
ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പ്രധാനമായും ലക്ഷ്യമിട്ടത് മധ്യസ്ഥ ചർച്ചകളിൽ ഹമാസിന്റെ പ്രധാന മുഖമായിരുന്ന ഖലീൽ അൽ ഹയ്യയെയാണെന്ന് സൂചന. അതേസമയം, ആക്രമണത്തിൽ തങ്ങളുടെ അഞ്ച് അംഗങ്ങളും ഒരു ഖത്തർ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടുവെന്ന് ഹമാസ് സമ്മതിച്ചു. എന്നാൽ, തങ്ങളുടെ ചർച്ചാസംഘത്തെയോ മുതിർന്ന നേതാക്കളെയോ ഇല്ലാതാക്കാൻ ഇസ്രയേലിന് സാധിച്ചിട്ടില്ലെന്നും ഹമാസ് പറഞ്ഞു.
ഇതിനിടെ, ചൊവ്വാഴ്ച്ച ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവന്നു. അൽ ഹയ്യയുടെ ഓഫീസ് ഡയറക്ടർ ജിഹാദ് ലബാദ്, അൽ ഹയ്യയുടെ മകൻ ഹുമാം അൽ ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുൾ വാഹിദ്, മുഅ്മീൻ ഹസ്സൂന, അഹമ്മദ് അൽ മംലൂക്ക് എന്നിവരാണ് കൊല്ലപ്പെട്ട ഹമാസുകാർ. ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ അംഗമായ കോർപ്പറൽ ബദർ സാദ് മുഹമ്മദ് അൽ ഹുസൈദി അൽ ദോസരിയാണ് കൊല്ലപ്പെട്ട ആറാമത്തെയാൾ.
ഹമാസിന്റെ പ്രവാസി മുഖമായാണ് ഖലീൽ അൽ ഹയ്യ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ടെഹ്റാനിൽവെച്ച് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ, ഗാസയിൽ വെച്ച് യഹ്യ സിൻവാർ, സൈനിക കമാൻഡർ മുഹമ്മദ് ദെയ്ഫ് എന്നിവർ കൊല്ലപ്പെട്ടതോടെയാണ് അൽ ഹയ്യയുടെ പ്രാധാന്യം വർധിച്ചത്. ഹനിയ്യയുടെ മരണശേഷം ഗാസയുടെ ചുമതലയേറ്റ സിൻവാർ 2024-ൽ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ, ഹമാസ് നേതൃത്വത്തെ നയിക്കുന്ന അഞ്ച് നേതാക്കളിൽ ഒരാളായി ഖലീൽ അൽ ഹയ്യ മാറി. 2024-ന്റെ അവസാനം രൂപീകരിച്ച അഞ്ചംഗ ഭരണസമിതിയാണ് നേതൃത്വ കൗൺസിൽ. 1960-ൽ ഗാസ മുനമ്പിൽ ജനിച്ച ഖലീൽ അൽ ഹയ്യ 1987-ൽ ഹമാസ് സ്ഥാപിതമായതു മുതൽ അതിന്റെ ഭാഗമാണ്. ഇസ്രയേൽ, ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള മധ്യസ്ഥ ചർച്ചകളുടെ പ്രധാന കേന്ദ്രമായി ഖത്തറിൽ പ്രവർത്തിച്ചുകൊണ്ട് നയതന്ത്രരംഗത്ത് ഖലീൽ അൽ ഹയ്യ പ്രാധാന്യം നേടി.
ഗാസയിലെ ഇസ്രയേൽ ഉപരോധത്തിന്റെ നിയന്ത്രണങ്ങളില്ലാതെ അയൽരാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യാനും ഹമാസിനെ ഏകോപിപ്പിക്കാനും ഖലീൽ അൽ ഹയ്യയ്ക്ക് സഹായിച്ചു. ഗാസയിൽ വെടിനിർത്തൽ കരാർ ഉറപ്പാക്കുന്നതിനായി ഇസ്രയേലുമായി നടത്തിയ മധ്യസ്ഥ ചർച്ചകളിൽ ഹമാസിന്റെ പ്രതിനിധി സംഘത്തെ നയിച്ചതും ഖലീൽ അൽ ഹയ്യയാണ്.
ഇസ്രയേൽ ആക്രമണങ്ങളുടെ ഫലമായി 2014-ലെ യുദ്ധത്തിൽ, ഖലീൽ അൽ ഹയ്യയുടെ മൂത്ത മകൻ ഒസാമയുടെ വീട് തകർന്ന് ഒസാമയും ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ ഒസാമയുടെ മറ്റൊരു മകൻ ഹുമാമും കൊല്ലപ്പെട്ടു.
ഹമാസിന്റെ മുഖ്യ സാമ്പത്തിക കാര്യസ്ഥനായി അറിയപ്പെടുന്ന സഹീർ ജബാറിനും ഇസ്രയേലിന്റെ ലക്ഷ്യമായിരുന്നു. 1993-ൽ ഇസ്രയേൽ ജബാറിനെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2011-ൽ തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായി മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് ജബാറിൻ രണ്ട് പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞു.
മോചനത്തിനുശേഷം, ജബാറിൻ ഹമാസിന്റെ പദവികളിൽ അതിവേഗം ഉയർന്നു. ഗ്രൂപ്പിന്റെ സാമ്പത്തിക ചുമതലയുടെ തലവനായി. വിപുലമായ നിക്ഷേപ-ധനസഹായ ശൃംഖലയെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു. നിലവിൽ ജബാറിൻ വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ തലവനും നേതൃത്വ കൗൺസിലിലെ അഞ്ച് അംഗങ്ങളിൽ ഒരാളുമാണ്.
നിലവിൽ ഹമാസിനെ നയിക്കുന്ന മുതിർന്ന നേതാക്കൾ ഖാലിദ് മിഷാൽ, ഇസ് അൽ ദിൻ അൽ ഹദ്ദാദ്, മുഹമ്മദ് ദർവിഷ്, നിസാർ ഔദല്ല എന്നിവരാണ്.
സിൻവാറിന്റെ മരണശേഷം ഗാസ മുനമ്പിലെ ഏറ്റവും മുതിർന്ന ഹമാസ് സൈനിക നേതാവാണ് അൽ ഹദ്ദാദ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായി ഇസ്രയേൽ അദ്ദേഹത്തെ കണക്കാക്കുന്നു. അറുപത്തെട്ടുകാരനായ ഖാലിദ് മിഷാൽ 1990-കൾ മുതൽ ഹമാസിന്റെ മുതിർന്ന രാഷ്ട്രീയ നേതാവാണ്. 1997-ൽ ജോർദാനിൽവെച്ച് ഇസ്രയേലി ഏജന്റുമാർ മാരകമായ രാസവസ്തു കുത്തിവയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മിഷാൽ ഇപ്പോൾ ഖത്തറിലാണ്. അഞ്ചംഗ നേതൃത്വ കൗൺസിലിൽ അംഗം.
നിസാർ ഔദല്ല ആദ്യകാല ഹമാസ് നേതാവാണ്. ഹമാസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്നു, കൂടാതെ സായുധ വിഭാഗത്തിലടക്കം പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിലെ ആക്രമണങ്ങൾക്ക് ശേഷം പരസ്യമായി സംസാരിക്കുകയോ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ല.
Content Highlights: Israel targeted Hamas leader Khalil al-Hayya in a Doha attack. ncluding al-Hayya`s son
Published: 10 Sept 2025, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented