
ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ കൊലപാതകം യുഎസ് പിന്തുണയോടെ ഇസ്രയേല്‍ പദ്ധതിയിട്ട് നടപ്പാക്കിയതാണെന്ന് ഇറാന്‍. ഹനിയെയുടെ കൊലപാതകം എങ്ങനെ നടന്നുവെന്ന് സംബന്ധിച്ച് ഇറാന്‍ സൈന്യം പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണക്കുറിപ്പിലാണ് യുഎസിനെതിരെ ആരോപണമുള്ളത്. പ്രാദേശികസമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍വെച്ചാണ് ഹനിയെ കൊല്ലപ്പെട്ടത്.
ടെഹ്‌റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്തുനിന്ന് വിക്ഷേപിച്ച ഒരു ഹ്രസ്വദൂര പ്രൊജ്കടൈല്‍ (ഒരുതരം മിസൈല്‍) ഉപയോഗിച്ചാണ് ഹനിയെയെ കൊലപ്പെടുത്തിയതെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്‍ ഹനിയെയുടെ വസതിയില്‍ പതിച്ചെന്നും അത് പിന്നീട് ഒരു സ്‌ഫോടനമായി മാറിയെന്നും ഇറാന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
ഹനിയെയുടെ രക്തത്തിന് പ്രതികാരംചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത ഇറാന്‍ സൈന്യം 'തീവ്രവാദ സയണിസ്റ്റ് ഭരണകൂടം' അനുയോജ്യമായ സമയത്തും രീതിയിലും കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മസൂദ് പെസെഷ്‌കിയാന്‍ ഇറാന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഹനിയെ ടെഹ്‌റാനിലെത്തിയത്. ആക്രമണത്തില്‍ മറ്റുചില ഹമാസ് നേതാക്കളും ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഹനിയെയുടെ കൊലയ്ക്ക് ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി പറഞ്ഞു. ഇറാന്റെ മണ്ണില്‍ ചിന്തിയ ഹനിയെയുടെ രക്തത്തിന് പകരംചോദിക്കുകയെന്നത് തങ്ങളുടെ കര്‍ത്തവ്യമാണന്നും ഖമീനി പറയുകയുണ്ടായി.
ഇറാന്റെ ഭീഷണികള്‍ക്കിടെ ഇസ്രയേലിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ യുദ്ധകപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ടെന്ന് യുഎസ് അറിയിച്ചു.
അതേസമയം, ഹനിയെ താമസിക്കുന്ന ടെഹ്‌റാനിലെ വീട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കാന്‍ ഇസ്രയേല്‍ ചാരസംഘടനായ മൊസാദ് ഇറാന്‍ സൈന്യത്തിലെ ചില ഏജന്റുമാരെ നിയോഗിച്ചതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരെ അടക്കം ഇറാന്‍ ഹനിയെയുടെ മരണത്തിന് പിന്നാലെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട അന്തരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി മെയ് മാസത്തില്‍ ടെഹ്റാനിലെത്തിയപ്പോള്‍ ഹനിയെയെ വധിക്കാനായിരുന്നു ആദ്യം മൊസാദ് പദ്ധതിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ ധാരാളം ആളുകള്‍ ഉള്ളതിനാലും പരാജയപ്പെടാനുള്ള സാധ്യത കൂടുതലായതിനാലും ആ പദ്ധതി ഒഴിവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Iran says Haniyeh killed by short-range projectile
Published: 03 Aug 2024, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented