പാരിസ്: ജമ്മു-കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). സാമ്പത്തിക സഹായവും അത് സുഗമമായി കൈമാറ്റം ചെയ്യപ്പെടാനുള്ള സഹായവും ലഭിക്കാതെ ഭീകരവാദികള്‍ക്ക് ഇത്തരം ഒരു ആക്രമണം നടത്താനാവില്ലെന്ന് എഫ്എടിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ആവശ്യത്തിന് ബലംപകരുന്നതാണ് എഫ്എടിഎഫിന്റെ പുതിയ പ്രസ്താവന. 

To advertise here,

പഹല്‍ഗാം ഭീകരാക്രമണത്തെ സംബന്ധിച്ച എഫ്എടിഎഫിന്റെ പ്രസ്താവന അപൂര്‍വവും പ്രധാനപ്പെട്ടതുമാണ്. ഭീകരവാദസംഘങ്ങള്‍ക്ക് പാകിസ്താന്‍ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്നുണ്ട് എന്ന ഇന്ത്യയുടെ വാദം ശരിവെക്കുന്നതാണ് ഈ പ്രസ്താവന. ഇന്ത്യയില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളില്‍ നേരിട്ടല്ലാതെയുള്ള പാകിസ്താന്റെ പങ്ക് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ എഫ്എടിഎഫിന്റെ പ്രസ്താവന ഇന്ത്യക്ക് സഹായകമാകും.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെതന്നെ പാകിസ്താന് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കണമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയിലെ മിലാനില്‍ നടന്ന എഡിബിയുടെ വാര്‍ഷികയോഗത്തിലായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ എഡിബി ചീഫ് മസാതോ കംഡയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തത്. എന്നാല്‍, ഇന്ത്യയുടെ ആവശ്യംതള്ളിക്കൊണ്ട് എഡിബി വീണ്ടും പാകിസ്താന് ധനസഹായം അനുവദിച്ചിരുന്നു. 

ഇതേസമയത്ത് തന്നെയാണ്, പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യംകൂടി ഇന്ത്യ എഫ്എടിഎഫിന് മുന്നില്‍വെച്ചത്. പാകിസ്താന്‍ ഇത്തരം ധനസഹായങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്കായല്ല, മറിച്ച് ഭീകരവാദം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു ഇന്ത്യയുടെ വാദം. ഈ വാദത്തെ ശരിവെക്കുന്ന പ്രസ്താവനയാണ് ഇപ്പോള്‍ എഫ്എടിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. 

സന്നദ്ധ സംഘടനകളുടെ മറവിലും ഹവാലയായും ക്രിപ്‌റ്റോ കറന്‍സിയായും ഒക്കെ പാകിസ്താന്‍ ഭീകരവാദ സംഘങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട് എന്നാണ് ഇന്ത്യയുടെ വാദം. 2018 മുതല്‍ 2022 വരെയാണ് പാകിസ്താന്‍ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ 2022-നുശേഷവും പാകിസ്താന്‍ പണ്ടത്തെ നയം തന്നെയാണ് തുടരുന്നത് എന്നാണ് ഇന്ത്യയുടെ ആരോപണം. ഇതിനെ ശരിവെക്കുന്നതാണ് എഫ്എടിഎഫിന്റെ പുതിയ പ്രസ്താവന.

ഇന്ത്യയില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളുടെ പിന്നില്‍ പാകിസ്താന്റെ കൈകളുണ്ട് എന്ന് തെളിയിക്കുന്ന പല രേഖകളും കേന്ദ്രസര്‍ക്കാര്‍ എഫ്എടിഎഫിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. അതേസമയം,  പഠനങ്ങളുടെ അടിസ്ഥാനത്തില്‍, ഏതുവിധത്തിലാണ് ലോകത്ത് ഭീകരവാദസംഘങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് തങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് എഫ്എടിഎഫ് പ്രസിഡന്റ് എലിസ മഡ്‌റാസോ വ്യക്തമാക്കി.