ടെല്‍ അവീവ്: ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ശക്തമായ പ്രത്യാക്രമണം നടത്തി ഇറാനും. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം  ഉള്‍പ്പെടെ ഇറാന്‍ ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍  ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിലാണ്  ഇറാൻ പ്രത്യാക്രമണം നടത്തുന്നത്.

To advertise here,

ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിനെയും മറികടന്നാണ് ഇറാന്‍ തിരിച്ചടിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.  ശത്രു നടത്തുന്ന വ്യോമമാര്‍ഗമുള്ള ഏത് ആക്രമണത്തെയും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന് ഇസ്രയേലിന്റെ കൈവശമുള്ള അത്യാധുനിക പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങൾ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും.

ടെല്‍ അവീവില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. 

ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരിലാണ് ഇറാനെതിരായ സൈനിക നടപടി ഇസ്രയേല്‍ തുടങ്ങിയത്. ഇറാന്റെ ആണവ പദ്ധതികള്‍ തടയുകയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. ആണവായുധമുണ്ടാക്കാനുള്ള ഘട്ടത്തിലേക്ക് ഇറാന്‍ അടുത്തുവെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍  ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.