ന്യൂയോര്‍ക്ക്:  ഇന്ത്യ സാമ്പത്തികമായി മുന്നേറുമ്പോള്‍ കടംവാങ്ങിക്കൂട്ടുകയാണ് പാകിസ്താനെന്ന് ഇന്ത്യയുടെ യുന്‍ അംബാസഡര്‍ പാര്‍വഥനേനി ഹരിഷ്. സുരക്ഷ, സാമൂഹിക- സാമ്പത്തിക മാനദണ്ഡങ്ങളില്‍ ഇന്ത്യ എങ്ങനെയാണ് മുന്നേറിയതെന്ന് വിശദീകരിച്ച അദ്ദേഹം, ഭീകരത, മതഭ്രാന്ത്, തുടര്‍ച്ചയായ കടം വാങ്ങല്‍ എന്നിവയില്‍ മുങ്ങിക്കുളിച്ച രാജ്യമായി പാകിസ്താന്‍ മാറിയെന്നും കുറ്റപ്പെടുത്തി. പുരോഗതി, സമൃദ്ധി, വികസന മാതൃകകളുള്ള പക്വമായ ജനാധിപത്യമുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം പാകിസ്താന്‍ നേരെ മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ രക്ഷാസമിതിയില്‍ നടന്ന യോഗത്തിലാണ് ഇന്ത്യ പാകിസ്താനെ കണക്കറ്റ് വിമര്‍ശിച്ചത്.  

To advertise here,

ഇന്ത്യ ഉത്തരവാദിത്തമുള്ള രാജ്യവും ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗവുമാണ്. കൂടുതല്‍ സമാധാനപരവും സമൃദ്ധവും നീതിയുക്തവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവര്‍ത്തിക്കുന്നതില്‍ എല്ലായ്‌പ്പോഴും ഐക്യരാഷ്ട്രസഭയിലെ പങ്കാളികളുമായി ക്രിയാത്മകമായി ഇടപഴകുന്ന രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിലുടെ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കു എന്ന വിഷയത്തില്‍ രക്ഷാസമിതിയില്‍ നടന്ന തുറന്ന ചര്‍ച്ചയിലാണ് ഇന്ത്യ വിമര്‍ശനങ്ങളുയര്‍ത്തിയത്. 

ഇന്ത്യ ഒരു പക്വതയുള്ള ജനാധിപത്യ രാജ്യമാണ്, വളരുന്ന സമ്പദ്വ്യവസ്ഥയാണ്, ബഹുസ്വരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹമാണ്. മറുവശത്ത് മതഭ്രാന്തും ഭീകരതയും നിറഞ്ഞതും ഐഎംഎഫില്‍ നിന്ന് തുടര്‍ച്ചയായി കടം വാങ്ങുന്നതുമായ ഒരു പാകിസ്താന്‍ ഉണ്ട്,' അദ്ദേഹം പറഞ്ഞു.

ഭീകരതയോട് ഒരു വിട്ടുവീഴ്ചയും കാണിക്കരുത് എന്നത് അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്, അത് അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം, മറുവശത്ത്, പാകിസ്താന്‍ അംഗീകരിക്കാനാകാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.