
ഹേഗ്: ജമ്മു കശ്മീരിലെ രണ്ട് ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് ഹേഗിലെ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ പുറപ്പെടുവിച്ച വിധി ഇന്ത്യ തള്ളി. പാകിസ്താനുമായുള്ള തർക്കപരിഹാരത്തിനായുള്ള 'പേരിന് വേണ്ടിയുള്ള' ഈ സംവിധാനം തങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യ പറഞ്ഞു.
കിഷൻഗംഗ, റാറ്റ്‌ലെ ജലവൈദ്യുത പദ്ധതികൾ സംബന്ധിച്ച് പാകിസ്താൻ ഉന്നയിച്ച എതിർപ്പുകളുമായി ബന്ധപ്പെട്ട കേസിൽ പുറപ്പെടുവിച്ച വിധിയെ ഇന്ത്യ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 'പാകിസ്താന്റെ നിർദ്ദേശപ്രകാരമുള്ള ഏറ്റവും പുതിയ ഈ പ്രഹസനം, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു ശ്രമമാണ്.'
സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം തർക്കത്തിന്മേലുള്ള തങ്ങളുടെ അധികാരത്തെ പരിമിതപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിധി കക്ഷികൾക്ക് ബാധകമാണെന്നും ആർബിട്രേഷൻ കോടതി പറഞ്ഞു. സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ പ്രകാരം രണ്ട് പദ്ധതികളുടെ രൂപകൽപ്പനയെ കുറിച്ച് പാകിസ്താൻ എതിർപ്പ് ഉന്നയിച്ചതിന് ശേഷം പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ നടത്തുന്ന നടപടിക്രമങ്ങളെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല.
'1960-ലെ സിന്ധു നദീജല കരാർ പ്രകാരം സ്ഥാപിതമായ നിയമവിരുദ്ധമായ ഈ ആർബിട്രേഷൻ കോടതി, ജമ്മു കശ്മീരിലെ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശത്തിലെ കിഷൻഗംഗ, റാറ്റ്‌ലെ ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് പാകിസ്താന് വാരിക്കോരി കൊടുക്കാനുള്ള ശ്രമമാണ് ഈ വിധി.' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പേരിന് വേണ്ടിയുള്ള കോടതിയുടെ രൂപീകരണം തന്നെ സിന്ധു നദീജല കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും അതിനാൽ കോടതി എടുക്കുന്ന ഏതൊരു തീരുമാനവും നിയമവിരുദ്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ, 1960-ലെ സിന്ധു നദീജല കരാറിൽനിന്ന് ഇന്ത്യ പിൻവാങ്ങുകയായിരുന്നു. കരാർ റദ്ദാക്കിയതിനാൽ ഉടമ്പടി പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റാൻ ഇന്ത്യ ബാധ്യസ്ഥമല്ല.
Content Highlights: India rejects Court of Arbitration in The Hague ruling on hydro projects
Published: 28 Jun 2025, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented