ടെഹ്‌റാന്‍:  ഇറാനെ ഞെട്ടിച്ചുകൊണ്ട് ഒരേ സമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്‌. അതില്‍ ഇറാനെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് നതാന്‍സ് ആണവ കേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണമാണ്. ആണവായുധമെന്ന ലക്ഷ്യത്തിലേക്ക് എത്താനായി ഇറാന്‍
 യുറേനിയം സമ്പുഷ്ടീകരണം നടത്തിക്കൊണ്ടിരുന്ന കേന്ദ്രമാണ് നതാന്‍സിലേത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഈ കേന്ദ്രം  തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

To advertise here,

ഇറാന്റെ ആണവ പദ്ധതികളുടെ കേന്ദ്രമായിരുന്നു ഇത്. ഇസ്രയേല്‍ ആക്രമണത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇറാനിലെ 13 കേന്ദ്രങ്ങളാണ് ഇസ്രയേല്‍ മിസൈലുകളും ഡ്രോണുകളും ബോംബുകളുമിട്ട് തകര്‍ത്തത്. അതില്‍ പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നു നതാന്‍സിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം. തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 225 കിലോമീറ്റര്‍ മാറി ഇസ്ഫാന്‍ പ്രവിശ്യയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 

ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകളാണ് ഈ കേന്ദ്രത്തിലുള്ളത്. മരുഭൂമിയില്‍ ഭൂമിക്കടിയിലായി മുന്നുനിലകളെന്ന നിലയില്‍ ഏകദേശം ഒരുലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ വ്യാപിച്ച് കിടക്കുന്ന ആണവ കേന്ദ്രമാണ് നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം. 

യു.എസും ഇസ്രയേലുമുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ സ്ഥലത്തേപ്പറ്റി നിരവധി രഹസ്യ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ കേന്ദ്രത്തില്‍ ആക്രമണം നടന്നുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്.  ആക്രമണത്തെ തുടര്‍ന്ന് ആണവ വികിരണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പ്രധാനപ്പെട്ട സംവിധാനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്‍ പറയുന്നത്‌.

ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലാണ് ഇറാനെതിരായ സൈനിക നടപടി ഇസ്രയേല്‍ തുടങ്ങിയത്. ഇറാന്റെ ആണവ പദ്ധതികള്‍ തടയുകയായിരുന്നു
ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. ആണവായുധമുണ്ടാക്കാനുള്ള ഘട്ടത്തിലേക്ക് ഇറാന്‍ അടുത്തുവെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍  ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.