ടെഹ്‌റാൻ: ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിയിൽ പ്രതിഷേധിച്ച് യു.എസുമായുള്ള സമാധാനചർച്ചകൾ ഇറാൻ നിർത്തിവെച്ചു. ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നിം ആണ് മധ്യസ്ഥർ മുഖേന നടന്നുവരുന്ന എല്ലാ ആശയവിനിമയങ്ങളും സംഭാഷണങ്ങളും ഇറാന്റെ ചർച്ചാസംഘം താത്കാലികമായി നിർത്തിവെച്ചെന്ന് റിപ്പോർട്ടുചെയ്തത്.

To advertise here,

‘സയണിസ്റ്റ് ഭരണകൂടം(ഇസ്രയേൽ) ലെബനനിൽ തുടരുന്ന കുറ്റകൃത്യങ്ങളും, ഇറാൻ-യു.എസ്. വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നായ ലെബനനിലെ വെടിനിർത്തൽ ലംഘിക്കപ്പെട്ടിരിക്കുന്ന സാഹചര്യവും പരിഗണിച്ചാണ് ഇറാന്റെ നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെയും ലെബനനിലെയും സൈനികനടപടി ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും ലെബനനിൽ നിന്ന് സമ്പൂർണ സൈനികപിന്മാറ്റം നടത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു. മാത്രമല്ല ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചിടാനും ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മാൻഡബ് കടലിടുക്ക് ഉൾപ്പെടെ മറ്റ് മേഖലകളിലേക്കുകൂടി സമ്മർദം ശക്തമാക്കാനും ഇറാനും സഖ്യകക്ഷികളും തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗാസാ യുദ്ധസമയത്ത് ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിച്ച് സമുദ്രഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.

ലെബനീസ് തലസ്ഥാനമായ ബയ്‌റുത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ഡാഹിയെ ആണ് ലക്ഷ്യം. അതേസമയം, ആക്രമണം അവസാനിപ്പിക്കാനുള്ള യു.എസ്‌. നിർദേശം ഇസ്രയേലും ഹിസ്‌ബുള്ളയും അംഗീകരിച്ചതായി പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌ പറഞ്ഞു. സമാധാനസ്ഥാപനത്തിനായി യു.എസ്. മധ്യസ്ഥതവഹിക്കുന്നുണ്ടെന്നും ചൊവ്വാഴ്ചയോടെ വെടിനിർത്തലുണ്ടായേക്കുമെന്നും ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. രാജ്യം പൈശാചികവും അധാർമികവുമായ ഇസ്രയേൽ അതിക്രമങ്ങളെ നേരിടുകയാണെന്ന് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൻ പറഞ്ഞു. ഹിസ്ബുള്ള ആക്രമണം നിർത്തുന്നതുവരെ ലെബനനിൽ ശാന്തിയുണ്ടാകില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു.

നെതന്യാഹുവിനും ലെബനീസ് പ്രസിഡന്റിനും യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ സമാധാനപദ്ധതിനിർദേശം കൈമാറിയെന്നാണ് വിവരം. അതേസമയം, ലെബനനിൽ സൈനികനടപടി കടുപ്പിക്കാൻ യു.എസ്. ഇസ്രയേലിന് പച്ചക്കൊടി വീശിയെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഞായറാഴ്ച തെക്കൻ ലെബനനിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ആറുപേർ മരിച്ചു. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള മിസൈലുകളും റോക്കറ്റുകളുമയച്ചു. ലെബനൻ വിഷയത്തിൽ യു.എൻ. രക്ഷാസമിതി ഉടൻ യോഗം ചേരും.