ടെഹ്റാൻ: ഇറാൻ രാസായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന ഇസ്രയേലിന്റെ ആരോപണം അമേരിക്കയെ മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.

To advertise here,

ഇറാനിലെ മരുന്നുഫാക്ടറികളിൽ രാസായുധങ്ങൾ വികസിപ്പിക്കുകയും ഒളിപ്പിക്കുകയും ചെയ്യുന്നുവെന്ന ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയെക്കൊണ്ട് തങ്ങൾക്കുവേണ്ടി മറ്റൊരു യുദ്ധം ചെയ്യിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നും അരാഗ്ചി എക്സിൽ കുറിച്ചു.

ഇറാൻ രാസായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെങ്കിലും ഇസ്രയേലിനെ ആക്രമിക്കാനുള്ള ശേഷി ഇതുവരെ നേടിയിട്ടില്ലെന്നായിരുന്നു ആരോപണം.

ഇറാന്റെ കൈവശം രാസായുധങ്ങളുണ്ടെന്ന ആരോപണം ഗൗരവമുള്ളതാണെങ്കിലും ഉടൻ സൈനികാക്രമണം നടത്തേണ്ട സാഹചര്യമില്ലെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് അവിഗ്ദോർ ലിബർമാൻ പ്രതികരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധമന്ത്രി കാറ്റ്സിനും അധികാരത്തോട് അമിതമായ ആർത്തിയാണെന്നും ലിബർമാൻ ആരോപിച്ചു. 

ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് വർഷങ്ങളായി ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊപ്പമാണ് ഈയിടെ ഇസ്രയേൽ രാസായുധ ആരോപണം ശക്തമാക്കിയത്. അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നാണ് ഇറാന്റെ നിലപാട്.