വാഷിങ്ടണ്‍: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന ഇന്ത്യയ്ക്ക് അധികതീരുവ ചുമത്തുകയും ഇതേകാര്യം ചെയ്യുന്ന ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്യുന്നതില്‍ വിചിത്രവാദവുമായി യുഎസ്. റഷ്യന്‍ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ വന്‍ ലാഭംകൊയ്യുകയും അതുവഴി ശതകോടികള്‍ സമ്പാദിക്കുകയും ചെയ്യുന്നതിനാലാണ് ഇന്ത്യയ്ക്കുമേല്‍ പിഴ തീരുവകൂടി ചുമത്തിയതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്‍റിന്‍റെ വാദം. ചൊവ്വാഴ്ച ടിവി അഭിമുഖത്തിലായിരുന്നു ബെസെന്റിന്റെ പ്രതികരണം.

To advertise here,

യുക്രൈനിലെ യുദ്ധകാലത്തും അതിനുശേഷവും റഷ്യന്‍ എണ്ണ വില്‍പ്പന നടത്തി ഇന്ത്യ വലിയ ലാഭം നേടിയെന്ന് അദ്ദേഹം സിഎന്‍ബിസിയോട് പറഞ്ഞു. റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങലിന് ചൈനയെ ശിക്ഷിക്കേണ്ടതില്ലെന്ന ട്രംപിന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടാണ് യുഎസ് ഉദ്യോഗസ്ഥന്റെ ഈ പരാമര്‍ശം.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് മുമ്പുതന്നെ ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 13 ശതമാനവും റഷ്യയില്‍നിന്നായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഇത് 16 ശതമാനമാണ്. ചൈന തങ്ങളുടെ എണ്ണ ഇറക്കുമതി വൈവിധ്യവത്കരിച്ചിട്ടുണ്ട്. എന്നാല്‍, റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി മുമ്പ് ഒരുശതമാനത്തില്‍ താഴെ മാത്രമായിരുന്നു. എന്നാല്‍, ഇപ്പോഴത് 42 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്നും ബെസെന്റ് പറഞ്ഞു.

ഇന്ത്യ എണ്ണ മറിച്ചുവിറ്റ് ലാഭംകൊയ്യുകയാണെന്ന് പറഞ്ഞ ബെസെന്റ്, ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ചില കുടുംബങ്ങള്‍ 16 ബില്ല്യണ്‍ അധിക ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി ഇടനിലക്കാരായിനിന്ന് മറിച്ചുവില്‍ക്കുന്ന ഇന്ത്യന്‍ രീതി യുക്രൈന്‍ യുദ്ധകാലത്ത് വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ബെസെന്റ് ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈനയെ അധിക തീരുവയില്‍നിന്ന് ഒഴിവാക്കിയതിനേക്കുറിച്ച് കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. റഷ്യയില്‍നിന്ന് വാങ്ങുന്ന അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് ആഗോള വിപണിയില്‍  മറിച്ചുവില്‍ക്കുകയാണ് ചൈന ചെയ്തുവരുന്നതെന്നും ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന അധിക തീരുവ ആഗോള വിപണിയില്‍ എണ്ണ വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്നുമായിരുന്നു ചൈനയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്താത്തതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നല്‍കിയ വിശദീകരണം.