇറാനും ഇസ്രയേലും തമ്മില്‍ നേരിട്ടുള്ള സൈനിക സംഘര്‍ഷത്തിലേക്ക് പോകുന്നത്. 

ഇസ്രയേലിന്റെ ആക്രമണ വിവരം പുറത്തുവന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്.