
കീവ്: യുക്രൈനിലെ ചോർണോമോർസ്ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ ഉൾപ്പെടെ 15 ജീവനക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. എം.വി. അമീർ 1 എന്ന കപ്പലിലാണ് നാവികർ കുടുങ്ങിയിരിക്കുന്നത്. കരിങ്കടൽ തീരത്തെ യുക്രേനിയൻ തുറമുഖമായ ചോർണോമോർസ്കിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്.
മേഖലയിൽ റഷ്യ-യുക്രൈൻ സംഘർഷം ശക്തമായ സാഹചര്യത്തിൽ കപ്പലിന് സമീപം നിരന്തരമായി ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടക്കുന്നത് നാവികരുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കപ്പലിന് തൊട്ടടുത്ത് വൻതോതിൽ പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഏതു നിമിഷവും കപ്പലിന് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടായേക്കാമെന്ന കടുത്ത ഭീതിയിലാണ് നാവികർ കഴിയുന്നതെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ അറിയിച്ചു. ഇന്ത്യൻ നാവികരെ യുദ്ധമേഖലകളിൽനിന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
കപ്പലുടമകളോടും മറ്റ് അധികൃതരോടും ഇവർ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നോ കപ്പൽ കമ്പനിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കരിങ്കടൽ മേഖലയിൽ കഴിഞ്ഞ ആഴ്ച ഒരു ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഇന്ത്യ ശക്തമായി അപലപിക്കുകയും യുക്രൈൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
Published: 29 Jul 2026, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented