ടെഹ്റാൻ / ടെൽഅവീവ്: ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് ശേഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഗണ്യമായി കുറഞ്ഞതോടെ 1973-ലെ എണ്ണ പ്രതിസന്ധിക്ക് ശേഷം ആദ്യമായി ആഗോള ഊർജ വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭയം വർധിച്ചിരിക്കുകയാണ്. യുഎസും ഇസ്രയേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷം ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 70-80 ഡോളറിൽ നിന്ന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നു (20-40 ശതമാനം വർധന).

To advertise here,

ഹോർമുസ് കടലിടുക്കിലൂടെ വൻതോതിലുള്ള എണ്ണ നീക്കമാണ് നടക്കുന്നത്. ആഗോളതലത്തിൽ ഒരു നിർണ്ണായക ഊർജപാതയാണ്. കഴിഞ്ഞ വർഷം, ഏകദേശം 1.5 കോടി ബാരൽ ക്രൂഡ് ഓയിലും 50 ലക്ഷം ബാരൽ പെട്രോളിയം ഉത്പന്നങ്ങളും ദിവസവും ഇതിലൂടെ കടന്നുപോയി- പ്രതിദിനം ഏകദേശം 2 കോടി ബാരൽ- ഇത് ലോകത്തിലെ എണ്ണയുടെ ഏകദേശം അഞ്ചിലൊന്നാണ്. സാധാരണ സാഹചര്യങ്ങളിൽ, പ്രതിദിനം ഏകദേശം 138 വാണിജ്യ കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതായി യുകെ മെറിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്യുന്നു.

1973-ലെ എണ്ണ പ്രതിസന്ധിക്ക് കാരണമായ ഉപരോധം യോം കിപ്പൂർ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈജിപ്തും സിറിയയും നയിച്ച അറബ് രാഷ്ട്രങ്ങളുടെ സഖ്യവും ഇസ്രയേലും തമ്മിൽ നടന്ന പ്രധാന സംഘർഷമായിരുന്നു ഇത്. 1973 ഒക്ടോബർ 6-ന് ആരംഭിച്ച ഈ യുദ്ധം ഏകദേശം മൂന്നാഴ്ചയോളം നീണ്ടുനിന്നു. 1948-ൽ ഇസ്രയേൽ സ്ഥാപിക്കപ്പെട്ടത് മുതൽ നിലനിന്നിരുന്ന അറബ്-ഇസ്രയേലി പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഈ സംഘർഷം. ഈജിപ്തും സിറിയയും യോം കിപ്പൂർ എന്ന ജൂത അവധി ദിനത്തിൽ ഇസ്രയേൽ സൈന്യത്തിനു നേരെ അപ്രതീക്ഷിത ആക്രമണം നടത്തി. ആറ് ദിവസത്തെ യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ, പ്രത്യേകിച്ച് ഈജിപ്തിൻ്റെ സിനായ് ഉപദ്വീപ്, സിറിയയുടെ ഗോലാൻ കുന്നുകൾ എന്നിവ വീണ്ടെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

വൈകാതെ പ്രധാന ആഗോള ശക്തികൾ ഇതിൽ ഉൾപ്പെട്ടു. യുഎസ് ഇസ്രയേലിനെ സൈനികമായി ശക്തമായി പിന്തുണച്ചു, അതേസമയം സോവിയറ്റ് യൂണിയൻ ഈജിപ്തിനെയും സിറിയയെയും പിന്തുണച്ചു. ഇസ്രയേലിനുള്ള പാശ്ചാത്യ പിന്തുണയുടെ പ്രതികരണമായി, അറബ് എണ്ണ ഉത്പാദക രാജ്യങ്ങൾ എണ്ണ കയറ്റുമതി ഒരു സമ്മർദ തന്ത്രമായി ഉപയോഗിക്കാൻ തീരുമാനിച്ചു. 1973 ഒക്ടോബർ 17-ന്, ഓർഗനൈസേഷൻ ഓഫ് അറബ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (OAPEC) അംഗങ്ങൾ ഇസ്രയേലുമായി സൗഹൃദമുള്ള രാജ്യങ്ങൾക്കെതിരെ എണ്ണ ഉപരോധം പ്രഖ്യാപിച്ചു. പ്രധാന ലക്ഷ്യങ്ങളിൽ യുഎസ്, നെതർലൻഡ്സ്, യുകെ, ജപ്പാൻ, കാനഡ എന്നിവ ഉൾപ്പെടുന്നു. അറബ് ഉത്പാദകർ മൊത്തത്തിലുള്ള എണ്ണ ഉത്പാദനത്തിൽ കുറവു വരുത്തുകയും ചെയ്തു. പ്രതിമാസം ഏകദേശം 5 ശതമാനം ഉത്പാദനം കുറച്ചതോടെ ആഗോള വിപണിയിൽ വിതരണം കുറഞ്ഞു.

ഈ ഉപരോധം എണ്ണയെ നേരിട്ട് ഒരു ഭൗമരാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ച ആദ്യത്തെ അവസരങ്ങളിലൊന്നായിരുന്നു. കാരണം പല വ്യാവസായിക സമ്പദ്‌വ്യവസ്ഥകളും ഗൾഫിൽ നിന്നുള്ള ഇറക്കുമതി എണ്ണയെ ഏറെ ആശ്രയിച്ചിരുന്നു, ഇത് ആഗോള ഊർജ വിതരണത്തെ വേഗത്തിൽ താളം തെറ്റിച്ചു. 1970-കളുടെ തുടക്കത്തോടെ, ലോക സമ്പദ്‌വ്യവസ്ഥ എണ്ണയെ വളരെയധികം ആശ്രയിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തര വ്യാവസായിക വളർച്ച ഗതാഗതം, നിർമ്മാണം, വൈദ്യുതി എന്നിവയുടെ ആവശ്യം വർധിപ്പിച്ചു. യുഎസിലെ ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ പാശ്ചാത്യ രാജ്യങ്ങൾ അറബ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ കൂടുതൽ ആശ്രയിച്ചു.

1960-ൽ സ്ഥാപിതമായ ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (OPEC) വഴി എണ്ണ ഉത്പാദക രാജ്യങ്ങൾ അവരുടെ വിഭവങ്ങളിൽ കൂടുതൽ നിയന്ത്രണം നേടാൻ തുടങ്ങിയിരുന്നു. 1970-കളുടെ തുടക്കത്തോടെ, ആഗോള എണ്ണ വിലയും ഉത്പാദനവും നിർണ്ണയിക്കാൻ OPEC-ന് മതിയായ സ്വാധീനം ഉണ്ടായിരുന്നു. ഉപരോധവും ഉത്പാദന വെട്ടിക്കുറയ്ക്കലും എണ്ണ വില കുതിച്ചുയർത്തി, മാസങ്ങൾക്കുള്ളിൽ ഏകദേശം 3 ഡോളറിൽ നിന്ന് ബാരലിന് ഏകദേശം 12 ഡോളറായി നാലുമടങ്ങ് വർധിച്ചു. എണ്ണയെ ആശ്രയിച്ചുള്ള ഗതാഗതം, കൃഷി, നിർമ്മാണം, വൈദ്യുതി എന്നിവ കാരണം ഉയർന്ന ഊർജ ചെലവുകൾ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വേഗത്തിൽ വ്യാപിച്ചു.

ഇന്ധന വിലവർധന സാധനങ്ങളുടെ ഉത്പാദന, ഗതാഗത ചെലവ് വർധിപ്പിച്ചു, വിമാനക്കമ്പനികൾ, ഷിപ്പിങ്, ഭക്ഷണം, രാസവസ്തുക്കൾ തുടങ്ങിയ വ്യവസായങ്ങളെ ബാധിച്ചു. യുഎസിൽ, പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ കാണപ്പെട്ടു, ചിലത് കാലിയായി. ഇന്ധന നിയന്ത്രണങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ, ഹൈവേ വേഗത പരിധി കുറയ്ക്കൽ തുടങ്ങിയ അടിയന്തര നടപടികൾ സർക്കാരുകൾ ഏർപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളും കർശനമായ ഊർജ സംരക്ഷണ നയങ്ങൾ അവതരിപ്പിച്ചു, ചില ദിവസങ്ങളിൽ ഡ്രൈവിങ് നിരോധനം, വൈദ്യുതി ഉപയോഗത്തിനുള്ള പരിമിതികൾ എന്നിവ എണ്ണയെ അടിസ്ഥാനമാക്കിയുള്ള ഊർജത്തിൻ്റെ ആവശ്യം കുറയ്ക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കി.

എണ്ണ വിലവർധന വ്യവസായങ്ങളിലുടന്നീളം ഉത്പാദന ചെലവുകൾ വർധിപ്പിച്ചു, ഉയർന്ന ചെലവുകൾ കാരണം ബിസിനസ്സുകൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുകയും പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്തു. ഉയർന്ന പണപ്പെരുപ്പവും സാവധാനത്തിലുള്ള വളർച്ചയും ചേർന്ന ഈ അവസ്ഥ 'സ്റ്റാഗ്ഫ്ലേഷൻ' എന്നറിയപ്പെട്ടു,(സാമ്പത്തിക സ്തംഭനാവസ്ഥയും പണപ്പെരുപ്പവും ചേർന്നുവരുന്ന സ്ഥിതി). ഇത് പരമ്പരാഗത സാമ്പത്തിക നയങ്ങൾക്ക് ഒരു വെല്ലുവിളിയായിരുന്നു. 1970-കളുടെ മധ്യത്തിൽ പല വ്യാവസായിക സമ്പദ്‌വ്യവസ്ഥകളും മാന്ദ്യത്തിലേക്ക് വീണു.

ഇത് ഊർജ നയത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ സർക്കാരുകളെ പ്രേരിപ്പിച്ചു, ഇറക്കുമതി എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നടപടികളിൽ വലിയ നിക്ഷേപം നടത്താൻ ഇത് കാരണമായി. 1974 മാർച്ചിൽ നയതന്ത്രപരമായ ശ്രമങ്ങൾ ഒടുവിൽ എണ്ണ ഉപരോധം അവസാനിച്ചു. പക്ഷേ ഇത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും അന്താരാഷ്ട്ര രാഷ്ട്രീയത്തിനും ദീർഘകാല പ്രത്യാഘാതങ്ങളാണ് നൽകിയത്.