വാഷിങ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്‌സ് ടേപ്പുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരുമുണ്ട് എന്ന ആരോപണത്തില്‍നിന്ന് പിന്‍വാങ്ങി സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് മസ്‌ക് പിന്‍വലിച്ചു. തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരേ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ച് മസ്‌ക് രംഗത്ത് വന്നിരുന്നു. അതില്‍ ഏറ്റവും ഗൗരവകരമായ വിഷയമായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ സെക്സ് ടേപ്പുമായി ബന്ധപ്പെട്ട ആരോപണം.
എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്‌സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. 'ബിഗ് ബോംബ്' എന്ന് വിശേഷിപ്പിച്ചാണ് മസ്‌ക് ഈ പോസ്റ്റ് എക്സില്‍ പങ്കുവെച്ചത്.
'വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്സ്റ്റീന്‍ ഫയലില്‍ ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകള്‍ എത്താത്തത്. ശുഭദിനം...' എന്നായിരുന്നു മസ്‌കിന്റെ പോസ്റ്റ്. 'ഈ പോസ്റ്റ് കുറിച്ച് വെച്ചോളൂ, ഭാവിയില്‍ സത്യം പുറത്തുവരികതന്നെചെയ്യും' എന്ന് മറ്റൊരു പോസ്റ്റില്‍ മസ്‌ക് കുറിച്ചു. പോസ്റ്റുകള്‍ വലിയ ചര്‍ച്ചയായതോടെ എക്സില്‍ നിന്നും ഇപ്പോള്‍ ഇവ നീക്കം ചെയ്തിരിക്കുകയാണ് മസ്‌ക്.
എന്നാല്‍ ഇതിനുപിന്നിലുള്ള കാരണം വ്യക്തമല്ല. അതേസമയം, സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മസ്‌ക് തന്റെ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്നും അഭ്യൂഹങ്ങളുണ്ട്.ട്രംപിനെതിരേ മസ്‌ക് രംഗത്ത് വന്നതോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയടക്കം ഈ വിഷയം ഏറ്റെടുത്തിരുന്നു. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും വിഷയത്തില്‍ അന്വേഷണം വേണമെന്ന് എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.
വിവാദ വെളിപ്പെടുത്തതിന് പിന്നാലെ ടംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്‌ക് പിന്തുണച്ചു. ജെ.ഡി. വാന്‍സിനെ പ്രസിഡന്റ് ആക്കണമെന്നും മസ്‌ക് പറഞ്ഞു. എക്സില്‍ ഒരു ഉപയോക്താവ് കുറിച്ച പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മസ്‌കിന്റെ പിന്തുണ. അതേസമയം, ഇലോണ്‍ മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയില്‍ പോകുമെന്നു കരുതുന്നില്ലെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞത്. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമര്‍ശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെ അടുത്തുനിര്‍ത്തിയായിരുന്നു പരാമര്‍ശം.
''മസ്‌കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെനല്ല ബന്ധമാണ്. ഇനി അതുണ്ടാകുമോ എന്ന് എനിക്കറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ് ബില്ലിന്റെ ഉള്ളടക്കവും പിന്നിലെ പ്രവര്‍ത്തനവും മസ്‌കിനറിയാം. പെട്ടെന്ന് അദ്ദേഹത്തിന് അത് പ്രശ്നമായിത്തീര്‍ന്നു,'' -ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ട്രംപ്‌സര്‍ക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്‌ക് രാജിവെച്ചത്. ട്രംപിന്റെ 'മനോഹരബില്‍' അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നായിരുന്നു ഈ ബില്ലിനെക്കുറിച്ചുള്ള മസ്‌കിന്റെ പ്രതികരണം.
ട്രംപ് കാണിച്ചത് നന്ദികേടെന്ന് മസ്‌ക് തിരിച്ചടിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചത് താന്‍ പിന്തുണച്ചത് കൊണ്ടാണെന്നും ഇല്ലായിരുന്നെങ്കില്‍ ട്രംപ് തോറ്റുപോയേനെ എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഇലോണ്‍ മസ്‌കിന് നല്‍കിയിരിക്കുന്ന സര്‍ക്കാര്‍ സബ്സിഡികളും കരാറുകളും റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം ഉടന്‍ തന്നെ ഡീ കമ്മീഷന്‍ ചെയ്യാന്‍ ആരംഭിക്കുമെന്ന് മസ്‌കും വെല്ലുവിളിച്ചു.
ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്‌റി എഡ്വേര്‍ഡ് എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട രേഖകളില്‍ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. വിചാരണ നേരിടാനിരിക്കെ 2019-ല്‍ ജെഫ്രി ജയിലില്‍വെച്ച് ആത്മഹത്യചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും കടത്തിക്കൊണ്ടുവന്ന് അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ഒളിത്താവളമായി ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപിനെ ഇയാള്‍ മാറ്റിയിരുന്നതായി യു.എസ്. വെര്‍ജിന്‍ ഐലന്‍ഡ്‌സ് അറ്റോര്‍ണി ജനറല്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറംലോകം അറിയാതിരിക്കാനും ഇവിടെയെത്തിക്കുന്ന യുവതികളും കുട്ടികളും രക്ഷപ്പെടാതിരിക്കാനും ഈ ദ്വീപ് എപ്സ്റ്റീനെയും കൂട്ടാളികളെയും സഹായിച്ചുവെന്നും വിചാരണവേളയില്‍ അറ്റോര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Elon Musk deletes X post claiming Donald Trump's name in Epstein Files
Published: 07 Jun 2025, 06:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented