വാഷിങ്ടണ്‍: ഇസ്രായേലിനെതിരേ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുകയാണെന്ന് അമേരിക്ക. അത്തരം ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ കരആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള സൂചനകള്‍ പുറത്ത് വന്നത്. ആക്രമണത്തിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ഇസ്രയേലിന്റെ എല്ലാ നടപടികളെയും അമേരിക്ക പിന്തുണയ്ക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനിലെ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ മിസൈല്‍ പൊട്ടിത്തറിച്ച വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് നസ്രള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 27-ന് പുലര്‍ച്ചെയാണ് ഇസ്രയേല്‍ സൈന്യം ബയ്റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തിയത്.

നസ്രള്ളയെ വധിച്ചതിന് പിന്നാലെ ഇറാന്‍ ഇസ്രയേലിനെതിരേ സൈനികരെ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നസ്രള്ളയുടെ കൊലപാതകം നാശം കൊണ്ടുവരുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം മധ്യേഷ്യയില്‍ ഇസ്രയേലിന് എത്തിച്ചേരാനാകാത്ത ഒരു പ്രദേശം പോലുമില്ലെന്നും മറ്റുള്ളവര്‍ ചിന്തിക്കുന്നതിലും ഒരുപാട് മുന്‍പ് തന്നെ ഇറാന്‍ സ്വതന്ത്രമാകുമെന്നും നെതന്യാഹു പറഞ്ഞു. 

അതേസമയം തെക്കന്‍ ലെബനനില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹിസ്ബുള്ളയുടെ സംവിധാനങ്ങള്‍ തകര്‍ക്കുക എന്ന് ലക്ഷ്യമിട്ട് ഓപ്പറേഷന്‍ 'നോര്‍ത്തേണ്‍ ആരോസ്' എന്ന പേരിലുള്ള സൈനിക നടപടിയുമായി ഇസ്രയേല്‍ മുന്നോട്ട് പോവുകയാണ്. ഗാസയില്‍ നടക്കുന്നതിന് സമാന്തരമായി ഈ നീക്കവും തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അതിനിടെ ലെബനന്‍ തലസ്ഥാനമായ ബയ്റുത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണവും ഇസ്രയേല്‍ തുടരുകയാണ്.

ബയ്റുത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറുതവണ വ്യോമാക്രമണമുണ്ടായെന്നും ഇതേത്തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചെന്നും ഹിസ്ബുള്ള അറിയിച്ചു. തെക്കന്‍ ലെബനനിലുള്ള പലസ്തീന്‍ ക്യാമ്പടക്കം അക്രമിക്കപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. ഇസ്രയേല്‍ ലെബനനില്‍ കരയുദ്ധത്തിനു തുനിഞ്ഞാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് ഹിസ്ബുള്ള ഉപമേധാവി നയീം ഖാസിം നേരത്തെ പറഞ്ഞിരുന്നു. നസ്രള്ള വധത്തിനുശേഷം ഒരു ഹിസ്ബുള്ള നേതാവ് നടത്തുന്ന ആദ്യ പൊതുപ്രസ്താവനയായിരുന്നു ഇത്. അതിനിടെ, നസ്രള്ള വധത്തോടെ എല്ലാം കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പു നല്‍കി.