ടെൽഅവീവ്: ഹമാസുമായുള്ള സംഘർഷത്തിൽ ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനമായ അയൺ ഡോമിന് വൻ വിജയമാണുണ്ടാക്കിയത്. തലയ്ക്കുമുകളിൽ വർഷിക്കപ്പെടുന്ന മിസൈലുകളെ അയൺ ഡോം നിമിഷനേരം കൊണ്ട് നിർവീര്യമാക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാൽ, ഇറാന്‍റെ മിസൈൽ ആക്രമണങ്ങളെ നേരിടുന്നതിൽ അയൺ ഡോമിന് പിഴച്ചോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഇറാനുമായുള്ള സംഘർഷം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾ തളരുന്ന കാഴ്ചയാണ് കാണുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. മുമ്പൊരിക്കലുമില്ലാത്തവിധത്തിലാണ് പ്രതിരോധ സംവിധാനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രായേലിന്റെ സുപ്രധാന കേന്ദ്രങ്ങളിൽ ഇറാൻ മിസൈൽ വർഷിക്കുകയും വൻ കേടുപാടുകൾ വരുത്തുകയും ചെയ്തു. പല കെട്ടിടങ്ങളും തകർന്ന് തരിപ്പണമായതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പല വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇസ്രയേൽ പ്രതിരോധ സംവിധാനത്തിന്റെ വീര്യം കുറഞ്ഞുവരികയാണോ, ഇനിയെത്രനാൾ ഈവിധം തുടരാനാകും തുടങ്ങിയ ചോദ്യങ്ങളും ഇതോടെയാണ് ഉയർന്നത്.
എന്നാൽ, പ്രതിരോധ സംവിധാനങ്ങൾ നിരന്തരം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് വൻതോതിൽ കേടുപാടുകളൊന്നുംതന്നെ ഇതുവരെ പറ്റിയിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധ-സുരക്ഷാ ഫോറത്തിന്റെ ചെയർമാനായി വിരമിച്ച ബ്രിഗേഡിയൻ ജനറൽ അമീർ അവിവി മാധ്യമങ്ങളോട് പറഞ്ഞു. മിസൈലുകളെ പ്രതിരോധിക്കാൻ അയൺ ഡോം മാത്രമല്ല ഇസ്രയേലിന്റെ പക്കലുള്ളത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ തടയാൻ കൂടുതലും ആരോ-3 സംവിധാനമാണ് ഉപയോഗിക്കുന്നത്. 90 ശതമാനത്തോളം ഇത് വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് സംവിധാനവും നൂറുശതമാനം കുറ്റമറ്റതെന്ന് പറയുക പ്രയാസമാണ്. ഒരു മിസൈൽ കടന്നുപോകുമ്പോൾ ഇസ്രായേലിന്റെ പ്രതിരോധം പ്രവർത്തിക്കും. അത്തരം സന്ദർഭങ്ങളിൽ സാധാരണക്കാരായ ജനം ബങ്കറുകളെ ആശ്രയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വ്യാഴാഴ്ച ഹൈഫയിലേയും ടെൽഅവീവിലെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ വർഷം നടത്തിയിരുന്നു. ക്ലസ്റ്റർ ബോംബുകളടങ്ങിയ മിസൈലും ഇറാൻ ഉപയോഗിച്ചിരുന്നു. ഇത് പ്രതിരോധിക്കുന്നതിൽ ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടതായാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇസ്രയേലിന്റെ പല ഭാഗങ്ങളിലും ഇവ വൻതോതിൽ നാശങ്ങളുണ്ടാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തെക്കൻ ഇസ്രയേലിലെ സൊറോക്ക ആശുപത്രിയും റെഹോവോത്തിലുള്ള വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഇസ്രയേലിന് സാധിച്ചില്ല. ഇതോടെയാണ് അയൺ ഡോം അടക്കമുള്ള ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയേപ്പറ്റി ഊഹാപോഹങ്ങൾ ഉയർന്നത്.
ഇറാന്റെ ബാലിസ്റ്റിക് ശേഷിയെ നശിപ്പിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാനാണ് ഇറാന്റെ ലക്ഷ്യം. എന്നാൽ, അത് നിലനിർത്തുന്നതിൽ അവർ പരാജയപ്പെട്ടു. ഇസ്രയേൽ ഇറാന്റെ 40 ശതമാനത്തിലധികം ലോഞ്ചറുകൾ നശിപ്പിച്ചു. ഇത് ആക്രമണങ്ങൾ തുടർന്നുകൊണ്ടുപോകാനുള്ള ടെഹ്റാന്റെ കഴിവിനെ സാരമായി ബാധിച്ചുവെന്നും അമീർ അവീവ് പറഞ്ഞു.
അയേണ്‍ ഡോം, ആരോ 2, ആരോ 3, ഡേവിഡ് സ്ലിങ്, താഡ് എന്നിവയാണ് മിസൈല്‍ ആക്രമണങ്ങളെ തടയാന്‍ ഇസ്രയേല്‍ അണിനിരത്തിയ പ്രതിരോധ സംവിധാനങ്ങള്‍. ഇതില്‍ ഹ്രസ്വദൂര മിസൈലുകളെ തടയാന്‍ അയേണ്‍ ഡോം സഹായിക്കുമ്പോള്‍, ആരോ 2, ആരോ 3 സംവിധാനങ്ങള്‍ സൂപ്പര്‍ സോണിക് മിസൈലുകളേയും ദീര്‍ഘദൂര മിസൈലുകളേയും തടയാന്‍ സഹായിക്കുന്നു. ഡേവിഡ് സ്ലിങും താഡും ദീര്‍ഘ ദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളാണ്.
ഇവയെ കബളിപ്പിച്ചു കൊണ്ടുള്ള മിസൈൽ വർഷമാണ് ഇറാന്‍റേത്. കഴിഞ്ഞ ദിവസം ക്ലസ്റ്റർ ബോംബുകളടങ്ങിയ മിസൈൽ ഇറാൻ പ്രയോഗിച്ചിരുന്നു. മിസൈലുകളിൽ പോർമുനയായി വെക്കുന്ന ക്ലസ്റ്റർ ബോംബ് തൊടുക്കുമ്പോൾ ഒരെണ്ണമായും ലക്ഷ്യസ്ഥാനത്തെത്തി വായുവിൽ പൊട്ടിത്തെറിക്കുമ്പോൾ നൂറുകണക്കിന് ചെറുബോംബുകളായും മാറുകയാണ് ചെയ്യുന്നത്.
ചിതറിത്തെറിക്കുന്ന ബോംബുകൾക്ക് ലക്ഷ്യസ്ഥാനം നിർണയിക്കാത്തതിനാൽ തന്നെ നാശനഷ്ടങ്ങളുടെ തീവ്രത വലുതായിരിക്കും. വലിയ വിസ്തൃതിയിൽ നാശം വിതയ്ക്കാൻ ഇത് പര്യാപ്തമാണ്. ഇവയിൽ ചിലത് പൊട്ടിത്തെറിച്ചേക്കില്ല. പിന്നീട് ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. ഇവ കണ്ടെത്തുകയും നീക്കം ചെയ്യുക എന്നതും ഭാരിച്ചതും ചെലവേറിയതുമായ പ്രവൃത്തിയാണ്. ഇറാൻ തൊടുത്ത മിസൈല്‍ പതിച്ച് മധ്യ ഇസ്രയേലിൽ എട്ട് കിലോമീറ്ററോളം ചുറ്റളവിൽ ക്ലസ്റ്റർ ബോംബുകൾ പതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലിന്‍റെ പ്രതിരോധ ആരോ ഇന്റര്‍സെപ്റ്ററുകള്‍ അവസാനിക്കാറായെന്നും ഇറാനില്‍നിന്നുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധിക്കാനുള്ള ശേഷിയെ ഇത് ബാധിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: Israel's Iron Dome Under Scrutiny
Published: 21 Jun 2025, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented