
ബയ്റുത്ത്: ബയ്റുത്തിലെ ഇസ്രയേൽ ആക്രമണത്തിൽ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതായി ഔദ്യോഗികമായി ഹിസ്ബുള്ള അംഗീകരിച്ചു. തങ്ങളുടെ സെക്രട്ടറി ജനറൽ നസ്രള്ള തന്റെ സഹരക്തസാക്ഷികളോടൊപ്പം ചേർന്നുവെന്നും ഹിസ്ബുള്ള പലസ്തീനെ പിന്തുണച്ചുകൊണ്ട് ശത്രുവിനെതിരേ വിശുദ്ധയുദ്ധം തുടരുമെന്നും ഹിസ്ബുള്ള പ്രസ്താവനയിലറിയിച്ചു.
ലോകത്തെ ഭീതിപ്പെടുത്താൻ നസ്രള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേൽ സൈന്യമാണ് നസ്രള്ളയുടെ മരണവാർത്ത ആദ്യം അറിയിച്ചത്. തെക്കൻ ബയ്റുത്തിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിനുനേരേ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്രള്ള കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ തെക്കൻമേഖലാ കമാൻഡറായ അലി കരകെയും മറ്റു കമാൻഡർമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും സൈന്യം അറിയിച്ചു. ഇറാന്റെ അർധസൈനികവിഭാഗമായ റെവലൂഷണറി ഗാർഡിന്റെ പ്രമുഖനായ ജനറൽ അബ്ബാസ് നിൽഫോരുഷനും കൊല്ലപ്പെട്ടു.
നസ്രള്ളയുടെ കൊലപാതകത്തെത്തുടർന്ന് ലെബനൻ ഇസ്രായേൽ പ്രദേശത്തിന് നേരെ ആക്രമണം ആരംഭിച്ചു. ലെബനനിൽ നിന്ന് ഇസ്രായേൽ പ്രദേശത്തേക്ക് ആക്രമണം ആരംഭിച്ചതായും ജറുസലേമിലെ പ്രദേശത്ത് സൈറണുകൾ മുഴങ്ങിയതായും ഇസ്രായേൽ പ്രതിരോധ സേന(ഐഡിഎഫ്) എക്സിലൂടെ അറിയിച്ചു.
അതേസമയം യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ബയ്റുത്തിലെ സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെയും ഇസ്രയേലിലെയും ജനതയ്ക്ക് ഒരു സമ്പൂർണ്ണ യുദ്ധം താങ്ങാൻ കഴിയില്ലെന്നും ഈ അക്രമ ചക്രം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു.
Content Highlights: Hezbollah confirms Nasrallah's death Lebanon counter attack against Israel
Published: 29 Sept 2024, 04:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented