
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും സംയുക്ത നിവേദനവുമായി ഇരുരാജ്യങ്ങളിലെയും പ്രമുഖർ. 'ഓപ്പറേഷൻ സിന്ദൂർ' നടന്നിട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും ഉൾപ്പെടെയുള്ള നൂറിലധികം പേർ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
സെന്റർ ഫോർ പീസ് ആൻഡ് പ്രോഗ്രസ് എന്ന സംഘടന മുൻകൈയെടുത്ത് തയ്യാറാക്കിയ നിവേദനത്തിൽ ഇന്ത്യയിൽ നിന്ന് 61 പേരും പാകിസ്താനിൽ നിന്ന് 56 പേരും ഉൾപ്പെടെ 117 പേർ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത ദശലക്ഷക്കണക്കിന് യുവാക്കളുടെ അവസരങ്ങളും സുരക്ഷിതമായ ഭാവിയും ഇല്ലാതാക്കുന്നതായി നിവേദനം ചൂണ്ടിക്കാട്ടുന്നു.
നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫാറൂഖ്, പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തി, ആർ.ജെ.ഡി. എം.പി. മനോജ് ഝാ, മുൻ തൃണമൂൽ മന്ത്രിയും നിലവിലെ എ.ജെ.യു.പി. നേതാവുമായ ഹുമയൂൺ കബീർ തുടങ്ങിയവരാണ് ഇന്ത്യയിൽ നിന്ന് ഒപ്പുവെച്ചവരിൽ പ്രമുഖർ. പാകിസ്താനിൽ നിന്ന് മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരി, മുൻ നയതന്ത്രജ്ഞൻ അഷ്റഫ് ജഹാംഗീർ ഖാസി, നാഷണൽ അസംബ്ലി അംഗം ഇസ്ഫന്യാർ ഭണ്ഡാര, ആണവ ഭൗതികശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പർവേസ് ഹൂദ്ഭോയ് എന്നിവരും നിവേദനത്തിൽ ഒപ്പുവെച്ചു.
ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ വിശ്വാസം വളർത്തുന്ന നടപടികൾ സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. നയതന്ത്ര ബന്ധം പൂർണമായി പുനഃസ്ഥാപിക്കുക, ഇരുരാജ്യങ്ങളിലും ഹൈക്കമ്മീഷണർമാരെ നിയമിക്കുക, വിസ സേവനങ്ങൾ സാധാരണ നിലയിലാക്കുക, വാണിജ്യ വിമാനങ്ങൾക്ക് വ്യോമപാത തുറന്നു നൽകുക, അട്ടാരി-വാഗാ അതിർത്തി വ്യാപാരത്തിനും യാത്രകൾക്കുമായി തുറന്നു നൽകുക, ശ്രീനഗർ-മുസാഫറാബാദ് ബസ് സർവീസ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
ജമ്മു-കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമഗ്രമായ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കുക എന്നതാണ് മറ്റൊരു നിർദേശം. 2004-2007 കാലയളവിൽ ചർച്ച ചെയ്ത ചട്ടക്കൂടുകൾ പരിഗണിക്കുക, സൈനികവൽക്കരണം കുറയ്ക്കുക. കർത്താർപുർ സാഹിബ് ഇടനാഴി വീണ്ടും തുറക്കുക, പാകിസ്താനിലെ നീലം താഴ്വരയിലുള്ള ശാരദാ പീഠത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കുക, ഇരുരാജ്യങ്ങളിലെയും ആരാധനാലയങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിക്കുന്നു.
Published: 01 Jul 2026, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented