വാഷിങ്ടണ്‍: ഇറാനിലെ തന്ത്രപ്രധാനമായ മൂന്ന് ആണവ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ യു.എസ് ഉപയോഗിച്ചത് പസഫിക് സമുദ്രത്തിലെ ഗ്വാം നാവികത്താവളം. പശ്ചിമ പസഫിക്കിലെ യു.എസിന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രമാണ് ഗ്വാമിലേത്. പസഫിക്കിലെ വളരെ ചെറിയൊരു ദ്വീപാണ് ഗ്വാം. ഈ ദ്വീപിലാണ് യു.എസിന്റെ ആന്‍ഡേഴ്‌സണ്‍ വ്യോമതാവളവും സ്ഥിതിചെയ്യുന്നത്.
ശനിയാഴ്ചയാണ് ആക്രമണത്തിന്റെ സൂചനകള്‍ നല്‍കി ബി2 സ്‌റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളെ ഗ്വാമിലേക്ക് മാറ്റിയത്. യു.എസിലെ മിസോറിയില്‍ നിന്നാണ് ഗ്വാമിലേക്ക് യുദ്ധവിമാനങ്ങളെ എത്തിച്ചത്. നേരിട്ട് യു.എസില്‍ നിന്ന് ആക്രമണത്തിന് പോകുന്നതിന് പകരം ഗ്വാമില്‍ നിന്നാകുമ്പോള്‍ പെട്ടെന്ന് ആക്രമണത്തിന് തീരുമാനമുണ്ടായാല്‍ അത് നടപ്പിലാക്കാന്‍ സാധിക്കും. ഇത് കണക്കിലെടുത്താണ് ഇറാനെതിരായ നീക്കത്തിന് ഗ്വാം തിരഞ്ഞെടുത്തത്.
ഗ്വാമില്‍ നിന്ന് 7500 കിലോമീറ്റര്‍ ആകാശദുരമകലെയാണ് ഇറാന്‍ സ്ഥിതിചെയ്യുന്നത്. നിറയെ ഇന്ധനവുമായി പരമാവധി ഒറ്റപ്പറക്കലിന് 11,000 കിലോമീറ്റര്‍ ദൂരമാണ് യു.എസിന്റെ ബി2 ബോംബറുകള്‍ക്ക് സഞ്ചരിക്കാനാകുക. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന കെ.സി-46 പെഗാസസ് എന്ന ടാങ്കര്‍ വിമാനത്തിന്റെ സഹായത്തോടെ അതിലും കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും. ഇത്തരം വിമാനങ്ങളുടെ സഹായത്തോടെ നിലത്തിറങ്ങാതെ ലോകത്തെവിടെ വേണമെങ്കിലും ഈ വിമാനത്തിന് പോകാനാകും.
എന്തുകൊണ്ട് ഗ്വാം
എന്തുകൊണ്ടാണ് ഗ്വാം തിരഞ്ഞെടുത്തത് എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാനെ ആക്രമിക്കാന്‍ യു.എസിന് ഗള്‍ഫ് മേഖലയില്‍ തന്നെ നിരവധി സൈനിക കേന്ദ്രങ്ങളുണ്ട്. അപ്പോള്‍ ആ താവളങ്ങള്‍ ഉപയോഗിക്കാമായിരുന്നില്ലെ എന്ന ചോദ്യം ന്യായമാണ്. എന്നാല്‍ നിലവില്‍ പശ്ചിമേഷ്യയിലുള്ള ഏത് യു.എസ് സൈനിക കേന്ദ്രങ്ങളും ഇറാന്റെ മിസൈല്‍ പരിധിക്കുള്ളില്‍ വരുന്നവയാണ്.
വിലപിടിച്ച ബോംബർ
ഗ്വാമാകട്ടെ ഇറാന് അപ്രാപ്യമായ ദൂരവും. ഒരു ബി2 സ്പിരിറ്റ് ബോംബര്‍ വിമാനത്തിന്റെ വില 210 കോടി ഡോളറാണ്. (ഏകദേശം ഇന്നത്തെ നിലയില്‍ 18182 കോടി ഇന്ത്യന്‍ രൂപ) ഇത്രയും വിലയേറിയ സൈനിക ആസ്തിയെ ഇറാന്റെ പ്രത്യാക്രമണത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതും ഗ്വാമിനെ കേന്ദ്രമാക്കി ആക്രമണം നടത്താനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.
യു.എസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഈ ദ്വീപ് രണ്ടാം ലോകമഹായുദ്ധ കാലത്ത് 1941 ല്‍ ജാപ്പനീസ് സൈന്യം പിടിച്ചെടുത്തിരുന്നു. പേള്‍ഹാര്‍ബര്‍ ആക്രമണം നടന്ന അന്നുതന്നെയാണ് ഈ ദ്വീപ് യു.എസിന്റെ പക്കല്‍ നിന്ന് ജാപ്പനീസ് സൈന്യം ദ്വീപ് പിടിച്ചെടുത്തത്. തുടര്‍ന്ന് 1944ല്‍ ദ്വീപിന്റെ നിയന്ത്രണം യു.എസ് തിരികെ പിടിച്ചു. പസഫിക് മേഖലയില്‍ യു.എസ് അപ്രമാധിത്വം നിലനിര്‍ത്താനും നിരവധി സൈനിക നീക്കങ്ങള്‍ക്കും നിര്‍ണായകമായ സൈനിക കേന്ദ്രമാണ് ഗ്വാം. നിലവില്‍ സൈനികരും അവരുടെ കുടുംബങ്ങളും വിരമിച്ച സൈനികരുമടങ്ങുന്ന ജനസമൂഹമാണ് ഇവിടെ അധികവും.
1898ലെ സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിന് ശേഷമാണ് ഈ ദ്വീപ് യു.എസിന്റെ അധീനതയിലാകുന്നത്. നിലവില്‍ ഈ സൈനിക കേന്ദ്രത്തില്‍ യു.എസിന്റെ ആണവായുധ ശേഷിയുള്ള അന്തര്‍വാഹിനികള്‍, ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ ആണവായുധങ്ങള്‍ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്.
Content Highlights: Guam`s strategic location facilitated the US attack on Iranian nuclear sites
Published: 22 Jun 2025, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented