
ടെൽഅവീവ്: ഇറാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ ആറ് വിമാനത്താവളങ്ങൾ ആക്രമിച്ചുവെന്നും പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേനാ വിമാനങ്ങൾ നശിപ്പിച്ചെന്നും ഇറാൻ. കൂടാതെ ഐആർജിസിയുടെ (Iran’s Islamic Revolutionary Guard Corps) ആസ്ഥാനം തകർന്നതായും ഐഡിഎഫ് (Israel Defense Forces) വക്താവ് ജനറൽ എഫി ഡെഫ്റിൻ അവകാശപ്പെട്ടു.
മിസൈലുകൾ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും ഉപയോഗിച്ചിരുന്ന വ്യോമതാവളങ്ങളാണ് തങ്ങൾ ആക്രമിച്ചതെന്ന് സൈന്യം എക്സിൽ കുറിച്ചു. ഇറാന്റെ ആണവകേന്ദ്രമായ ഫൊർദൊയിലും ഇസ്രായേൽ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. റൺവേകൾ, ഭൂഗർഭ ഹാംഗറുകൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ, ഇറാനിയൻ യുദ്ധവിമാനങ്ങൾ തുടങ്ങിയവയെ ആണ് തങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഐഡിഎഫ് അറിയിച്ചു. എഫ് 14, എഫ് 5, എഎച്ച് 1 അടക്കമുള്ള വിമാനങ്ങൾ തകർത്തെന്നും ഇസ്രയേൽ സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു. ഇസ്രയേൽ ജെറ്റുകൾക്കെതിരേയുള്ള ആക്രമണത്തിനായി ഉപയോഗിക്കുന്നതാണ് ഈ വ്യോമതാവളങ്ങളെന്നും കുറിപ്പിൽ പറയുന്നു.
ഇസ്രായേൽ ആക്രമണത്തിൽ ഐആർജിസിയുടെ ആസ്ഥാനം തകർന്നതായും ഐഡിഎഫ് വക്താവ് ജനറൽ എഫി ഡെഫ്റിൻ അവകാശപ്പെട്ടു. ടെഹ്റാന്റെ മധ്യത്തിൽ തങ്ങൾ നടത്തിയ ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്നത് വിശദമാക്കിക്കൊണ്ടുള്ള ദൃശ്യങ്ങൾ ഉടൻ തങ്ങൾ പുറത്തുവിടുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇസ്രയേലിലേക്ക് അയക്കുന്ന ഓരോ മിസൈലിനും ഇറാൻ ഏകാധിപതി കഠിനമായി ശിക്ഷിക്കപ്പെടും. ആക്രമണങ്ങൾ അതിശക്തമായിത്തന്നെ തുടരും. യുദ്ധലക്ഷ്യം മുഴുവൻ കൈവരിക്കുംവകെ പ്രതിരോധം തുടരുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂടി അറിയിച്ചു.
ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. യുഎസിന്റെ ബി-2 സ്റ്റെൽത്ത് സ്പിരിറ്റ് ബോംബർ വിമാനങ്ങൾ ആണവനിലയങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബുകളിടുകയായിരുന്നെന്നാണ് വിവരം. ഭൂമി തുരന്ന് ഉള്ളിൽ ചെന്ന് പൊട്ടിത്തെറിക്കുന്നതാണ് ബങ്കർ ബസ്റ്റർ ബോംബുകൾ. യുഎസിന്റെ ഏറ്റവും കരുത്തുറ്റ ബോംബായ ജിബിയു-57 ഉം ഉപയോഗിച്ചു. ഇതിനൊപ്പം മുങ്ങിക്കപ്പലുകളിൽനിന്ന് ടോമഹോക് ക്രൂസ് മിസൈലുകളും അയച്ചു.
ആക്രമണവിവരം ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 5.20-ന് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മൂന്ന് ആണവനിലയങ്ങളും തുടച്ചുനീക്കിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രണ്ടുമണിക്കൂറിലേറെ പിന്നിട്ടപ്പോൾ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർക്കൊപ്പം ടെലിവിഷനിലൂടെ ട്രംപ് ലോകത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. ഇസ്രായേലിൽ ആക്രമണം തുടരുകയും ചെയ്തു. യുഎസ് ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഇറാൻ ഇസ്രയേലിലേക്ക് 40 മിസൈലുകളയച്ചു. ക്ലസ്റ്റർ മിസൈലായ ഖൊറംഷഹർ-4ഉം ഇതിലുൾപ്പെടും. ടെൽ അവീവ്, ഹൈഫ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായി. ടെൽ അവീവിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്രവിമാനത്താവളത്തെയും ലക്ഷ്യമിട്ടു. ഇതിനിടെയാണ് ഇസ്രയേൽ വീണ്ടും ഇറാന്റെ ആണവ കേന്ദ്രമായ ഫൊർദോയിൽ ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകൾ വരുന്നത്. ഞായറാഴ്ച ഇസ്രയേൽ ഫൊർദൊ ആക്രമിച്ചുവെന്നാണ് ഇസ്രയേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.
ടെഹ്റാനിലും ഇസ്രയായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇറാന്റെ തലസ്ഥാനത്തുനിന്നുള്ള ആക്രമണ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പ്രദേശമൊന്നാകെ പുകപടലങ്ങളാൽ മൂടിക്കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Content Highlights: Israel Launches Major Airstrikes on Iranian Air Bases Multiple Aircraft Destroyed
Published: 23 Jun 2025, 04:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented