ടെഹ്‌റാന്‍/ ടെല്‍ അവീവ്:  ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടര്‍ന്നതോടെ രണ്ടിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ നൊബാനിയാദില്‍ സ്ഥിതിചെയ്യുന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തിന് നേരേയാണ് ആക്രമണമുണ്ടായത്. ഇറാനിലെ 'ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച്' ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. 

To advertise here,

തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. തെക്കന്‍ ബുഷേഹര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സ്, ഫജര്‍ ജാം എണ്ണപ്പാടങ്ങള്‍ക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു.

വടക്കുപടിഞ്ഞാറന്‍ ടെഹ്‌റാനിലെ എണ്ണ സംഭരണശാലകളും ഇസ്രയേല്‍ തകര്‍ത്തു. ഷഹ്‌റാന്‍ എണ്ണ സംഭരണശാലയ്ക്ക് നേരേയാണ് ഇസ്രയേലിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് ഷഹ്‌റാന്‍ എണ്ണ സംഭരണശാലയില്‍ വന്‍ അഗ്നിബാധയുണ്ടായതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഇറാന്‍ എണ്ണ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ജനങ്ങള്‍ എണ്ണ സംഭരണശാലകള്‍ക്ക് സമീപത്തുനിന്ന് മാറിനില്‍ക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 

അതിനിടെ, ഇസ്രയേലിന് നേരേ ഇറാനും കനത്ത ആക്രമണം തുടരുകയാണ്. ഇറാന്‍ ഇസ്രയേലിന് നേരേ നടത്തുന്ന 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3'-യുടെ രണ്ടാംഘട്ടത്തില്‍ നൂറോളം മിസൈലുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. ടെല്‍ അവീവില്‍ വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ ഇറാന്റെ പ്രത്യാക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണശാലയ്ക്ക് സമീപം ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഹൈഫയ്ക്ക് സമീപം നടന്ന മിസൈല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും 30 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഹൈഫയില്‍ മിസൈല്‍ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് ഹൈഫ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികപ്രതികരണം. 

ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3-യുടെ രണ്ടാംഘട്ടത്തില്‍ ഇസ്രയേലിലെ ടെല്‍ അവീവും ഹൈഫയുമാണ് തങ്ങള്‍ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ഇറാന്‍ അറിയിച്ചു. നൂറിലേറെ മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ചതായും ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍, ഇറാന്റെ സൈനികകേന്ദ്രങ്ങള്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ തുടരുന്നതിനൊപ്പം ഇറാനില്‍നിന്നുള്ള മിസൈലുകളും ഫലപ്രദമായി തടയാനായെന്ന് ഇസ്രയേല്‍ പ്രതിരോധസേനയും(ഐഡിഎഫ്) അവകാശപ്പെട്ടു. 

അതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ കാബിനറ്റ് യോഗം ചേര്‍ന്നു. ഇറാന്‍ വീണ്ടും ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേര്‍ത്തത്. നെതന്യാഹു പുറത്തുവിട്ട പുതിയ വീഡിയോസന്ദേശത്തില്‍ ഇറാന് നേരേയുള്ള ആക്രമണങ്ങളില്‍ അമേരിക്കയുടെ പിന്തുണയും തേടി.