ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരേ വീണ്ടും കടുത്ത വിമർശനങ്ങളുന്നയിച്ച് വൈറ്റ് ഹൗസ് മുതിർന്ന ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ലാഭം കൊയ്യുകയാണെന്നും തീരുവ ചുമത്തുന്നതിലൂടെ അമേരിക്കക്കാർക്ക് അവരുടെ ജോലി നഷ്ടമാകുന്നുവെന്നും നവാരോ സാമൂഹിക മാധ്യമമായ എക്സിൽ ആരോപിച്ചു. 

To advertise here,

'വസ്തുതകൾ: ഇന്ത്യയ്‌ക്കേർപ്പെടുത്തിയ ഏറ്റവും കൂടിയ തീരുവയ്ക്ക്‌ വിലയായി നൽകേണ്ടി വരുന്നത് അമേരിക്കക്കാരുടെ തൊഴിലാണ്‌. റഷ്യയിൽനിന്ന്  ഇന്ത്യ എണ്ണ വാങ്ങിക്കുന്നത് തീർത്തും ലാഭത്തിനും വരുമാനത്തിനും വേണ്ടിയാണ്. ഇത് യുദ്ധതന്ത്രങ്ങൾക്കായാണ് റഷ്യ ഉപയോഗിക്കുന്നത്. യുക്രൈനുകാരും റഷ്യക്കാരും കൊല്ലപ്പെടുന്നു. യുഎസ് നികുതിദായകർ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നു. ഇന്ത്യയ്ക്ക് സത്യം മൂടിവെക്കാനോ കെട്ടുകഥ ചമയ്ക്കാനോ സാധിക്കില്ല.'- നവാരോ 'എക്സി'ൽ കുറിച്ചു. 

യുഎസിന്റെ ഭീഷണിയ്ക്ക് വഴങ്ങാതെ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താതെ തുടരുന്ന ഇന്ത്യയ്‌ക്കെതിരെ നവാരോ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. റഷ്യ- യുക്രൈൻ സംഘർഷത്തെ 'മോദിയുടെ യുദ്ധം' എന്ന് വിളിക്കുകയും ഇന്ത്യയിലെ ബ്രാഹ്മണർ സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരുടെ ചെലവിൽ ലാഭം കൊയ്യുകയാണെന്ന് ആരോപിച്ചിരുന്നു.

യുക്രൈനുമായുള്ള സംഘർഷത്തിൽനിന്ന് പിന്മാറാത്ത റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന ആവശ്യം ഇന്ത്യ നിരാകരിച്ചതോടെയാണ് യുഎസ് ഇന്ത്യയുമായി ഇടയുന്നത്. തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിനെ മറികടക്കാൻ മറ്റുരാജ്യങ്ങളുമായി കൂട്ടുചേർന്നുള്ള നയതന്ത്രത്തിനാണ് ഇന്ത്യ ശ്രമിച്ചത്.