ജനീവ: കശ്മീർ വിഷയത്തിൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ പാകിസ്താന് ചുട്ടമറുപടി നൽകി ഇന്ത്യ. യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പാകിസ്താൻ പ്രചരിപ്പിക്കുന്നതെന്നും പാകിസ്താൻ 'ലാ ലാ ലാൻഡിലാണ് (സ്വപ്‌നലോകം) ജീവിക്കുന്നതെന്നും ഇന്ത്യ തുറന്നടിച്ചു. ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ അനുപമ സിങ് ആണ് കശ്മീർ വിഷയത്തിൽ പാകിസ്താനും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും(ഒഐസി) കൃത്യമായ മറുപടി നൽകിയത്.

To advertise here,

ഇക്കാര്യത്തിൽ മറുപടി പറയാനുള്ള അവകാശം വിനിയോഗിക്കാൻ ഇന്ത്യ നിർബന്ധിതരായിരിക്കുന്നുവെന്ന് പറഞ്ഞാണ് അനുപമ സിങ് യോഗത്തിൽ സംസാരിച്ചുതുടങ്ങിയത്. ഈ ആരോപണങ്ങളെല്ലാം തങ്ങൾ പൂർണമായും തള്ളിക്കളയുന്നു. ഒഐസി പാകിസ്താന്റെ പ്രചാരണങ്ങളെല്ലാം വെറുതെ ആവർത്തിക്കുകയാണ്. ആ രാജ്യത്തിന്റെ 'എക്കോ ചേമ്പറായി' മാറി ഒഐസി സ്വയം തരംതാഴ്ന്നിരിക്കുകയാണെന്നും അനുപമ സിങ് പറഞ്ഞു.

പാകിസ്താന്റെ ആഖ്യാനങ്ങളിൽ അവരുടെ അസൂയയാണ് നിഴലിക്കുന്നത്. ഇന്ത്യൻ പ്രദേശം പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയതാണ് മേഖലയിൽ പരിഹരിക്കപ്പെടാത്ത ഒരേയൊരു പ്രശ്‌നം. ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഒഴിയണമെന്ന് പാകിസ്താനോട് ആവശ്യപ്പെടുകയാണെന്നും അനുപമ സിങ് വ്യക്തമാക്കി.

ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പുകളിലെ റെക്കോഡ് വോട്ടിങ് ശതമാനം പാകിസ്താൻ പ്രചരിപ്പിക്കുന്ന ഭീകരതയുടെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രത്തെ ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് തെളിയിക്കുന്നതാണ്. കഴിഞ്ഞവർഷം കശ്മീരിൽ ഉദ്ഘാടനംചെയ്ത ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽപാലം വ്യാജമാണെന്നാണ് പാകിസ്താൻ കരുതുന്നതെങ്കിൽ, അവർ ലാ ലാ ലാൻഡിൽ ആയിരിക്കണം ജീവിക്കുന്നതെന്നും അനുപമ സിങ് തുറന്നടിച്ചു.

മേഖലയിലെ വികസനത്തിനായി ഇന്ത്യ ചെലവാക്കുന്ന തുകയെക്കുറിച്ച് പാകിസ്താന് അവിശ്വാസമുണ്ടെങ്കിൽ അത് അവരുടെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതാകാം. അല്ലെങ്കിൽ പാകിസ്താൻ അടുത്തിടെ ഐഎംഎഫിൽനിന്ന് തേടിയ സാമ്പത്തിക സഹായ പാക്കേജിന്റെ ഇരട്ടിയിലധികമാണ് ജമ്മുകശ്മീരിന്റെ ബജറ്റ് എന്നത് അവർക്ക് വിശ്വസിക്കാൻ കഴിയാത്തതാകാമെന്നും ഇന്ത്യൻ പ്രതിനിധി പരിഹസിച്ചു.