
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ജമ്മു-കശ്മീര്‍, കര്‍ണാടക, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള 1500-ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളില്‍ എത്തിച്ചു. ഇതില്‍ 110 വിദ്യാര്‍ഥികളെ ആദ്യഘട്ടമെന്നനിലയില്‍ ബുധനാഴ്ച ഡല്‍ഹിയിലെത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാകും ഒഴിപ്പിക്കല്‍.
അതിനിടെ അഞ്ചുദിവസമായി തുടരുന്ന ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് 'യഥാര്‍ഥ പര്യവസാനമാണ്'വേണ്ടതെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വെറും വെടിനിര്‍ത്തലല്ല ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകള്‍ക്കുശേഷം 'നിരുപാധികം കീഴടങ്ങണം!' എന്ന് അദ്ദേഹം 'ട്രൂത്ത് സോഷ്യലി'ല്‍ കുറിച്ചു. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും എളുപ്പം കൊല്ലാന്‍ കഴിയുമെങ്കിലും ഇപ്പോള്‍ അതുചെയ്യുന്നില്ലെന്നും പറഞ്ഞു.
അതിനിടെ, ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ചൊവ്വാഴ്ചയും ഇറാനില്‍ ശക്തമായ വ്യോമാക്രമണം നടത്തി. രാത്രി ടെഹ്റാനില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഉന്നത ജനറല്‍ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. മിലിട്ടറി കമാന്‍ഡായ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്സിന്റെ മേധാവിയാണ് ഷദ്മാനി. വെള്ളിയാഴ്ച ഇസ്രയേല്‍ വധിച്ച മേജര്‍ ജനറല്‍ ഗുലാം അലി റഷീദിന്റെ പിന്‍ഗാമിയായാണ് ഇദ്ദേഹത്തെ നിയമിച്ചത്. മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ ലൊറെസ്താനില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ രണ്ട് എഫ്-14 വിമാനങ്ങള്‍ ഇസ്രയേല്‍ വെടിവെച്ചിട്ടു.
ഇസ്രയേല്‍ സൈന്യത്തിന്റെ ടെല്‍ അവീവിലെ ഇന്റലിജന്‍സ് ഡയറക്ടറേറ്റും മൊസാദിന്റെ ഓപ്പറേഷണല്‍ സെന്ററും ആക്രമിച്ചെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ പറഞ്ഞു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം രൂക്ഷമായ ഇടങ്ങളില്‍നിന്ന് 3000 പേരെ ഇസ്രയേല്‍ ഒഴിപ്പിച്ചു. അതിനിടെ, ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനിക്ക് ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഗതിവരുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഭീഷണിമുഴക്കി. അതേസമയം, ഇറാന്‍ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കായി യുഎസിന്റെ പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും അങ്ങോട്ടയക്കുമെന്ന് ട്രംപ് പറഞ്ഞു. തിരക്കിട്ടകാര്യങ്ങളുണ്ടെന്ന് പറഞ്ഞ് കാനഡയില്‍നടക്കുന്ന ജി-7 ഉച്ചകോടിയില്‍നിന്ന്് ട്രംപ് നേരത്തേ മടങ്ങിയിരുന്നു.
Content Highlights: India Evacuates Citizens from Iran Amidst Escalating Israel-Iran Conflict
Published: 18 Jun 2025, 06:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented