വാഷിങ്ടൺ: സൈന്യത്തെ ഉപയോഗിച്ച് ഗ്രീൻലൻഡ് ദ്വീപ് ബലമായി പിടിച്ചെടുക്കുമെന്ന് ആവർത്തിച്ച് സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലൻഡിൽ തങ്ങൾ ചിലതൊക്കെ ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. റഷ്യയെയോ ചൈനയെയോ ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുടെയും റഷ്യയുടെയും വർധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ ലോകത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ നിയന്ത്രണം തങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും ട്രംപ് ആവർത്തിച്ചു.

To advertise here,

അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലൻഡിൽ ഞങ്ങൾ ചിലതൊക്കെ ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. എനിക്ക് ഒരു കരാറുണ്ടാക്കാൻ ആഗ്രഹമുണ്ട്, എളുപ്പവഴിയിൽ. പക്ഷേ, എളുപ്പവഴിയിൽ നടന്നില്ലെങ്കിൽ, ഞങ്ങൾ അത് കഠിനമായ രീതിയിൽ ചെയ്യും. - ഗ്രീൻലൻഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് മറുപടി നൽകി.

റഷ്യയും ചൈനയും ആർട്ടിക് മേഖലയിൽ സൈനിക പ്രവർത്തനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ, ദ്വീപിന്റെ നിയന്ത്രണം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നും ട്രംപ് പറഞ്ഞു. റഷ്യയെയോ ചൈനയെയോ ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ അനുവദിക്കില്ല. അത് നമ്മൾ ചെയ്തില്ലെങ്കിൽ അവർ ചെയ്യും. അതിനാൽ നമ്മൾ ഗ്രീൻലൻഡിൽ ചിലതൊക്കെ ചെയ്യും. ഒന്നുകിൽ നല്ല രീതിയിലായിരിക്കും അല്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുള്ള രീതിയിൽ- ട്രംപ് വ്യക്തമാക്കി.

താൻ ഡെന്മാർക്കിന്റെ ആരാധകനാണെന്നും വളരെ നല്ല രീതിയിലാണ് പെരുമാറിയതെന്നും ട്രംപ് വ്യക്തമാക്കി. 500 വർഷങ്ങൾക്ക് മുമ്പ് അവർ അവിടെ ഒരു ബോട്ട് ഇറക്കി എന്നതുകൊണ്ട് അവർക്ക് ആ ഭൂമി സ്വന്തമാണെന്ന് അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രീൻലൻഡിലെ താമസക്കാർക്ക് നേരിട്ട് പണം നൽകി ഡെൻമാർക്കിൽനിന്ന് വേർപെടാൻ പ്രേരിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് ഭരണകൂടം ചർച്ചകൾ നടത്തുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡെൻമാർക്കിൽനിന്ന് വേർപ്പെടുന്നതിനും അമേരിക്കയുമായി കൂടുതൽ അടുക്കുന്നതിനും ഗ്രീൻലൻഡുകാരെ പ്രേരിപ്പിക്കാൻ യുഎസ് ഉദ്യോഗസ്ഥർ ഒരുമിച്ചുള്ള പേയ്‌മെന്റുകൾ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. ഓരോ വ്യക്തിക്കും 10,000 ഡോളറിനും 100,000 ഡോളറിനും ഇടയിലുള്ള തുകയാണ്‌ ചർച്ചയായതെന്ന് ട്രംപിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ആവശ്യമെങ്കിൽ ഗ്രീൻലൻഡ് ബലമായി ഏറ്റെടുക്കുമെന്ന് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ഡെൻമാർക്കിന്റെ തീരങ്ങളിലെ റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കാരണം ഈ ആർട്ടിക് പ്രദേശം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്നാണ് ട്രംപിന്റെ വാദം. അതുകൊണ്ടുതന്നെ ഗ്രീൻലൻഡിനുമേൽ അധികാരം സ്ഥാപിക്കേണ്ടത് നിർണായകമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഡെൻമാർക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശവും നാറ്റോയുടെ ഭാഗവുമായ ഗ്രീൻലൻഡിനെ വാങ്ങാനാണ് ട്രംപ് ഭരണകൂടത്തിന്റെ ഉദ്ദേശ്യം എന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞിരുന്നു.

അതേസമയം ഡെൻമാർക്കിന്റെ അതിർത്തിയിലേക്ക് ആരെങ്കിലും അതിക്രമിച്ചു കടന്നാൽ അധികാരികളിൽ നിന്ന് ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ സൈനികർ ഉടൻ വെടിവെപ്പ് ആരംഭിക്കുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗ്രീൻലൻഡിന് മേലുള്ള ഏതൊരു യുഎസ് ആക്രമണവും നാറ്റോ സഖ്യത്തിന്റെയും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ സ്ഥാപിതമായ സുരക്ഷയുടെയും അവസാനമായിരിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ പറഞ്ഞു. അമേരിക്ക ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചും അതിനായുള്ള സൈനിക നടപടികളും ആലോചിക്കുന്നതിനിടെയാണ് ഡെൻമാർക്കിന്റെ മുന്നറിയിപ്പ്.