ടെഹ്‌റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ യുഎസ് ബോംബുവർഷം നടത്തിയതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ. ഇതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
കടലിടുക്ക് അടയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ തീരുമാനംകൂടി വന്നാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്നും റിപ്പോർട്ടുകൾ പറയുന്നു.
ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പൽ റൂട്ടാണ് ഹോർമുസ് കടലിടുക്ക്. ഇറാനും അറബ്-ഗൾഫ് രാജ്യങ്ങൾക്കുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതി ഉൾപ്പെടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. 161 കിലോമീറ്റർ നീളമുള്ള ഹോർമുസിൽ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് 33 കിലോമീറ്റർ വീതിയാണുള്ളത്. കപ്പൽ പാതയ്ക്ക് ഇരുവശത്തേക്കും മൂന്നു കിലോമീറ്റർ വീതി മാത്രമേയുള്ളൂ.
ഞായറാഴ്ച പുലർച്ചെ ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവകേന്ദ്രങ്ങളിൽ യുഎസ് ബോംബുവർഷം നടത്തിയിരുന്നു. ആണവകേന്ദ്രങ്ങൾ തകർത്തെന്നും ദൗത്യം പൂർത്തിയാക്കി അമേരിക്കയുടെ എല്ലാ യുദ്ധവിമാനങ്ങളും മടങ്ങിയെന്നും പ്രസിഡന്റ് ട്രംപ് പിന്നീട് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. യുഎസിന്റെ പ്രവൃത്തിയെ ശ്ലാഘിച്ച് ഇസ്രയേൽ രംഗത്തെത്തുകയും ചെയ്തു. പിന്നാലെ ഇറാൻ ഇസ്രയേലിൽ നാൽപ്പതോളം മിസൈലുകൾ വർഷിച്ചിരുന്നു. പലതും ഇസ്രയേൽ പ്രതിരോധിച്ചെങ്കിലും ചിലത് ഇസ്രയേലിന് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി.
Content Highlights: iran parliament approved to close strait of hormuz
Published: 22 Jun 2025, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented