ന്യൂഡൽഹി: തനിക്ക് വധശിക്ഷ നൽകിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ (ഐസിടി) വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചതെന്നും ഡൽഹിയിൽ ഇന്ത്യാ ടുഡേ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് ഹസീന പ്രതികരിച്ചു. കുറ്റാരോപണങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നതായും വിചാരണ മുൻകൂട്ടി നിശ്ചയിച്ച നാടകമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനു ശേഷം 2024 ഓഗസ്റ്റ് 5 മുതൽ പ്രവാസത്തിൽ കഴിയുകയാണ് ഷെയ്ഖ് ഹസീന.

To advertise here,

തൻ്റെ അസാന്നിധ്യത്തിൽ നടന്ന വിചാരണ നടപടികളെ വിമർശിച്ച അവർ, കോടതിയിൽ സ്വയം പ്രതിരോധിക്കാൻ ന്യായമായ അവസരം ലഭിച്ചില്ലെന്നും ഇഷ്ടമുള്ള അഭിഭാഷകരെവെച്ച് വാദിക്കാൻ പോലും സാധിച്ചില്ലെന്നും പറഞ്ഞു. ഐസിടിക്ക് അന്താരാഷ്ട്ര സ്വഭാവമില്ല, അത് ഒരു തരത്തിലും നിഷ്പക്ഷവുമല്ല എന്ന് പറഞ്ഞ അവർ, രാഷ്ട്രീയ എതിരാളികൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അക്രമങ്ങളെ അവഗണിച്ച് ട്രിബ്യൂണൽ അവാമി ലീഗ് അംഗങ്ങളെ മാത്രം വിചാരണ ചെയ്തുവെന്നും ആരോപിച്ചു. ലോകത്തിലെ ഒരു യഥാർഥ നിയമജ്ഞനും ബംഗ്ലാദേശ് ഐസിടിയെ അംഗീകരിക്കില്ല എന്ന് വിധി തള്ളിക്കളഞ്ഞുകൊണ്ട് ഹസീന പറഞ്ഞു.

ബംഗ്ലാദേശിലെ അവസാനമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ നീക്കം ചെയ്യാനും അവാമി ലീഗിനെ ഒരു രാഷ്ട്രീയ ശക്തിയല്ലാതാക്കാനുമാണ് കോടതിയെ ഉപയോഗിക്കുന്നതെന്നും അവർ ആരോപിച്ചു. ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായും ഭീകരവാദ ശക്തികളുടെ പിന്തുണയോടെയും അധികാരം പിടിച്ചെടുത്തുവെന്നും അവർ പറ‍ഞ്ഞു. യൂനിസിന്റെ ഭരണത്തിൻ കീഴിൽ വിദ്യാർഥികൾ, വസ്ത്രനിർമ്മാണ തൊഴിലാളികൾ, ഡോക്ടർമാർ, അധ്യാപകർ എന്നിവരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയിൽ അടിച്ചമർത്തി എന്നും അവർ അവകാശപ്പെട്ടു. സമാധാനപരമായി പ്രകടനം നടത്തിയവരെ വെടിവെച്ച് കൊന്നുവെന്നും മാധ്യമപ്രവർത്തകർ പീഡനവും ഉപദ്രവവും നേരിട്ടുവെന്നും അവർ ആരോപിച്ചു.

യൂനുസിന്റെ സൈന്യം രാജ്യത്തുടനീളം പ്രതികാര ആക്രമണങ്ങൾക്ക് മേൽനോട്ടം വഹിച്ചുവെന്നും അവാമി ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും സ്വത്തുക്കളും നശിപ്പിച്ചുവെന്നും ഹസീന ആരോപിച്ചു. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ട്രിബ്യൂണലിന്റെ വാദങ്ങളോട് പ്രതികരിച്ച ഹസീന, ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലെ പ്രക്ഷോഭം ബംഗ്ലാദേശിന് ഒരു ദുരന്തമായിരുന്നു എന്ന് പറഞ്ഞു. എന്നാൽ, ആസൂത്രിതമായ കൊലപാതകങ്ങൾക്ക് താൻ നേതൃത്വം നൽകി എന്ന ആരോപണം അവർ തള്ളിക്കളഞ്ഞു. വ്യാപകമായ അക്രമങ്ങളുമായി തന്നെ ബന്ധിപ്പിക്കുന്ന വിശ്വസനീയമായ ഒരു തെളിവും പ്രോസിക്യൂട്ടർമാർ ഹാജരാക്കിയിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയിൽ വിചാരണ നേരിടാൻ തയ്യാറാണെന്ന് ഹസീന ആവർത്തിച്ചു. തെളിവുകൾ ന്യായമായി വിലയിരുത്താനും പരിശോധിക്കാനും കഴിയുന്ന ഒരു ശരിയായ ട്രിബ്യൂണലിൽ ആരോപകരെ നേരിടാൻ തനിക്ക് ഭയമില്ലെന്ന് അവർ വ്യക്തമാക്കി. ഐസിസി തന്നെ കുറ്റവിമുക്തയാക്കുമെന്ന് അവർക്കറിയാമെന്നും അതിനാലാണ് ഇടക്കാല ഭരണകൂടം അത്തരം ഒരു പരിശോധനയെ എതിർക്കുന്നതെന്നും അവർ ആരോപിച്ചു.

അക്രമത്തിന് പ്രേരിപ്പിക്കുക, പ്രതിഷേധക്കാരെ കൊല്ലാൻ ഉത്തരവിടുക, വ്യാപകമായ അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെടുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ഐസിടി ഷെയ്ഖ് ഹസീനയെ കുറ്റക്കാരിയായി കണ്ടെത്തി വധശിക്ഷ വിധിച്ചത്. മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാനും വധശിക്ഷ ലഭിച്ചു. മാപ്പുസാക്ഷിയായ മുൻ പോലീസ് മേധാവിക്ക് അഞ്ച് വർഷം തടവ് ശിക്ഷയും വിധിച്ചു. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വന്ന ഈ വിധി രാജ്യത്തെ രാഷ്ട്രീയ സംഘർഷങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.