
ന്യൂഡൽഹി: ഇറാനിലെ വർധിച്ചുവരുന്ന അസ്ഥിരതയും ആക്രമണ സാധ്യതയും കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർക്കായി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യൻ എംബസി. നിലവിൽ അവിടെയുള്ള ഇന്ത്യക്കാർ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നും ഇറാനിലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നത് വരെ അങ്ങോട്ടുള്ള യാത്രകൾ മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്.
ഇന്ത്യൻ എംബസി പുറപ്പെടുവിച്ച പുതുക്കിയ യാത്രാ നിർദ്ദേശത്തിൽ, 'അടുത്ത ദിവസങ്ങളിലായി ഇറാനിൽ സ്ഥിതിഗതികൾ വഷളായിട്ടുണ്ട് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. 'ഏതെങ്കിലും ആവശ്യത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരന്മാർ, സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നത് വരെ തൽക്കാലം യാത്ര മാറ്റിവയ്ക്കണം.' എംബസി അറിയിച്ചു.
ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് താൽക്കാലികമായി രാജ്യം വിടാൻ ആലോചിക്കണമെന്നും നിർദ്ദേശമുണ്ട്. എന്നിരുന്നാലും, ഇറാനിൽ തുടരാൻ ആഗ്രഹിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചു. പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും എംബസി പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
'സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി മനസിലാക്കുന്നതിനായി വാർത്തകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം. രാജ്യത്തിന്റെ തെക്കൻ തീരപ്രദേശം പോലെയുള്ള സൈനിക പ്രവർത്തനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണം.' എന്നും നിർദ്ദേശത്തിൽ പറയുന്നു. എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഇറാനിലെ ഇന്ത്യൻ പൗരന്മാർ ഉടൻ തന്നെ അത് ചെയ്യണമെന്നും എംബസിയുടെ നിർദ്ദേശമുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി മിഷന്റെ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പതിവായി ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പ്രാദേശിക പിരിമുറുക്കങ്ങളും സൈനിക നീക്കങ്ങളും വർധിച്ചതിനെത്തുടർന്ന് ഇറാനിൽ പുതിയ സുരക്ഷാ ഭീഷണികൾ ഉണ്ടായ സാഹചര്യത്തിലാണ് എംബസി ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇറാനിലെ പാലങ്ങൾ, കുടിവെള്ള പ്ലാന്റുകൾ, വൈദ്യുത നിലയങ്ങൾ എന്നിവ ലക്ഷ്യമിട്ട് യുഎസ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാൻ പടിഞ്ഞാറൻ ഏഷ്യയിലുടനീളമുള്ള യുഎസ് സഖ്യരാജ്യങ്ങളെയും ലക്ഷ്യമിട്ടിട്ടുണ്ട്. മുമ്പ് സംഘർഷം രൂക്ഷമായിരുന്ന സമയത്തും ഇന്ത്യ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ള പൗരന്മാർക്കായി ഇന്ത്യൻ മിഷൻ എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുകളും പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Indian Embassy in Tehran issues urgent travel advisory for citizens. Citizens advised to postpone all non-essential travel to Iran. Indians currently in Iran urged to consider leaving via commercial flights. High alert issued for regions with increased military activity. Mandatory registration required for Indian nationals with the embassy.
Published: 20 Jul 2026, 03:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented